പേരാമംഗലം: കൈപ്പറമ്പ് പഞ്ചായത്തിന്റെ കേരളോത്സവവേദിയിൽ ഉദ്ഘാടനത്തെച്ചൊല്ലി സംഘർഷം. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റും അടാട്ട് പഞ്ചായത്ത് അംഗവുമായ അനിൽ അക്കരയെ കൈപ്പറമ്പ് പഞ്ചായത്തിലെ എൽ.ഡി.എഫ്. അംഗങ്ങളുടെ നേതൃത്വത്തിൽ വേദിയിൽ തടഞ്ഞതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. 

To advertise here,

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പേരാമംഗലം ശ്രീദുർഗവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ വേദിയിലായിരുന്നു സമാപനസമ്മേളനം. പരിപാടി ആരംഭിച്ചതോടെ അനിൽ അക്കരയെക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്യിക്കില്ലെന്ന് നിലപാടെടുത്ത് എൽ.ഡി.എഫിന്റെ പഞ്ചായത്ത് അംഗങ്ങൾ വേദിയിൽ ഫ്‌ലെക്‌സ് ഉയർത്തി പ്രതിഷേധം ആരംഭിച്ചു. തുടർന്ന് സി.പി.എം പ്രവർത്തകരും വേദിയിലേക്ക് കയറിയതോടെ സംഘർഷം രൂക്ഷമായി. പഞ്ചായത്ത് കമ്മിറ്റി കൂടാതെയാണ് അനിൽ അക്കരയെ ഉദ്ഘാടകനായി തീരുമാനിച്ചത് എന്നാരോപിച്ചാണ് എൽ.ഡി.എഫ്. പ്രതിഷേധിച്ചത്. അനിൽ അക്കരയെ ഉദ്ഘാടകൻ ആക്കിയത് പ്രോട്ടോക്കോൾ ലംഘനമാണെന്നും എൽ.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു.

എന്നാൽ, പരിപാടി ഉദ്ഘാടനം ചെയ്യാതെ പിന്മാറില്ലെന്ന് അനിൽ അക്കര നിലപാടെടുത്തതോടെ തർക്കം രൂക്ഷമായി. പിന്നീട് പേരാമംഗലം പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും വിളിച്ച് ചർച്ച നടത്തിയെങ്കിലും ചർച്ച അലസി. തുടർന്ന് എ.സി.പി. ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി എൽ.ഡി.എഫ്. അംഗങ്ങളെ അറസ്റ്റുചെയ്ത് കൊണ്ടുപോയതോടെയാണ് സംഘർഷം അവസാനിച്ചത്.

എൽ.ഡി.എഫ്. അംഗങ്ങളായ പി.ബി. ബിനോയ്, ടി.എം. ദീപക്, എം.വി. രാമചന്ദ്രൻ, സൗമ്യ ശോഭൻലാൽ, അഖിലാ പ്രസാദ്, ജിതാ കൃഷ്ണൻ എന്നിവരെയാണ് പേരാമംഗലം പോലീസ് അറസ്റ്റുചെയ്തത്. തുടർന്ന് അനിൽ അക്കര പരിപാടി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ്. അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം പേരാമംഗലം സെന്ററിൽ പ്രതിഷേധപ്രകടനം നടത്തി.