കോഴിക്കോട്: കോഴിക്കോടിന്റെ ഗതാഗതക്കുരുക്കിന് കടിഞ്ഞാണിടാൻ മെട്രോ സ്വപ്നങ്ങൾക്ക് പുത്തൻ ഉണർവ് നൽകി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. കോഴിക്കോട് മെട്രോ യാഥാർഥ്യമാകുമെന്ന് മന്ത്രി നിയമസഭയ്ക്ക് ഉറപ്പുനൽകി. സഭയിൽ കോഴിക്കോട്ടെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള സബ്മിഷനുശേഷം കോഴിക്കോട് മെട്രോയെക്കുറിച്ചുള്ള കെ. ജയന്ത് എം.എൽ.എ.യുടെ ഉപചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

To advertise here,

''ഈ സർക്കാർ കോഴിക്കോട് മെട്രോ പദ്ധതിക്ക് തീർച്ചയായും തുടക്കം കുറിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ യോഗം ചേരും''- മന്ത്രി സഭയെ അറിയിച്ചു.

മെട്രോയുടെ ഭാവിയും പദ്ധതിയെക്കുറിച്ചും ചർച്ചചെയ്യാൻ നിയമസഭ പിരിഞ്ഞ ഉടനെ എം.എൽ.എ.മാരും എം.പി.മാരും പങ്കെടുക്കുന്ന യോഗം ചേരുമെന്നാണ് വിവരം.

''സഭയ്ക്ക് നൽകിയ വാക്കെന്നാൽ ജനങ്ങൾക്ക് നൽകിയ വാക്കെന്നാണർഥം. നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന പദ്ധതിക്ക് ജീവൻവെക്കു?മെന്ന കാര്യത്തിന് സംശയംവേണ്ടാ.''- കെ. ജയന്ത് മാതൃഭൂമിയോട് പറഞ്ഞു.

കുരുക്കഴിക്കുമെന്ന് മന്ത്രി

സംസ്ഥാനത്തെ നഗരങ്ങളിലെ ജങ്ഷനുകളിൽ നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് മന്ത്രി പി.കെ. ബഷീർ നിയമസഭയിൽ പറഞ്ഞു. കോഴിക്കോട് നഗരം നേരിടുന്ന ഗതാഗതക്കുരുക്കിനെക്കുറിച്ച് കെ. ജയന്ത് എം.എൽ.എ. നിയമസഭയിൽ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പുതിയ ഫ്‌ളൈഓവർ, ജങ്ഷൻ നവീകരണം, ബൈപ്പാസ് എന്നിവയെക്കുറിച്ച് പഠിക്കാൻ പൊതുമരാമത്ത് വകുപ്പ് വിരമിച്ച തിരഞ്ഞെടുപ്പ് കമ്മിഷണർ ഷാജഹാന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഈ സമതിയോട് രണ്ട് മാസത്തിനകം റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് പഠിച്ചശേഷം നടപടികളുണ്ടാകുമെന്ന് മന്ത്രി സഭയെ അറിയിച്ചു.

നഗരത്തിലൂടെ കടന്നുപോകുന്ന ഗാന്ധിറോഡ്-പനാത്ത് താഴം-സി.ഡബ്ല്യു.ആർ.ഡി.എം. റോഡ്, ചേവരമ്പലം റോഡ് പുതിയങ്ങാടി-മാനാഞ്ചിറ റോഡ്, വെള്ളിമാടുകുന്ന്-മാനാഞ്ചിറ റോഡ്, ബാലുശ്ശേരിയിൽ നിന്ന് കാരപ്പറമ്പിലേക്ക് വരുന്ന റോഡ് എന്നിവയുടെ വികസനത്തെക്കുറിച്ചും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനെക്കുറിച്ചുമാണ് എം.എൽ.എ. സഭയിൽ സംസാരിച്ചത്.

ഗാന്ധിറോഡ്-പനാത്ത്താഴം-സി.ഡെബ്ല്യു.ആർ.ഡി.എം. റോഡിന്റെ വികസനം സിറ്റിറോഡ് പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തിയാക്കുന്നതോടെ ബീച്ചിലേക്ക് ബന്ധിപ്പിക്കാനാകുമെന്നും രണ്ടാംഘട്ടം നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഗാന്ധിറോഡ്-പനാത്ത്താഴം-സി.ഡെബ്ല്യു.ആർ.ഡി.എം. റോഡ്, ചേവരമ്പലം റോഡ് എന്നിവ ദേശീയപാതയിൽ തടസ്സപ്പെടുന്നത് ഒഴിവാക്കാൻ തൊണ്ടയാട് നിന്ന് മലാപ്പറമ്പ് വരെ ദേശീയപാത ഉയർത്തണമെന്ന എം.എൽ.എ. സഭയിൽ ആവശ്യപ്പെട്ടു.

പൂർത്തിയായ ഈ ഭാഗം ഉയർത്തി നിർമ്മിക്കണമെങ്കിൽ ദേശീയപാത അതോറിറ്റിയുടെ സാധ്യതാ പഠനവും സാങ്കേതിക പരിശോധനയും അനുമതിയും ആവശ്യമാണെന്ന് മന്ത്രി സഭയെ അറിയിച്ചു.

ഇക്കാര്യം പൂർണമായും അവരുടെ വിവേചനാധികാരമാണെന്നും പറഞ്ഞു. പൂർത്തിയാകും മുമ്പ് ഉദ്ഘാടനം നടത്തിയ മലാപ്പറമ്പ്-വെള്ളിമാടുകുന്ന് റോഡിന്റെ നിർമാണത്തിൽ അപാകങ്ങളുണ്ടെന്നും. എം.എൽ.എ. തന്ന പരാതിയിൽ വകുപ്പ് പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.