മുംബൈ: മുംബൈ നഗരസഭയുടെ പരിസ്ഥിതിസൗഹൃദ ദീപാവലി പ്രചാരണത്തിൽനിന്ന് നടി ദിയാമിർസയുടെ വീഡിയോ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വേദനയും അതൃപ്തിയും പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യ മതേതര രാജ്യമാണെന്ന് ഊന്നിപ്പറഞ്ഞ കോടതി അവരുടെ വീഡിയോ വീണ്ടും അപ്‌ലോഡ് ചെയ്യാൻ നഗരസഭയോടാവശ്യപ്പെടുകയുംചെയ്തു.

To advertise here,

വീഡിയോ വിവാദത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ചില വ്യക്തികളുടെ ഇടുങ്ങിയ മാനസികാവസ്ഥ വേദനാജനകമാണെന്ന് ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, നീല ഗോഖലെ എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. പരിസ്ഥിതിയെക്കുറിച്ചും വായു, ശബ്ദമലിനീകരണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി നിർമിച്ച വീഡിയോയ്ക്ക് ഇത്തരമൊരു വർഗീയനിറം നൽകിയത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. മതം, ജാതി, വംശം എന്നിവ പരിഗണിക്കാതെ സമൂഹത്തിലെ ഓരോ വ്യക്തിയെയും ബഹുമാനിക്കണം. വിവാദം ഉയർത്തിയ നേതാക്കൾ പരിസ്ഥിതി അവബോധം പ്രചരിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് കണ്ടിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

പരിസ്ഥിതിസൗഹൃദ ദീപാവലി പ്രചാരണത്തിനായുള്ള ദിയമിർസയുടെ വീഡിയോക്കെതിരേ മുംബൈ ബി.ജെ.പി. മേധാവി അമിത്‌ സതം, മേയർ റിതു താവ്ഡെ എന്നിവരാണ് രംഗത്തെത്തിയത്. തുടർന്ന് നഗരസഭ വീഡിയോ നീക്കുകയായിരുന്നു. വായുമലിനീകരണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ബോംബെ ഹൈക്കോടതിയാണ് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാനും പരിസ്ഥിതി സൗഹൃദ ദീപാവലി ആഘോഷിക്കാനും താരങ്ങളെ ഉൾപ്പെടുത്തി വീഡിയോപ്രചാരണം നടത്താൻ നഗരസഭയോട് ആവശ്യപ്പെട്ടത്.