
കോഴിക്കോട്: കത്തിക്കുത്തേറ്റ് പരിക്കേറ്റ വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. കീർത്തനയെ ആക്രമിച്ച ഇവരുടെ ജീവിതപങ്കാളി പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജനീഷ് (38) പോലീസ് കസ്റ്റഡിയിലാണുള്ളത്.
കീർത്തനയുടെ രണ്ടാമത്തെ ജീവിതപങ്കാളിയാണ് ബസ് ഡ്രൈവറായ ജനീഷ്. രണ്ടുവർഷത്തോളമായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. എംഡിഎംഎം കേസിൽ കീർത്തന പിടിയിലാകുന്നതുവരെ ഇരുവരും ഒരുവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് കീർത്തന ജയിൽനിന്ന് ഇറങ്ങിയശേഷം രണ്ടുപേരും അകന്നു.
വീടുവിട്ടിറങ്ങിയതോടെ കീർത്തനയ്ക്കും ജനീഷിനുമിടയിലുള്ള പ്രശ്‌നങ്ങൾ കൂടുതൽ വഷളായി. കീർത്തനയ്ക്ക് പ്രദേശത്ത് സഹായത്തിനായി ഒരു ഗ്യാങ് ഉണ്ടെന്നും ഇവർ ജനീഷിനെ നിരന്തരം പിന്തുടർന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇതിൽ പ്രകോപിതനായാണ് ഇയാൾ കീർത്തനയെ ആക്രമിച്ചത് എന്നാണ് സൂചന.
കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നും എംഡിഎംഎ കേസുമായി ഇതിന് ബന്ധമില്ലെന്നും പ്രതി മൊഴി നൽകിയതായി വടകര സർക്കിൾ ഇൻസ്‌പെക്ടർ എ.കെ. സജീഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ലിവിങ് ടുഗെതർ പങ്കാളികളായിരുന്നു ഇരുവരും. എംഡിഎംഎ കേസിൽ ജാമ്യംകിട്ടിയതിനെ തുടർന്ന് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങുമ്പോഴായിരുന്നു കീർത്തനയെ പ്രതി ആക്രമിച്ചത്.
പ്രധാന റോഡിലേക്ക് എത്തുന്നതിന് രണ്ടുമീറ്റർ മാത്രം അകലെവെച്ച് ജനീഷ് ചാടിവീണ് കീർത്തനയെ കറിക്കത്തികൊണ്ട് കുത്തുകയായിരുന്നു. നിലവിളി കേട്ടാണ് സ്റ്റേഷനുള്ളിൽനിന്ന് പോലീസുകാർ ഓടിയെത്തിയത്. ഈ സമയം ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു കീർത്തന. ശരീരത്തിലാകെ അഞ്ച് കുത്തുകളേറ്റിട്ടുണ്ട്.
ഇതിൽ കഴുത്തിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് ഇൻസ്‌പെക്ടർ സജീഷ് പറഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി എത്തിയതായിരുന്നു.
ഈ സമയത്താണ് സ്റ്റേഷനിലെ വനിതാ സെല്ലിന് സമീപത്തുവെച്ച് ജനീഷ് ആക്രമിച്ചത്. പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപികമാരായ കാവ്യ, കീർത്തന, നീഷ്മ എന്നിവരടക്കം അഞ്ച് പേരാണ് ജൂലായ് മാസത്തിൽ വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായത്. ഇവർ ഇൻസ്റ്റഗ്രാം വഴി ലഹരി മാഫിയയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
ഈ കേസിൽ രണ്ടാം പ്രതിയായ കീർത്തനയ്ക്കും തുടർന്ന് മൂന്നാം പ്രതിയായ കാവ്യയ്ക്കും അടുത്തിടെ ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്.
എംഡിഎംഎ വിൽപനക്കാരുടെയും വാങ്ങുന്നവരുടെയും ഇടയിലുള്ള കണ്ണിയായാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് കേസ്. അറസ്റ്റിലായതിന് പിന്നാലെ കീർത്തന ഉൾപ്പടെയുള്ള പ്രതികളെ ജോലിയിൽനിന്ന് ബിആർസി പിരിച്ചുവിട്ടിരുന്നു.
Content Highlights: Keerthana, a suspect in the Vadakara MDMA case, is in critical condition after being stabbed by her partner, Janish, who is now in police custody. The attack occurred due to escalating personal issues between Keerthana and Janish, unrelated to the MDMA case, as confirmed by the police.
Published: 26 Sept 2026, 05:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented