
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വയറുവേദനയ്ക്കു കുത്തിവയ്‌പെടുത്തതിനെത്തുടര്‍ന്ന് ആറുദിവസമായി അബോധാവസ്ഥയിലായിരുന്ന യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. മലയിന്‍കീഴ് മച്ചേല്‍ അമ്പറത്തലയ്ക്കല്‍ കുണ്ടൂര്‍ക്കോണം ശരത് ഭവനില്‍ ശരത്തിന്റെ ഭാര്യ കൃഷ്ണ തങ്കപ്പനാ(28)ണ് മരിച്ചത്. ചികിത്സപ്പിഴവാണ് കൃഷ്ണയുടെ മരണകാരണമെന്നാരോപിച്ച ബന്ധുക്കള്‍ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യു.വിലായിരുന്ന കൃഷ്ണ തങ്കപ്പന്‍ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയപ്പോള്‍, ആശുപത്രി അധികൃതരുടെ വീഴ്ച മറച്ചുവയ്ക്കാന്‍ ചികിത്സാരേഖകള്‍ തിരുത്തിയെന്നാരോപിച്ച് ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തടഞ്ഞു. തുടര്‍ന്ന് സബ് കളക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ് ആശുപത്രിയിലെത്തി ബന്ധുക്കളുമായി സംസാരിച്ചു.
മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന ഉറപ്പിന്‍മേലാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായത്. ഡോക്ടര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പിന്നീട് മൃതദേഹവുമായി കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
വൃക്കയില്‍ കല്ലുണ്ടായതിനെത്തുടര്‍ന്നുള്ള വയറുവേദനയുമായാണ് കൃഷ്ണ തങ്കപ്പനെ കഴിഞ്ഞ 15-ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. സര്‍ജറി വിഭാഗത്തിലെ ഡോ. വിനുവാണ് കൃഷ്ണയെ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. രാവിലെ 11 മണിയോടെ കുത്തിവയ്പ് നല്‍കി. തുടര്‍ന്ന് കൃഷ്ണയ്ക്കു ശ്വാസംമുട്ട് അനുഭവപ്പെടുകയും ശരീരത്തിന്റെ നിറംമാറുകയും ചെയ്തു. ആശുപത്രി അധികൃതര്‍ ആംബുലന്‍സില്‍ കൃഷ്ണയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കൃഷ്ണയ്ക്ക് അലര്‍ജിയും ആസ്തമയ്ക്ക് ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നതായും ഡോക്ടറോടു പറഞ്ഞിരുന്നു. എന്നാല്‍ അലര്‍ജി ടെസ്റ്റ് നടത്താതെയാണ് കൃഷ്ണയ്ക്ക് കുത്തിവയ്പ് നല്‍ കിയതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ബന്ധുക്കളോടു വ്യക്തമാക്കിയത് ഡ്രഗ് അലര്‍ജിയെന്നാണ്.
കഴിഞ്ഞ ആറുദിവസവും ഐ.സി.യു.വില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഡോ. വിനുവിനെതിരേ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. കൃഷ്ണയുടെ ഭര്‍ത്താവ് ശരത് വെല്‍ഡിങ് തൊഴിലാളിയാണ്.
ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഋഥിക ശരത് എന്ന മകളുണ്ട്. തങ്കപ്പന്റെയും സിന്ധുവിന്റെയും മകളാണ് കൃഷ്ണ. വിഷ്ണു, ജിഷ്ണു എന്നിവര്‍ സഹോദരങ്ങളാണ്. ഞായറാഴ്ച രാത്രി 12 മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
യുവതി മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.
മൃതദേഹവുമായി ദേശീയപാത ഉപരോധം
നെയ്യാറ്റിന്‍കര: ചികിത്സപ്പിഴവിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരേ നടപടിയും നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെട്ടും മൃതദേഹവുമായി ജനറല്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധം. സമരം രാത്രിയിലും തുടര്‍ന്നിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് മൃതദേഹവുമായി ദേശീയപാതയില്‍ ആലുംമൂട് കവല ഉപരോധിച്ചു.
മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത കൃഷ്ണ തങ്കപ്പന്റെ മൃതദേഹവുമായാണ് ഭര്‍ത്താവ് ശരത് ഉള്‍പ്പെടെയുള്ള ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാനെത്തിയത്. ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ്, ബി.ജെ.പി. പ്രവര്‍ത്തകരും പ്രതിഷേധിക്കാനെത്തിയതോടെ പോലീസ് ഇവരെ ആശുപത്രിയുടെ ഗേറ്റുകള്‍ അടച്ചിട്ട് തടഞ്ഞു.
തുടര്‍ന്ന് മൃതദേഹവുമായി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം രാത്രിയിലും നീണ്ടതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും തടസ്സപ്പെട്ടു. പ്രതിഷേധം തുടര്‍ന്നതിനാല്‍ അഡീഷണല്‍ തഹസില്‍ദാര്‍ എ.എസ്.ശ്രീകല സ്ഥലത്തെത്തി സമരക്കാരുമായും വീട്ടുകാരുമായും ചര്‍ച്ച നടത്തി. കൂടുതല്‍ ആള്‍ക്കാരെത്തി സമരം തുടര്‍ന്നതോടെ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എസ്.ഷാജി, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ജയകുമാര്‍ എന്നിവരുമെത്തി കൂടുതല്‍ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചു.
എന്നാല്‍, ഉന്നതാധികാരികളെത്തി ഉറപ്പുനല്‍കാതെ സമരത്തില്‍നിന്നു പിന്‍മാറില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. മാത്രമല്ല, സമരം ദേശീയപാതയിലേക്കു പ്രതിഷേധക്കാര്‍ മാറ്റി. അതിനിടെ ആംബുലന്‍സിലായിരുന്ന മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയിലേക്കു മാറ്റിയശേഷം പ്രകടനമായി ദേശീയപാതയില്‍ ആലുംമൂട് കവല ഉപരോധിച്ചു.
കോണ്‍ഗ്രസ് നേതാക്കളായ മലയിന്‍കീഴ് വേണുഗോപാല്‍, രാജേഷ്, മാരായമുട്ടം സുരേഷ്, കെ.വിനോദ്സെന്‍, ബി.ജെ.പി. നേതാക്കളായ മുക്കംപാലമൂട് ബിജു, മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
സമഗ്ര അന്വേഷണം വേണമെന്ന് ഐ.എം.എ.
യുവതി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഐ.എം.എ. സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ രോഗിക്ക് ആവശ്യമായ ചികിത്സ നല്‍കുകയും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള വീഴ്ചയും കാണുന്നില്ല. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരേ പരാതി ഉയരുന്ന സാഹചര്യങ്ങളില്‍ പോലീസ് എഫ്.ഐ.ആര്‍. ഇടുന്നത് സ്വാഭാവികമാണ്. സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ധ സമിതി അന്വേഷിച്ചതിന് ശേഷമാണ് വീഴ്ച തീരുമാനിക്കുക.
എന്നാല്‍ സാമൂഹികമാധ്യമങ്ങളിലും അല്ലാതെയും ഡോക്ടര്‍ക്കെതിരേ വ്യക്തിഹത്യ നടത്തുന്നതില്‍ ബോധവത്കരണം വേണം. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പിലെയും ആഭ്യന്തരവകുപ്പിലെയും അധികൃതരെ കണ്ട് പ്രതിഷേധം അറിയിക്കുമെന്നും ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവനും സെക്രട്ടറി ഡോ. കെ.ശശിധരനും പത്രക്കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവും -കെ.ജി.എം.ഒ.എ.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സപ്പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണെന്ന് കെ.ജി.എം.ഒ.എ. ജില്ലാ ഘടകം.
ഉദരസംബന്ധമായ അസുഖങ്ങള്‍ക്കു സാധാരണഗതിയില്‍ നല്‍കുന്ന മരുന്നു മാത്രമാണ് രോഗിക്കു നല്‍കിയിട്ടുള്ളത്. അലര്‍ജിയാണ് രോഗിക്കുണ്ടായത്. ഇതിനെ ചികിത്സപ്പിഴവായി വ്യാഖ്യാനിക്കാനാകില്ല.
ഡോക്ടറുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഭാഗത്ത് പിഴവുകളില്ല. ഡോക്ടറുടെ പേരടക്കം പരാമര്‍ശിച്ചുകൊണ്ടുവരുന്ന വാര്‍ത്തകള്‍ നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. അന്വേഷണത്തിലൂടെ സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണമെന്ന് സംഘടന പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Content Highlights: neyyatinkara woman dies after taking injection from hospital
Published: 22 Jul 2024, 07:27 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented