ചെന്നൈ: തമിഴ്‌നാട്ടിൽ വനിതാ ജില്ലാ കളക്ടർക്ക് ഭരണകക്ഷിയായ ടിവികെയുടെ എംഎൽഎ അശ്ലീലസന്ദേശം അയച്ചെന്ന് ആരോപണം. കള്ളക്കുറിച്ചി മണ്ഡലത്തിലെ എംഎൽഎയായ സി. അരുൾ വിഗ്നേഷിനെതിരേയാണ് ആരോപണം ഉയർന്നത്. കള്ളക്കുറിച്ചി ജില്ലാ കളക്ടർക്കാണ് അരുൾ അശ്ലീലസന്ദേശം അയച്ചതായി റിപ്പോർട്ടുകൾ പുറത്തെത്തിയത്.
ഡിഎംകെ നേതാവ് കനിമൊഴി ഇക്കാര്യം ഉന്നയിച്ച് സാമൂഹികമാധ്യമമായ എക്‌സിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ടിവികെ എംഎൽഎ അരുൾ വിഗ്നേഷ്, കള്ളക്കുറിച്ചി ജില്ലാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ചെന്ന് സാമൂഹികമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ടെന്നും അദ്ദേഹം മദ്യലഹരിയിൽ കളക്ടറുടെ വീട്ടിലെത്തി ശല്യംചെയ്‌തെന്നും കനിമൊഴിയുടെ കുറിപ്പിലുണ്ട്. സംഭവത്തിന് പിന്നാലെ കളക്ടർക്ക് സുരക്ഷാജീവനക്കാരനെ നിയോഗിച്ചെന്നും കനിമൊഴി കൂട്ടിച്ചേർത്തു.
കഴിവുകെട്ട ടിവികെ ഭരണത്തിന് കീഴിൽ തമിഴ്‌നാട്ടിലെ ക്രമസമാധാന നില തകർന്നെന്നും കനിമൊഴി വിമർശിച്ചു. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന നിലയ്ക്ക് കൊലപാതകവും മോഷണവും മറ്റ് കുറ്റകൃത്യങ്ങളും സംഭവിക്കുകയാണ്. കളക്ടർക്ക് കേവലമൊരു സുരക്ഷാജീവനക്കാരനെ അനുവദിക്കുന്നതിലൂടെ എന്ത് സുരക്ഷ ഉറപ്പാക്കാമെന്നാണ് ചീഫ് സെക്രട്ടറി കരുതുന്നത്, കനിമൊഴി ചോദിച്ചു. മുഖ്യമന്ത്രി വിജയ് ഇതിന് എന്തു മറുപടി പറയാമെന്നാണ് കരുതുന്നതെന്നും കനിമൊഴി ആരാഞ്ഞു.
അതേസമയം, തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ അരുൾ വിഗ്നേഷ് നിഷേധിച്ചു. അവ വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെയും ടിവികെ സർക്കാരിന്റെയും പ്രതിച്ഛായ തകർക്കാൻ ഡിഎംകെയുടെ ഐടി വിഭാഗം വ്യാജപ്രചാരണം നടത്തുകയാണെന്നും അരുൾ പറഞ്ഞു.
Content Highlights: TVK MLA Arul Vignesh accused of sending obscene messages to Kallakurichi woman district collector., DMK leader Kanimozhi strongly criticized the TVK government over law and order breakdown., MLA Arul Vignesh denied the allegations, calling them politically motivated fake propaganda by DMK.
Published: 10 Nov 2026, 03:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented