സഹാറൻപുർ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 'ഖുശിയോം കി ഈദ്' പരാമർശത്തിന് പിന്നാലെ ദീപാവലിയെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് വിവാദത്തിൽ. ‘ദീപാവലിയും മലിനീകരണവും മനുഷ്യനിർമിത രോഗങ്ങളാണെ’ന്ന് കോൺഗ്രസ് എം.പി. ഇമ്രാൻ മസൂദ് പറഞ്ഞതായാണ് റിപ്പോർട്ട്. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ഇതിനു പിന്നാലെ ബി.ജെ.പി. നേതാക്കൾ കോൺഗ്രസിനെതിരെ രംഗത്തെത്തി.

To advertise here,

ദീപാവലിയെക്കുറിച്ചുള്ള മസൂദിന്റെ പരാമർശത്തെ ബി.ജെ.പി. വക്താവ് രാകേഷ് ത്രിപാഠി രൂക്ഷമായി വിമർശിച്ചു. സനാതന ധർമത്തെ കോൺഗ്രസ് നിരന്തരം അപമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം പരാമർശങ്ങൾക്ക് കോൺഗ്രസ് വലിയ വില നൽകേണ്ടിവരുമെന്നും ത്രിപാഠി പറഞ്ഞു.

'കോൺഗ്രസിന് മാനസികനില നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു വശത്ത് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ, കൊതുകുകൾ എന്നിവയോട് ഉപമിക്കുന്നു. മറുവശത്ത് ഹിന്ദുത്വത്തെ നിരന്തരം അപമാനിക്കുന്നു. ഇപ്പോഴിതാ ഇമ്രാൻ മസൂദ് ദീപാവലി ഒരു രോഗമാണെന്ന് പറയുന്നു. കോടിക്കണക്കിന് ഹിന്ദുക്കൾ ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയെത്തിയതിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ഈ പരാമർശങ്ങൾക്ക് കോൺഗ്രസ് വില നൽകേണ്ടിവരും', ത്രിപാഠി വ്യക്തമാക്കി.

എന്നാൽ, വിവാദം ശക്തമായതോടെ പരാമർശം നടത്തിയിട്ടില്ലെന്ന് ഇമ്രാൻ മസൂദ് പറഞ്ഞു. ദീപാവലിയെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രസ്താവനകൾ എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താനും ദീപാവലി ആഘോഷിക്കുന്നയാളാണെന്നും ദീപാവലി സമയത്ത് വായുവിന്റെ ഗുണനിലവാര സൂചിക (എ.ക്യു.ഐ.) വളരെ മോശമാകുന്നുവെന്നാണ് പറഞ്ഞതെന്നും ഇമ്രാൻ മസൂദ് വിശദീകരിച്ചു. എ.ക്യു.ഐ. നിയന്ത്രിക്കാൻ നേരത്തേ നടപടിയെടുത്തിരുന്നെങ്കിൽ ദീപാവലി സമയത്ത് സ്ഥിതി ഇത്രയും മോശമാകുമായിരുന്നില്ലെന്നും മലിനീകരണം മനുഷ്യന്റെ ഇടപെടലുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രശ്നമാണെന്നും മസൂദ് വ്യക്തമാക്കി.

മലിനീകരണപ്രശ്നം പരിഹരിക്കാൻ പൊതുജനങ്ങളിൽ കൂടുതൽ അവബോധവും പങ്കാളിത്തവും ആവശ്യമാണെന്നും സർക്കാരിന് മാത്രമായി ഈ പ്രശ്നം പരിഹരിക്കാനാകില്ലെന്നും എം.പി. ചൂണ്ടിക്കാട്ടിയിരുന്നു.

ദീപാവലിയെ 'സന്തോഷത്തിന്റെ ഈദ്' എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തത്. ഖാർഗെയുടെ പരാമർശത്തിനെതിരെ ബി.ജെ.പി. രംഗത്തെത്തിയിരുന്നു.

'ഇന്ത്യയിലെ എല്ലാവരും ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് ദീപാവലി. ആളുകളെ ഒരുമിപ്പിക്കുകയും പ്രിയപ്പെട്ടവരെ കാണാനുള്ള അവസരം നൽകുകയും ചെയ്യുന്ന സന്തോഷത്തിന്റെ ഉത്സവമാണിത്. ദീപാവലി ഖുശിയോം കി ഈദ് ആണ്' എന്നായിരുന്നു ഖാർഗെയുടെ വാക്കുകൾ.

ഖാർഗെയുടെ പരാമർശത്തെ ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി വിമർശിച്ചു. ദീപാവലി ദിനത്തിലും കോൺഗ്രസ് പ്രീണന രാഷ്ട്രീയത്തെയും വോട്ടുബാങ്കിനെയും കുറിച്ചാണ് ചിന്തിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സോണിയ ഗാന്ധി ബാബരി മസ്ജിദിനെക്കുറിച്ച് സംസാരിച്ചതിനു പിന്നാലെ ഖാർഗെ ദീപാവലി സന്ദേശത്തിലൂടെ പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഭാരതീയ ജനതാ യുവമോർച്ച ദേശീയ അധ്യക്ഷനും വഡോദര എം.പിയുമായ ഡോ. ഹേമാംഗ് ജോഷിയും ഖാർഗെയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി.  'ഖാർഗെ ജി, ദീപാവലി സന്തോഷത്തിന്റെ ഈദാണെന്ന് താങ്കൾ പറഞ്ഞു. അങ്ങനെയെങ്കിൽ പുതിയ ഇന്ത്യയിലെ മിർ ജാഫറാണോ രാഹുൽ ഗാന്ധി?' എന്നായിരുന്നു ജോഷിയുടെ എക്സ് പോസ്റ്റ്.