
രൺവീർ സിങ് നായകനാകുന്ന ജയ് മേത്ത ചിത്രം 'പ്രളയ്' വിവാദത്തിൽ. മുംബൈയിലെ പ്രസിദ്ധമായ ആസാദ് മൈതാനത്ത് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് വിവാദം. ചിത്രീകരണത്തിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി. അസോസിയേഷനും സർക്കാരുകൾക്കുമെതിരെ രൂക്ഷപ്രതികരണമാണ് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ഹൻസൽ മേത്ത നടത്തിയത്. മലയാളിതാരം കല്യാണി പ്രിയദർശന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് 'പ്രളയ്'.
'പ്രളയ്' ഷൂട്ടിങ് കാരണം മൈതാനത്ത് നടക്കേണ്ടിയിരുന്ന സ്‌കൂൾതല ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നുവെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ആരോപിച്ചിരുന്നു. ചിത്രീകരണം മൂലം അണ്ടർ-14, അണ്ടർ-16 സ്‌കൂൾതല മത്സരങ്ങൾ മാറ്റിവെക്കേണ്ടി വന്നതായി എം.സി.എ. എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം നദീം മേമൻ പറഞ്ഞു. അക്വാ ലൈൻ മെട്രോ നിർമ്മാണവും മുംബൈ പൊലീസിന്റെ സാന്നിധ്യവും കാരണം മൈതാനത്തിന്റെ വിസ്തൃതി നേരത്തെ തന്നെ കുറഞ്ഞിരിക്കുകയാണെന്നും ഇത്തരം തടസ്സങ്ങൾക്ക് ആര് മറുപടി പറയുമെന്നും അദ്ദേഹം ചോദിച്ചു.
പിന്നാലെ, ഇന്ത്യൻ സിനിമയുടെ തന്നെ കേന്ദ്രമായ മുംബൈ ഇന്ന് സിനിമാ ചിത്രീകരണത്തിന് ഒട്ടും അനുയോജ്യമല്ലാത്ത നഗരമായി മാറിയിരിക്കുന്നുവെന്ന ഗുരുതര ആരോപണമാണ് ഹൻസൽ മേത്ത ഉന്നയിച്ചത്. ഒരൊറ്റ ലൊക്കേഷനിൽ ചിത്രീകരണം നടത്താൻ ഒന്നിലധികം വകുപ്പുകളുടെ അനുമതി വേണം. ഓരോ വകുപ്പിനും അതിന്റേതായ നടപടിക്രമങ്ങളും വൈകിക്കലുകളും ചിത്രീകരണം തടയാനുള്ള അധികാരവുമുണ്ട്. എല്ലാ അനുമതികളും കൈയിലുണ്ടെങ്കിൽ പോലും ഞങ്ങൾ അനാധികൃതമായി കടന്നുകയറിയവരെപ്പോലെയാണ് പെരുമാറ്റം നേരിടുന്നതെന്നും ഹൻസൽ മേത്ത പറഞ്ഞു.
'ആസാദ് മൈതാനത്തെ ചിത്രീകരണത്തിന് പൂർണ്ണമായ അനുമതി ലഭിച്ചിരുന്നു. പോലീസിൽ നിന്നും സ്‌പോർട്‌സ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുമുള്ള അനുമതി പത്രങ്ങളും എംസിഎയ്ക്ക് നൽകിയ അറിയിപ്പിന്റെ രേഖകളും ഞങ്ങളുടെ കൈവശമുണ്ട്', ഹൻസൽ മേത്ത അവകാശപ്പെട്ടു.
ജയ് മേഹ്ത സംവിധാനം ചെയ്യുന്ന 'പ്രളയ്' പോസ്റ്റ്-അപ്പോക്കലിപ്റ്റിക് മുംബൈയുടെ പശ്ചാത്തലത്തിൽ സോമ്പികളുടെ ഭീഷണി പ്രമേഹമാക്കുന്ന ഒരു സർവൈവൽ ഹൊറർ ചിത്രമാണ്. ചിത്രത്തിന്റെ നിർമാണ കമ്പനിയായ ലൈറ്റ് റേസിന് ആസാദ് മൈതാനത്തിലെ 5,000 ചതുരശ്ര വാര സ്ഥലം ആറ് മണിക്കൂർ ചിത്രീകരണത്തിനായി ഉപയോഗിക്കാൻ സ്‌പോർട്‌സ് ഡിപ്പാർട്ട്‌മെന്റിൽനിന്ന് അനുമതി ലഭിച്ചിരുന്നു.
Content Highlights: The shooting of Ranveer Singh's upcoming movie 'Pralay' at Mumbai's iconic Azad Maidan has sparked a major controversy. The Mumbai Cricket Association (MCA) alleged that school-level cricket tournaments were postponed due to the film shoot. Producer Hansal Mehta strongly defended the team, stating they had obtained all official permits from the Sports Department and Police. Hansal Mehta criticized Mumbai's regulatory framework, calling the city increasingly film-unfriendly for shooters. Directed by Jai Mehta, 'Pralay' is a zombie survival horror film marking Kalyani Priyadarshan's Bollywood debut.
Published: 08 Nov 2026, 02:14 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented