
ന്യൂഡൽഹി: സി.എം.ആർ.എൽ - എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന പിണറായി വിജയന്റെ ആവശ്യത്തിൽ വാദം കേൾക്കാൻ അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി. ദസറ അവധി സമയത്ത് പ്രത്യേക ബെഞ്ച് ഹർജി പരിഗണിച്ചില്ലെങ്കിൽ 26ന് പിണറായി ഉൾപ്പെടെ നൽകിയ ഹർജി ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ, വീണ ടി, മുഹമ്മദ് റിയാസ്, ഹസൻ വാരിസ് എന്നിവരാണ് നിലവിൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ പിണറായിയുടെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ ചൂണ്ടിക്കാട്ടി. പിണറായി വിജയന് 82 വയസ്സ് ആയെന്നും അതിനാൽ ഇന്നുതന്നെ കേസ് പരിഗണിച്ച് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഇന്ന് എല്ലാ ബെഞ്ചുകളിലും കേസുകളുടെ ബാഹുല്യം ആണെന്നും, അതിനാൽ അടുത്ത ആഴ്ച പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഈ അപ്പീലുകളിൽ വാദം കേൾക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. മറ്റ് ജഡ്ജിമാരുടെ കൂടി സൗകര്യം കണക്കിലെടുത്ത് ഇത് സംബന്ധിച്ച തീരുമാനം എടുക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഥവാ അടുത്ത ആഴ്ച ഹർജി പരിഗണിച്ചില്ലെങ്കിൽ 26ന് പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
പിണറായിയുടെ ഹർജി ഫയൽ ചെയ്തത് പുലർച്ചെ 1.34 ന്
CMRL-എക്സലോജിക് ഇടപാടും ആയി ബന്ധപ്പെട്ട വിജിലൻസ് കേസിൽ കേരള ഹൈക്കോടതിയുടെ വിധി ഉണ്ടായത് വ്യാഴാഴ്ചയാണ്. ഇതിനെതിരെ വെള്ളിയാഴ്ച പുലർച്ചെ 1.34 ന് ആണ് പിണറായി വിജയൻ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ഇഡി കൈമാറിയ വിവരങ്ങൾ കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തമല്ല,
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാൻ ആകില്ല, സി.എം.ആർ.എല്ലിന് അനുകൂലമായി പ്രവർത്തിക്കുന്നതിനായി പണം ലഭിച്ചുവെന്നാണ് പറയുന്നത്. എന്നാൽ, എന്ത് ആനുകൂല്യമാണ് നൽകിയതെന്ന് വ്യക്തമാക്കുന്നില്ല. ആരാണ് ഈ ആനുകൂല്യം ആവശ്യപ്പെട്ടത്, എപ്പോഴാണ് അത് നൽകിയത്, ഏതെങ്കിലും പണമിടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് ഹർജിയിൽ പിണറായി വിജയനും, മറ്റ് ഹർജിക്കാരും മുന്നോട്ട് വയ്ക്കുന്ന പ്രധാന വാദങ്ങൾ.
പിണറായി വിജയനുവേണ്ടി ഹാജരാകാൻ ആദ്യം തീരുമാനിച്ചത് മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ ആയിരുന്നു. കപിൽ സിബൽ വിദേശത്ത് ആയതിനാൽ ആണ് ഇന്ന് സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ ഹാജർ ആയത്. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കായി സീനിയർ അഭിഭാഷകൻ എൻ ഹരിഹരൻ ആണ് ഹാജരായത്.
Published: 16 Oct 2026, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented