അനുമതിക്ക് സമർപ്പിക്കുന്ന ചിത്രങ്ങളുടെ പേരുമാറ്റം നിർദേശിക്കാൻ അധികാരമുണ്ടെന്ന സെൻസർ ബോർഡിന്റെ മാർഗനിർദേശം ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിർദേശത്തിനെതിരെ കേരള ഫിലിം ചേംബർ രംഗത്തെത്തി. തീരുമാനം പുനഃപരിശോധിക്കണമെന്ന്‌  ആവശ്യപ്പെട്ട് ബോർഡിന് കത്തും നൽകി. ഇതിനിടെ തമിഴ്‌നാട്ടിൽ വീണ്ടുമൊരു പേരുമാറ്റ വിവാദം ചൂടുപിടിക്കുകയാണ്.

To advertise here,

തമിഴ് സിനിമയിൽ ഒരിക്കൽ വിവാദത്തിന് വഴിവെച്ച ടൈറ്റിൽ 23 വർഷത്തിനുശേഷം കമൽ ഹാസൻ തിരികെ കൊണ്ടുവന്നതോടെയാണ് പുതിയ ചർച്ചകൾക്ക് തുടക്കമായത്. 'KH237' എന്ന് താത്കാലികമായി പേരിട്ടിരുന്ന പുതിയ ചിത്രത്തിന് 'സണ്ടിയാർ'എന്നാണ് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. തോക്കുമായി വേറിട്ട ഗെറ്റപ്പിൽ കമൽ ഹാസൻ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടു.

2004-ൽ പുറത്തിറങ്ങിയ 'വിരുമാണ്ടി' എന്ന ചിത്രത്തിന് കമൽ ഹാസൻ ആദ്യം നൽകിയിരുന്ന പേരായിരുന്നു 'സണ്ടിയാർ.' എന്നാൽ, വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് അന്ന് പേര് മാറ്റേണ്ടി വന്നു. പുതിയ ചിത്രത്തിന് ഈ പേര് നൽകിയതോടെ പഴയ വിവാദവും ഉയർന്നുവന്നു. അന്ന് കമൽ ഹാസൻ നടത്തിയ പ്രതികരണവും സാമൂഹികമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.

2003-ൽ 'സണ്ടിയാർ' എന്ന പേരിനെതിരെ പുതിയ തമിഴകം പാർട്ടി നേതാവ് ഡോ. കെ. കൃഷ്ണസാമി രംഗത്തുവന്നിരുന്നു. ജാതി വ്യവസ്ഥയെ മഹത്വവത്കരിക്കുന്നതാണ് പേര് എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത ഇടപെടുകയും തുടർന്ന് ചിത്രത്തിന്റെ പേര് 'വിരുമാണ്ടി' എന്ന് മാറ്റുകയുമായിരുന്നു.

കമൽ ഹാസൻ അരിവാളുമായി നിൽക്കുന്ന പോസ്റ്ററുകളും അന്ന് പുറത്തിറങ്ങിയിരുന്നു. ക്രമസമാധാന പ്രശ്‌നമായി മാറിയ പ്രതിഷേധങ്ങളെത്തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങിനും തടസ്സം നേരിടേണ്ടിവന്നു.

'കൃഷ്ണസാമി ചേട്ടന് വിഷമമാകുമെന്നതിനാൽ ചിത്രത്തിന് 'സണ്ടിയാർ' എന്ന് പേരിടരുതെന്നാണ് അവർ പറയുന്നത്. ഞങ്ങൾ മറ്റൊരു പേര് തിരഞ്ഞെടുത്താൽ അവർക്കും പ്രശ്മുണ്ടാവില്ലേ.' എന്നായിരുന്നു അന്ന് കമൽ ഹാസൻ തമാശയായി ചോദിച്ചത്. പഴയ വീഡിയോ ഇപ്പോൾ വീണ്ടും പ്രചരിക്കുന്നുണ്ട്.

ALSO READ | കമൽഹാസനെ നായകനാക്കി ആക്ഷൻ സിനിമയുമായി ‘വീര ധീര സൂരൻ’ സംവിധായകൻ; ഫസ്റ്റ്‌ലുക്ക് പുറത്ത്

അതിനിടെ, പേര് പുതിയ ചിത്രത്തിന് നൽകിയതിനെതിരെ വിമർശനവുമായി കൃഷ്ണസാമി വീണ്ടും രംഗത്തെത്തി. ടൈറ്റിൽ ഉപയോഗിക്കാനുള്ള തീരുമാനം കമൽ ഹാസന്റെ അഹങ്കാരത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 'സണ്ടിയാർ' എന്ന പ്രയോഗം പ്രബല ജാതികളുടെ കൈയൂക്കിന്റെ ബലത്തിലുള്ള അടിച്ചമർത്തലുകളെ മഹത്വവത്കരിക്കുന്നതാണെന്ന് കൃഷ്ണസാമി ആവർത്തിക്കുന്നു.

'സേതുപതി', 'ചിത്ത', 'വീര ധീര ശൂരൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുൺ കുമാറാണ് 'സണ്ടിയാർ' സംവിധാനം ചെയ്യുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ. മഹേന്ദ്രനും ടർമെറിക് മീഡിയയുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതവും സുനിൽ കെ.എസ്. ഛായാഗ്രഹണവും നിർവഹിക്കുന്നു.