തിരുനെല്ലി: ഉടമയറിയാതെ സംസ്ഥാനം കടത്തിയ ലോറി രണ്ടുമാസത്തിലധികംനീണ്ട അന്വേഷണത്തിനൊടുവിൽ പോലീസ് കണ്ടെത്തി. തൃശ്ശിലേരി സ്വദേശിയായ അനൂപിൽനിന്ന് ലീസിനെടുത്ത ലോറിയാണ് അദ്ദേഹമറിയാതെ 26-ലധികംപേർ കൈമാറി സംസ്ഥാനം കടത്തിയത്. 2500 കിലോമീറ്ററോളം വ്യാപിച്ച അന്വേഷണത്തിനൊടുവിലാണ് സേലത്തിനടുത്ത് ഓമല്ലൂരിൽനിന്ന് ലോറി കണ്ടെത്തിയത്.

To advertise here,

ജൂണിലാണ് ലോറി ലീസിന് നൽകിയത്. ജി.പി.എസ്. ബന്ധം കട്ടുചെയ്തതോടെ ഓഗസ്റ്റിലാണ് തന്റെ ലോറി കാണാതായതായി അനൂപ് പോലീസിൽ പരാതി നൽകിയത്. കർണാടക, തമിഴ്നാട് പ്രദേശങ്ങളിലെ സി.സി.ടി.വി.യുൾപ്പെടെ പരിശോധിച്ച് ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ലോറി വീണ്ടെടുത്തത്. വാഹനത്തിന്റെ സഞ്ചാരപാത കണ്ടെത്തുന്നതിനായി വിവിധസ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ, സംശയമുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ, ടോൾ ബൂത്തുകളിലെ വിവരങ്ങൾ എന്നിവ പോലീസ് പരിശോധിച്ചിരുന്നു. ഒട്ടേറെയാളുകളിൽനിന്ന് വിവരങ്ങളും ശേഖരിച്ചു.

തമിഴ്നാട്ടിലെ സേലത്തുനിന്ന് ഏകദേശം 80 കിലോമീറ്ററോളം മാറിയുള്ള ഉൾപ്രദേശമായ ഓമല്ലൂരിൽ ഉപേക്ഷിക്കപ്പെട്ടനിലയിലാണ് ലോറി പോലീസ് കണ്ടെത്തിയത്. തിരിച്ചറിയാൻപാകത്തിനുള്ള എല്ലാ അടയാളങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. നമ്പർപ്ലേറ്റ് അഴിച്ചുമാറ്റി ലോറിയുടെ ജി.പി.എസ്. സംവിധാനം എടുത്തുമാറ്റിയാണ് സംസ്ഥാനം കടത്തിയത്.

വാഹനം പൊളിച്ചുവിൽക്കാനുള്ള സാധ്യത നിലനിന്നിരുന്ന സാഹചര്യത്തിൽ സമയബദ്ധമായ അന്വേഷണത്തിലൂടെയാണ് വാഹനം വീണ്ടെടുക്കാനായത്. തിരുനെല്ലി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ എം.ആർ. ജിതിൻ, ഇ.ജി. വിനായക് എന്നിവരുടെ രാപകലില്ലാത്ത കഠിനാധ്വാനമാണ് ലോറി കണ്ടെത്താൻ കാരണമായതെന്ന് അനൂപ് പറയുന്നു. തിരുനെല്ലി ഇൻസ്‌പെക്ടർ ടി.എം. നിധീഷ്, എസ്.ഐ. കെ. മുർഷിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കരാർവ്യവസ്ഥകൾ ലംഘിച്ച് ലോറി കടത്തിക്കൊണ്ടുപോയവർക്കുള്ള അന്വേഷണം തുടരുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.