പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ ഉയര്‍ന്ന പരാതികളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് വെട്ടിലായി വി.കെ. ശ്രീകണ്ഠന്‍ എംപി. പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിക്കുന്നതരത്തിലാണ് ശ്രീകണ്ഠന്റെ വാക്കുകളെന്ന് വ്യാഖ്യാനമുണ്ടായതോടെ മണിക്കൂറുകള്‍ക്കകം പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് അദ്ദേഹം വിശദീകരണത്തോടൊപ്പം ഖേദപ്രകടനവും നടത്തി.
വെള്ളിയാഴ്ച രാവിലെയാണ് എംപിയുടെ പ്രതികരണംതേടി മാധ്യമപ്രവര്‍ത്തകരെത്തിയത്. യുവതിയുടെ വെളിപ്പെടുത്തലില്‍ രാഷ്ട്രീയപശ്ചാത്തലം പരിശോധിക്കണമെന്ന് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം പറഞ്ഞിട്ടുള്ള ആളുകള്‍ അര്‍ധവസ്ത്രം ധരിച്ചുനില്‍ക്കുന്നത്? ഒരു വ്യക്തിപോലും നിയമപരമായി പരാതിനല്‍കിയിട്ടില്ല. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമാനസംഭവങ്ങളില്‍ എടുത്ത നിലപാടുകള്‍ ചര്‍ച്ചചെയ്യപ്പെടണമെന്നും ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.
രാഹുലിനെ പിന്തുണച്ചും ആരോപണം ഉന്നയിച്ച പെണ്‍കുട്ടികളെ അപമാനിച്ചുമാണ് വി.കെ. ശ്രീകണ്ഠന്‍ പ്രതികരണം നടത്തിയതെന്ന് ഇതോടെ ചാനലുകളില്‍ വാര്‍ത്തതെളിഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ എംപിയുടെ നോമിനിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുന്നതിനെതിരേ വി.കെ. ശ്രീകണ്ഠന്‍ ഉള്‍പ്പെടെ തുടക്കത്തില്‍ നിലപാടെടുത്തിരുന്നു.
രാഹുലിനെതിരേ പ്രതികരണം നടത്തിയവരെ പ്രകോപിപ്പിക്കാനാണ് ശ്രീകണ്ഠന്റെ പ്രസ്താവനയെന്നും അത് രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്നും പാലക്കാട്ടെ കോണ്‍ഗ്രസ് ശാക്തികച്ചേരികളുടെ പ്രതിഫലനമാണെന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ശ്രീകണ്ഠന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണവും വന്നു.
ഇതോടെയാണ് ശ്രീകണ്ഠന്‍ മാധ്യമപ്രവര്‍ത്തകരെ വീണ്ടും കണ്ടത്. രാഹുലിന്റെ ശബ്ദസന്ദേശമാണെന്ന് എങ്ങനെ അറിയും എന്ന് അദ്ദേഹം ചോദിച്ചു. എഐ വീഡിയോ ഇറങ്ങുന്ന കാലമാണ്. പുറത്തുവരുന്ന കാര്യങ്ങള്‍ ഓരോരുത്തരുടെയും വെളിപ്പെടുത്തല്‍ മാത്രമാണ്. അവരുടെ ഗൂഢാലോചന, രാഷ്ട്രീയം എല്ലാം പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളൂവെന്നും ശ്രീകണ്ഠന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വി.കെ ശ്രീകണ്ഠന്‍ എംപിയുടെ ആദ്യ പ്രതികരണം (വെള്ളിയാഴ്ച രാവിലെ 8.10)
'മൂന്ന്-മൂന്നര വര്‍ഷംമുന്‍പ് നടന്നുവെന്നു പറയുന്ന സംഭവത്തില്‍ ഇപ്പോള്‍ എന്തുകൊണ്ട് പരാതിവന്നുവെന്ന് അന്വേഷിക്കേണ്ടേ? ഈ ആരോപണവിധേയരായ ആളുകളുടെ രീതിയും നടപ്പും അവരൊക്കെ പല പരിപാടികളില്‍ പങ്കെടുത്തതും ചാനലുകളിലൊക്കെ വന്നുവല്ലോ. മന്ത്രിമാരെയൊക്കെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളും വന്നല്ലോ. അപ്പൊ, അതിന്റെയൊക്കെ പിന്നില്‍ ആരാണ് എന്നതൊക്കെ അന്വേഷിക്കട്ടെ. അപ്പോള്‍ എല്ലാ വിവരങ്ങളും പുറത്തുവരും. ഇത് മനഃപൂര്‍വം ഗൂഢാലോചന നടത്തിയതാണോ എന്നെനിക്കറിയില്ല.''
വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ പത്രസമ്മേളനം (വെള്ളിയാഴ്ച രാവിലെ 10.30)
'പരാതിക്കാരെക്കുറിച്ച് വിശദമായി അന്വേഷിക്കണം. ഇതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്ന് നോക്കണം. അവരുടെ പല ഫോട്ടോകളും ചാനലുകളും സാമൂഹികമാധ്യമങ്ങളുമല്ലേ പ്രസിദ്ധീകരിച്ചത്. ഇതല്ലേ ഞാന്‍ പറഞ്ഞത്. രാഹുലിനെ ന്യായീകരിച്ചിട്ടില്ല, ആരെയും വെള്ളപൂശിയിട്ടില്ല. അങ്ങനെ എന്തെങ്കിലും തെറ്റായിട്ട് തോന്നിയിട്ടുണ്ടെങ്കില്‍ പൂര്‍ണമായും എന്റെ ഉത്തരവാദിത്വത്തോടെ പിന്‍വലിക്കുന്നു. നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു''.
Content Highlights: MP VK Sreekandan faces criticism for comments on allegations against MLA Rahul Mamkootathil.
Published: 23 Aug 2025, 03:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented