കണ്ണൂർ: പയ്യന്നൂരിലെ പാർട്ടിയിൽ സാമ്പത്തിക വിവാദങ്ങൾ കത്തിനിൽക്കേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ച് രക്തസാക്ഷി ധനരാജിന്റെ ഭാര്യ സജിനി. എം.വി. ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്ക്ക് പയ്യന്നൂർ മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിലാണ് ഷാളണിയിച്ചത്. വി. കുഞ്ഞികൃഷ്ണൻ പാർട്ടിയെ വഞ്ചിച്ചെന്നും കുഞ്ഞികൃഷ്ണന് ചരിത്രത്തിൻ്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്നും പിന്നാലെ നടന്ന പ്രസംഗത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു.
വി. കുഞ്ഞികൃഷ്ണനെപ്പോലൊരാൾ പാർട്ടിയുടെ ശത്രുപക്ഷത്ത് നിന്ന് തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ നിലപാടുകൾ മറന്ന് ബൂർഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിനൊപ്പം ഒറ്റുകാരനെപ്പോലെ മുന്നോട്ടുവന്നാൽ അതിനുള്ള മറുപടിയാണ് ഇന്നത്തെ ഈ സ്വീകരണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ പിന്തുണയോടെ പ്രവർത്തിച്ച കോടാലിക്കൈയായി നിലകൊണ്ടയാളുകൾക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്തസാക്ഷിയായ ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഫണ്ടിലെ തിരിമറി സംബന്ധിച്ച് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായിരുന്ന കുഞ്ഞികൃഷ്ണൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഏതാണ്ട് ഒരു കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർക്കെതിരേ അദ്ദേഹം വിരൽ ചൂണ്ടി. ഇത് വലിയ വിവാദമായി മാറി. എന്നാൽ, കുഞ്ഞികൃഷ്ണൻ്റെ ആരോപണങ്ങൾ നിഷേധിച്ച സിപിഎം, പിന്നാലെ വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയുംചെയ്തിരുന്നു.
Content Highlights: CPM State Secretary M.V. Govindan Receives Red Shawl from Martyr Dhanaraj's Wife Amidst Financial Row
Published: 02 Feb 2026, 09:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented