നെയ്യാറ്റിന്‍കര: കുത്തിവയ്പിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാരേഖകള്‍ തിരുത്തിയെന്ന് ബന്ധുക്കളുടെ ആരോപണം. കൃഷ്ണയെ കുത്തിവയ്പിനെത്തുടര്‍ന്ന് ജൂലായ് 15-ന് ഉച്ചയ്ക്ക് 2.45-നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിനുശേഷം മെഡിക്കല്‍ രേഖകള്‍ തിരുത്തിയെന്ന് കൃഷ്ണയുടെ ഭര്‍ത്താവ് ശരത് ആരോപിച്ചു. ജനറല്‍ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്തതിനുശേഷം ഇ.സി.ജി. എടുത്തതായി എഴുതിച്ചേര്‍ത്തെന്നാണ് ആരോപണം. 

To advertise here,

കൃഷ്ണയ്ക്ക് പാന്‍ടോപ്പ് 40-യുടെ കുത്തിവയ്പ് മാത്രമാണ് നല്‍കിയതെന്നാണ് ജനറല്‍ ആശുപത്രിക്കാര്‍ നല്‍കിയ കുറിപ്പിലുള്ളത്. എന്നാല്‍, മെഡിക്കല്‍ രേഖകളില്‍ മറ്റുകുത്തിവയ്പുകള്‍ നല്‍കിയെന്നുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കൃഷ്ണയുടെ ചികിത്സാരേഖകള്‍ നല്‍കണമെന്നും ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ നടപടി എടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവ് ലാബില്‍ പോയ സമയത്ത് നല്‍കിയ ട്രിപ്പും ഇഞ്ചക്ഷനുമാണ് അപകടകരമായതെന്ന് പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ് കൃഷ്ണ അബോധാവസ്ഥയിലായതെന്നാണ് പരാതിയില്‍ പറയുന്നത്. തൈക്കാട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൃഷ്ണ തങ്കപ്പനെ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് 15-ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ റെക്കോഡ് കൊണ്ടുപോയി

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കൃഷ്ണ തങ്കപ്പന്റെ ചികിത്സാരേഖകള്‍ ആരോഗ്യവകുപ്പ് ആസ്ഥാനത്തേക്കു കൊണ്ടുപോയി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സുജ ജനറല്‍ ആശുപത്രിയിലെത്തിയാണ് രേഖകള്‍ കൊണ്ടുപോയത്. ചികിത്സപ്പിഴവിന് ഡോ. വിനുവിനെതിരേ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ സൂക്ഷിക്കേണ്ട മെഡിക്കല്‍ റെക്കോഡ് ആരോഗ്യവകുപ്പ് ആസ്ഥാനത്ത് എത്തിച്ചത് ചികിത്സിച്ച ഡോക്ടറെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ഉയരുകയാണ്.

അതിനിടെ കൃഷ്ണ തങ്കപ്പനു ചികിത്സപ്പിഴവുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ ആശുപത്രി സൂപ്രണ്ടിനോടു നിര്‍ദേശിച്ചു.

മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം

തിരുവനന്തപുരം: കൃഷ്ണ തങ്കപ്പന്റെ മരണവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര താലൂക്കാശുപത്രി അധികൃതര്‍ വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം. ഇവര്‍ക്കെതിരേ നടപടിയെടുക്കാതെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ലെന്ന് ബന്ധുക്കള്‍ നിലപാടെടുത്തു. ഒരു പകല്‍ മുഴുവന്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ സബ് കളക്ടര്‍ ഉള്‍പ്പെടെ എത്തി ചര്‍ച്ച നടത്തിയശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവന്നപ്പോഴാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.

ചികിത്സാരേഖകള്‍ കാണണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇതിന്റെ പകര്‍പ്പുകള്‍ അധികൃതര്‍ കൈമാറി. എന്നാല്‍, രേഖകളില്‍ കൃത്രിമം നടന്നതായി ഇവയുടെ പരിശോധനയില്‍ ബോധ്യപ്പെട്ടതായി അവര്‍ പറഞ്ഞു. പതിനഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കൃഷ്ണയെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്നത്. എന്നാല്‍, രേഖകളില്‍ ഇതേ ദിവസം ഉച്ചയ്ക്ക് മൂന്നുമണിക്കുശേഷം കൃഷ്ണയ്ക്ക് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തിയതായാണ്. കൂടാതെ കൃഷ്ണയുടെ ഭര്‍ത്താവ് ശരത്തിന്റെ ഒപ്പുകള്‍ വ്യാജമായി പലയിടത്തും ചേര്‍ത്തതായും കണ്ടു. മെഡിക്കല്‍ കോളേജിലേക്ക് തിരിക്കും മുന്‍പ് ശരത്തിന്റെ ഒപ്പ് വെള്ളപ്പേപ്പറില്‍ വാങ്ങിയതായും ആരോപണമുണ്ട്.

നെയ്യാറ്റിന്‍കരയില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കെതിരേയും, വ്യാജരേഖ ചമച്ചവര്‍ക്കെതിരേയും നടപടി എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ് ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയത്. യുവജനക്കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍.വി.രാജേഷിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്നു. ചികിത്സപ്പിഴവില്‍ ബന്ധുക്കളുടെ മൊഴി എടുക്കുന്നതിടയില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ മെഡിക്കല്‍ ബോര്‍ഡ് കൂടിയശേഷം ചികിത്സപ്പിഴവില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. വ്യാജരേഖ ചമച്ചു എന്ന ആരോപണവും അന്വേഷിക്കും.

സാമ്പത്തികാവസ്ഥ മോശമാണെന്ന് പറഞ്ഞപ്പോഴാണ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചത്. മെഡിക്കല്‍ കോളേജിലും രണ്ടുലക്ഷം രൂപയ്ക്കടുത്ത് ചെലവായി. പലിശയ്‌ക്കെടുത്താണ് പണം നല്‍കിയത്. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ വളരേ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. രാവിലെ സ്ഥലത്തെത്തിയ ഐ.ബി. സതീഷ് എം. എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളോടും ബന്ധുക്കള്‍ രൂക്ഷമായാണ് പ്രതികരിച്ചത്.

അമ്മയെ അന്വേഷിച്ച് കുഞ്ഞ് ഋതിക

മലയിന്‍കീഴ്: ആള്‍ത്തിരക്കിനിടയില്‍ മൂന്നുവയസ്സുകാരി കുഞ്ഞു ഋതിക അമ്മയെ തിരക്കുകയാണ്. കൂടെ കളിക്കാന്‍ കുട്ടികളുണ്ടെങ്കിലും കഴിഞ്ഞ ഏഴുദിവസമായി അമ്മയെ കാണാതെ വിഷമിക്കുകയാണ് കുട്ടിയെന്ന് അപ്പൂപ്പന്‍ ശശികുമാര്‍ പറഞ്ഞു.

മലയിന്‍കീഴ് മണപ്പുറം കുണ്ടൂര്‍ക്കോണം അമ്പറത്തലയ്ക്കല്‍ ശരത് ഭവനില്‍ ശരത്തിന്റെയും കൃഷ്ണയുടെയും മകളാണ് ഋതിക.

നാലുവര്‍ഷം മുന്‍പായിരുന്നു ശരത്തിന്റെയും കൃഷ്ണയുടെയും വിവാഹം. ബി.കോം ബിരുദധാരിയാണ് കൃഷ്ണ. മകളെ നഴ്സറിയിലാക്കിയശേഷം പി.എസ്.സി. പരിശീലനത്തിനു പോകാനിരിക്കുകയായിരുന്നു. ഇതിനിടയില്‍ പലയിടത്തേക്കും അപേക്ഷ അയച്ചു. ചൊവ്വാഴ്ച ആശുപത്രിയില്‍ കഴിയുമ്പോള്‍ സ്വകാര്യ ബാങ്കില്‍ നിന്നും ജോലിക്കുള്ള അഭിമുഖത്തിനായി ശരത്തിന്റെ ഫോണില്‍ വിളിവന്നിരുന്നു. കൃഷ്ണ ആശുപത്രിയിലാണെന്ന് മറുപടി നല്‍കിയെന്ന് ശരത് പറഞ്ഞു.