കൊല്ലം: രണ്ടു വർഷത്തിനിടെ ട്രെയിൻയാത്രയിൽ മറന്നുവെച്ചതും നഷ്ടപ്പെട്ടതുമായ 12.54 കോടി രൂപ മൂല്യമുള്ള സാധനങ്ങൾ ഉടമകൾക്കു കൈമാറി റെയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.). തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 2025-ലും 2026-ൽ ലഭ്യമായ കണക്കുകളും പ്രകാരം 2,109 ഇനങ്ങളാണ് തിരികെ നൽകിയത്.
ട്രെയിനിൽ യാത്രക്കാർ മറന്നുവെക്കുന്ന ലഗേജും വിലപിടിപ്പുള്ള സാധനങ്ങളും വിവരം ലഭിക്കുന്ന മുറയ്ക്ക് വീണ്ടെടുത്ത് ഉടമകൾക്കു കൈമാറുകയാണ് ആർ.പി.എഫിന്റെ നടപടിക്രമമെന്ന് തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫ് ‘മാതൃഭൂമി’യോടു പറഞ്ഞു.
സാധനങ്ങൾ മറന്നുവെച്ചതായി പരാതി ലഭിച്ചാൽ, ട്രെയിൻ ഏതു സ്ഥലത്താണെന്നു കണ്ടെത്തി അവിടത്തെ ആർ.പി.എഫിന് വിവരം കൈമാറും. യാത്രക്കാർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കോച്ചിലും സീറ്റിലും പരിശോധന നടത്തിയാണ് സാധനങ്ങൾ കണ്ടെത്തുന്നത്.
സ്വർണാഭരണങ്ങൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, പണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയാണ് പ്രധാനമായും വീണ്ടെടുക്കുന്നത്. യാത്രയ്ക്കിടെ ലഗേജ് നഷ്ടപ്പെട്ടാലുടൻ റെയിൽവേ അധികൃതരെയോ ആർ.പി.എഫിനെയോ സമീപിക്കണമെന്നും പരാതി നൽകുമ്പോൾ ട്രെയിൻ നമ്പർ, കോച്ച്, സീറ്റ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്നും അധികൃതർ നിർദേശിക്കുന്നു.
മറന്നവയിൽ സിനിമ ഫുട്ടേജും; മൂല്യം മൂന്നുകോടിയോളം
ട്രെയിനിൽ മറന്നുവെച്ച സാധനങ്ങളുടെ കൂട്ടത്തിൽ, ഒരു സിനിമയുടെ ചിത്രീകരണദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കും ഉണ്ടായിരുന്നു. ഇതിന് ഏകദേശം മൂന്നുകോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്.
*ട്രെയിൻയാത്രയ്ക്കിടെ ലഗേജോ വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടപ്പെട്ടാൽ റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറായ 139-ലോ റെയിൽ മദാദ് ആപ്പ്, പോർട്ടൽ എന്നിവ വഴിയോ പരാതി നൽകാം.
*ട്രെയിൻ നമ്പർ, കോച്ച്, ബെർത്ത് നമ്പർ, ബാഗിന്റെ നിറം, വലിപ്പം തുടങ്ങിയ വിവരങ്ങൾ നൽകണം. പണമോ സ്വർണമോ അടങ്ങിയ ബാഗുകൾ കണ്ടെത്തിയാൽ സ്വതന്ത്രസാക്ഷികളുടെ സാന്നിധ്യത്തിൽ പട്ടിക തയ്യാറാക്കും.
* നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ഐ.എം.ഇ.ഐ. നമ്പർ ഉപയോഗിച്ച് സി.ഇ.ഐ.ആർ. പോർട്ടൽ വഴിയും റിപ്പോർട്ട് ചെയ്യാം.
*തിരിച്ചറിയൽ രേഖകളും ടിക്കറ്റ് വിവരങ്ങളും ഹാജരാക്കി സാധനങ്ങൾ കൈപ്പറ്റാം. നേരിട്ടെത്താൻ കഴിയാത്തവർക്ക് അധികാരപത്രം നൽകി ബന്ധുക്കൾ മുഖേനയും വീണ്ടെടുക്കാം. സാധനങ്ങൾ കൈപ്പറ്റുന്നതിന് പിഴയീടാക്കില്ല.
Content Highlights: Over the past two years, the Railway Protection Force (RPF) returned items worth ₹12.54 crore, forgotten or lost during train journeys, to their owners in the Thiruvananthapuram and Palakkad divisions. The RPF retrieves and returns valuable items like gold jewelry, laptops, mobile phones, and cash based on passenger reports, emphasizing the importance of providing train number, coach, and seat details. Among the recovered items was a hard disk containing film footage valued at approximately ₹3 crore, highlighting the diverse nature of lost items.
Published: 09 Nov 2026, 10:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented