കോട്ടയം: മൂഴിയാറിൽ നാലാം ജനറേറ്ററിന് ചൈനീസ് കമ്പനിയുടെ ടെൻഡർ സ്വീകരിച്ചത് അവരുടെ പരിമിതികളെക്കുറിച്ച് അന്നത്തെ ജനറേഷൻ ചീഫ് എൻജിനിയർ നൽകിയ അറിയിപ്പ് തള്ളിക്കൊണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു ഇത്.

To advertise here,

ജനറേഷൻ ചീഫ് എൻജിനിയർ നൽകിയ റിപ്പോർട്ടിൽ കമ്പനിയുടെ കുറവുകൾ അക്കമിട്ട് പറയുന്നുണ്ടായിരുന്നു. അതിനുമുൻപ്‌ മൂലമറ്റത്തുനടന്ന ഒരു ആലോചനയുടെ ഭാഗമായിട്ടായിരുന്നു എല്ലാ നടപടികളും മുന്നോട്ടു പോയത്. ഇതിൽ 10 കോടി രൂപയുടെ അഴിമതി ഉണ്ടായെന്നാണു സൂചന. കമ്പനി മൊത്തംതുക കൈപ്പറ്റിയശേഷം ഇന്ത്യയിലെ ചിലർക്ക് കമ്മിഷൻ കൈമാറുകയായിരുന്നു. ഒരു പ്രത്യേക സംഭാവനയായി ഇൗ തുക പോയെന്നും സംസാരമുണ്ട്.

സംഭാവന കൈപ്പറ്റിയവരുടെ സമ്മർദം കാരണമാണ് ബോർഡിലെ അക്കാലത്തെ സംഘടനാ നേതാവായിരുന്ന പ്രമുഖ മെമ്പർ, ടെൻഡർ മുന്നോട്ടു കൊണ്ടുപോയത്. പെർഫോമൻസ് ബാങ്ക് ഗ്യാരണ്ടി തുകയും കൈമാറിയതോടെ കമ്പനിക്കുമേൽ യാതൊരു ശിക്ഷാനടപടിയും സ്വീകരിക്കാൻ പറ്റാതെ ബോർഡിന്റെ കൈ കെട്ടിവെക്കും പോലെയായി.

മൂഴിയാർ- അഴിമതി വഴി

- 2008 മേയ് 16-ന്- മൂഴിയാർ പൊട്ടിത്തെറി.

- നാലാംനമ്പർ ജനറേറ്റർ നശിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും തൊഴിലാളികളും മരിച്ചു.

- പുതിയ ജനറേറ്റർ സ്ഥാപിക്കാൻ ആലോചന.

- താത്പര്യപത്രം ക്ഷണിച്ചപ്പോൾ ആദ്യകാല ജനറേറ്ററുകൾ സ്ഥാപിച്ച വോയ്സ് ഹൈഡ്രോയും മറ്റൊരു സ്ഥാപനമായ ആൻഡ്രിഡ്സ് ഓസ്ട്രിയയും താത്പര്യപത്രം നൽകി. 32 കോടി രൂപയ്ക്ക് സ്ഥാപനം, പരിപാലനം എന്നിവ നടത്തുമെന്ന് വാഗ്ദാനം. വൻകിട ജനറേറ്ററുകളുടെ നിർമാണം, പരിപാലനം എന്നിവയിൽ ഇവർക്ക് മുൻപരിചയമുണ്ടായിരുന്നു.

- ഇന്ത്യൻ പങ്കാളിത്തമുള്ള ചൈനീസ് കമ്പനിയും താത്പര്യപത്രം നൽകി.

- ആദ്യ രണ്ടു കമ്പനികൾ സാമ്പത്തിക വിശകലനത്തിന് സമയംചോദിച്ചത് തള്ളി അവരെ ഒഴിവാക്കി. ചൈനീസ് കമ്പനിക്ക് കരാർ ഉറപ്പിച്ചു. 52.3 കോടിക്ക്.

- ഉന്നതരുടെ സമ്മർദംമൂലം ഈ കമ്പനിയുടെ പരിമിതികൾ ചർച്ചയായില്ല. വൻകിട പദ്ധതികളിൽ ഏക ടെൻഡർ പാടിെല്ലന്ന കേന്ദ്ര വിജിലൻസ് മാനദണ്ഡം അവഗണിച്ചു.

- ഇവർക്ക് ചെറുകിട പദ്ധതികളുടെ സ്ഥാപനത്തിലേ പരിചയമുള്ളൂ എന്ന് വ്യക്തമായി.

- 2009 -ൽ പണി തുടങ്ങിയിട്ടും ജനറേറ്റർ പ്രവർത്തന സജ്ജമാകാൻ 2014 വരെ താമസം വന്നു. ആദ്യ ട്രയലിൽത്തന്നെ പരാജയം.

- പിന്നീട് 52 തവണ പണികൾ. ഓയിൽ, വെള്ളം ലീക്കേജുകൾ.

- സംഭവം പരാജയമെന്ന് അറിയിച്ചിട്ടും വിജിലൻസിന് വിവരം കൊടുത്തില്ല. ആഭ്യന്തര അന്വേഷണം വൻ പാളിച്ച തുറന്നുകാട്ടി.

- 60 മെഗാവാട്ട് ശേഷിയുണ്ടെന്ന് പറഞ്ഞ ജനറേറ്റർ 50 ശതമാനം ശേഷിയിൽ ഇപ്പോൾ ഓടുന്നു.

- ബോർഡിന് ശരാശരി നഷ്ടം 1000 കോടി രൂപ.

- കുഴപ്പങ്ങൾ മറച്ചുവെക്കാൻ സംഭാവന സ്വീകരിച്ചവർ നിരന്തരം ഇടപെട്ടു.