രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കൂട്ടായ്മയാണ് മോദിസര്ക്കാരിനെ സമാനതകളില്ലാത്ത വിധം പിടിച്ചുകുലുക്കിയത്

ഒടുവിൽ രാജ്യത്തെ യുവത്വത്തിന്റെ മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. 22 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി ചോദ്യചിഹ്നത്തിലാക്കിയതിന്റെ പാപഭാരവുമായാണ് പ്രധാൻ പടിയിറങ്ങുന്നത്. നരേന്ദ്രമോദിയുടെ കഴിഞ്ഞ 12 വർഷത്തെ ഭരണകാലത്ത് ഇതാദ്യമായാണ് ജനകീയ പ്രതിഷേധങ്ങൾക്ക് വഴങ്ങി ഒരു കേന്ദ്രമന്ത്രിക്ക് പുറത്തുപോകേണ്ടി വരുന്നത്. മന്ത്രിയെ പുറത്താക്കാനായി തെരുവിലിറങ്ങിയത് വിദ്യാർഥികളാണ്. കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്ന ഓൺലൈൻ കൂട്ടായ്മയുടെ കുടക്കീഴിൽ തലസ്ഥാനത്തേക്ക് പാറ്റകളെ പോലെ അവർ അരിച്ചെത്തിയപ്പോൾ അതിന് മുന്നിൽ മുട്ടുമടക്കുകയല്ലാതെ കേന്ദ്രസർക്കാരിനും ധർമേന്ദ്ര പ്രധാനും മറ്റ് വഴിയില്ലാതെ വന്നു.
കേവലം രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കൂട്ടായ്മയാണ് മോദിസർക്കാരിനെ സമാനതകളില്ലാത്ത വിധം പിടിച്ചുകുലുക്കിയത് എന്നത് ഒരുപക്ഷേ അവിശ്വസിനീയമാകും. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തോടുള്ള പ്രതിഷേധമായി മേയ് 23-നാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന ആക്ഷേപഹാസ്യ ഓൺലൈൻ കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടത്. എന്നാൽ വളരെ പെട്ടെന്നുതന്നെ ഇത് സമരസംഘടനയായി മാറുകയായിരുന്നു.
യുഎസ്സിലായിരുന്ന സിജെപി സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ ജൂൺ ആറിനാണ് ഇന്ത്യയിലെത്തുന്നത്. ഡൽഹിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ചത്. ആയിരക്കണക്കിന് വിദ്യാർഥികളും സിജെപി പ്രവർത്തകരും തടിച്ച് കൂടിയപ്പോൾ അക്ഷരാർഥത്തിൽ വിമാനത്താവളം സമരവേദിയായി മാറി. പിന്നീട് ജന്തർ മന്തറിലെത്തി പ്രതിഷേധം ആരംഭിക്കുകയും പോലീസ് അനുവദിച്ച സമയം കഴിഞ്ഞപ്പോൾ പിരിഞ്ഞ് പോകുകയും ചെയ്തു. തങ്ങളുടെ ആദ്യസമരം സമാധാനപരമായി പൂർത്തിയാക്കാൻ സാധിച്ച സിജെപി, പിന്നീട് തുടർസമരങ്ങൾക്ക് കോപ്പ് കൂട്ടുകയായിരുന്നു.
ജൂൺ 11-ന് പുണെയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അഭിജീത്ത് ദിപ്‌കെ വൻ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കിൽ ജൂൺ 20 മുതൽ പ്രക്ഷോഭം തുടങ്ങുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. തുടർന്ന് സമരവേദിയായ ഡൽഹിയിലെ ജന്തർ മന്തറിലേക്ക് എത്താൻ രാജ്യത്തെ വിദ്യാർഥികളോട് ജൂൺ 17-ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇതോടെയാണ് രാജ്യതലസ്ഥാനത്തേക്ക് 'പാറ്റക്കൂട്ടം' ഒഴുകിയത്. ഇതിനിടെ സിജെപിക്ക് പിന്തുണയുമായി സോനം വാങ്ചുക് ജന്തർ മന്തറിൽ നിരാഹാരസമരം ആരംഭിച്ചു. പിന്തുണയുമായി കർഷകരും എത്തി. ആരോഗ്യം വഷളായ സോനം വാങ്ചുക്കിനെ പോലീസ് മേദാന്ത ആശുപത്രിയിലേക്ക് മാറ്റി.
സമരത്തിന്റെ നാൾവഴികളെപ്പറ്റി ക്ലബ്ബ് എഫ്എം തയ്യാറാക്കിയ ഇൻസ്റ്റഗ്രാം പോസ്റ്റ് കാണാം
ജൂൺ 20
കേന്ദ്രസർക്കാരിനെ വിറപ്പിച്ച് പാർലമെന്റിലേക്ക് വിദ്യാർഥികളുടെ 'സൻസദ് ചലോ' മാർച്ച്. ആയിരക്കണക്കിന് പേർ അണിനിരന്ന പ്രതിഷേധത്തിനുനേരെ പോലീസ് ഉരുക്കുമുഷ്ടി പ്രയോഗിച്ചു. അൻപതോളം പേർക്കാണ് ഡൽഹി പോലീസിന്റെ ക്രൂരതയിൽ പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടി വെന്റിലേറ്ററിൽ. അന്നേ ദിവസം തന്നെ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സിജെപി വക്താക്കളുമായി ചർച്ച നടത്തി. പ്രധാന്റെ രാജി ആവശ്യത്തിൽ സിജെപി ഉറച്ചുനിന്നു. ജന്തർ മന്തറിൽ ഇന്റർനെറ്റ് നിയന്ത്രണം.
ജൂലായ് 21
സിജെപി സമരത്തിന് പിന്തുണയുമായി മുഖ്യപ്രതിപക്ഷപാർട്ടിയായ കോൺഗ്രസ് രംഗത്ത്. ഇന്റലിജൻസിന്റെ ഉൾപ്പെടെ കണ്ണുവെട്ടിച്ച് കോൺഗ്രസിന്റെ സർജിക്കൽ സ്‌ട്രൈക്ക് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരേയും പോലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി. രാഹുൽ ഗാന്ധിക്ക് മുഖത്ത് പരിക്ക്. ജന്തർ മന്തറിൽ സിജെപി രാപകൽ സമരം തുടർന്നു. വിസ്മയാ മോഹൻലാൽ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ജൂലായ് 22
കേരളത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിജെപി സമരത്തിന് ഐക്യദാർഢ്യം ഉയർന്നു. ആവശ്യങ്ങളിൽ ഉറച്ച് സിജെപി സമരം തുടർന്നു. പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചു. ഇരുസഭകളിലും ചർച്ചയാകാമെന്ന് കേന്ദ്രസർക്കാർ പറഞ്ഞെങ്കിലും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു. സമരം ചെയ്യുന്ന യുവാക്കൾക്ക് പിന്തുണയുമായി കൂടുതൽ സെലിബ്രിറ്റികൾ രംഗത്ത്. കേരളത്തിൽ കെഎസ്‌യുവിന്റേയും എഐഎസ്എഫിന്റേയും വിദ്യാഭ്യാസ ബന്ദ്.
ജൂലായ് 23
ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ പ്രതികരിച്ചു. വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി. ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾക്കായി അതിവേഗ കോടതികൾ സ്ഥാപിച്ചു. കർശന ശിക്ഷയ്ക്ക് ബിൽ. അർധരാത്രി സാമൂഹികമാധ്യമങ്ങളിൽ മോദിയുടെ അസാധാരണ വീഡിയോ. പോലീസ് നടപടിക്കെതിരെ ബിജെപി നേതാവ് മുരളി മനോഹർ ജോഷി. യുവത്വത്തിന് പിന്തുണയുമായി സച്ചിനും മമ്മൂട്ടിയും. കേരളത്തിൽ എസ്എഫ്‌ഐയുടെ വിദ്യാഭ്യാസ ബന്ദ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ഗാന്ധിസ്മൃതിയിൽ. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായുള്ള ചർച്ചയ്ക്ക് ശേഷം സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു.
ജൂലായ് 24
സമരത്തിന് മുന്നിൽ ആടിയുലഞ്ഞ് കേന്ദ്രസർക്കാർ. സിജെപിയുമായി നടത്തിയ ചർച്ചയിൽ നീറ്റ് ഇരകൾക്ക് നഷ്ടപരിഹാരം, സമരക്കാർക്കെതിരെ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങൾ അംഗീകരിച്ചു. ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല. ഇതിനായി ഒരു ദിവസം സമയം സർക്കാർ സമരക്കാരോട് ചോദിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ 47 പേരെ പിരിച്ചുവിട്ടു. പരീക്ഷ ക്രമക്കേടുകൾക്കെതിരെ കർശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.
ജൂലായ് 25
ഒടുവിൽ സമരവിജയം. ചർച്ചയിൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ട ഒരുദിവസം തികയും മുമ്പ് പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമർപ്പിച്ച് ധർമേന്ദ്ര പ്രധാൻ. ജനാധിപത്യത്തിന്റെ വിജയമെന്ന് സിജെപി. ജന്തർ മന്തറിൽ വിജയാഘോഷം. യുവത്വത്തിന്റെ വിജയമെന്ന് കോൺഗ്രസ്.
Content Highlights: Union Education Minister Dharmendra Pradhan submitted his resignation following intense nation-wide protests led by the youth-driven Cockroach Janta Party (CJP) over NEET-UG paper leaks and exam malpractices.
Published: 25 Jul 2026, 04:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented