
കോട്ടയം: ഒരാൾപ്പൊക്കത്തിൽ വന്നുവീണ മണ്ണിൽ പൂഴ്ന്നുകിടന്നപ്പോൾ ആദ്യം ഒരു മരവിപ്പായിരുന്നു. കണ്ണും ചെവിയും ആരോ കൊട്ടിയടച്ചപോലെ. ബോധംവന്നപ്പോൾ ആദ്യംകേട്ടത് തൊട്ടടുത്തുകിടക്കുന്ന അപ്പച്ചന്റെ നിലവിളിയാണ്.
‘‘മക്കളേ അപ്പച്ചൻ പോകുന്നെടാ..."
എന്താണ് പറ്റിയതെന്നുപോലും മനസ്സിലാക്കാൻ കുറച്ചുനേരമെടുത്തു. അപ്പച്ചനെ പിടിച്ചെഴുന്നേൽപ്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, കൈയും കാലും അനക്കാനാകാതെ നെഞ്ചുവരെ മണ്ണുമൂടി കിടന്നിരുന്നു. അപ്പച്ചൻ മണ്ണിലേക്ക് പൂഴ്ന്നുപോകുന്നത് നോക്കിനിൽക്കാനേ മകൻ ഡെന്നിസിന് കഴിഞ്ഞുള്ളൂ.
ഞായറാഴ്ച ആർത്തലച്ചുപെയ്ത മഴയാണ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ മൂന്നാംവാർഡ് പെരിങ്ങുളം ഉറവപ്ലാവ് ചേലകാട്ട് വീട്ടിൽ ജോസഫിനെ മണ്ണോടുചേർത്തത്. അദ്ദേഹത്തിന്റെ വീടും മണ്ണുവീണ് മൂടി. മക്കൾ ഡെന്നിസും ജിമ്മിയും അദ്‌ഭുതകരമായി രക്ഷപ്പെട്ടു.
ഞായറാഴ്‌ച വൈകീട്ട് ഏഴേകാലോടെ മഴയത്ത് ഇവർ വീട്ടിൽ ഇരിക്കുകയായിരുന്നു. ജോസഫും (അപ്പച്ചൻ-80) മൂത്തമകൻ ജിമ്മിയും (36). ഇളയമകൻ ഡെന്നിസ് (32) മുറിക്കുള്ളിലായിരുന്നു. പെട്ടെന്നാണ് ആഞ്ഞടിച്ചപോലെ എന്തോവന്ന് ചുഴറ്റിയെറിഞ്ഞത്. കൂറ്റൻ കല്ലും ചെളിമണ്ണ് നിറഞ്ഞ മലവെള്ളവും നിമിഷനേരംകൊണ്ട് ഇവരുടെ ദേഹം മൂടി. വീടിരുന്നയിടം തകർന്നടിഞ്ഞു. ജിമ്മി മുറ്റത്തുനിന്നു ഏകദേശം പത്തടി താഴ്ചയിലേക്കാണ് വീണത്. ഡെന്നിസും ജോസഫും അടുത്തടുത്തും.
നെഞ്ചറ്റംവരെ പൂഴിമണ്ണ് നിറഞ്ഞിരുന്നു. അനങ്ങാൻ പറ്റാതെ കൂറ്റൻ പാറക്കല്ലുകളും കട്ടകളും ഒന്നിന് പുറമെ ഒന്നായി വന്നുവീഴാൻ തുടങ്ങി. ചെളിവെള്ളം കണ്ണിലും മുഖത്തും നിറഞ്ഞു.
ഇതിനിടയിലാണ്, "മക്കളെ അപ്പച്ചൻ പോകുന്നെടാ..." എന്ന് ജോസഫ് നിലവിളിച്ചത്. ബോധം തിരികെ കിട്ടിയ ഡെന്നിസ് ഇതുകേട്ടു. എന്നാൽ അനങ്ങാൻപോലും പറ്റിയില്ല. കൈകളും കാലുകളും പൊട്ടി മുറിവുകളിൽ മണ്ണ് നിറഞ്ഞു നീറാനുംതുടങ്ങി. നിലവിളിച്ചിട്ടും ശബ്ദം പുറത്തേക്ക് വന്നില്ല. ഒടുവിൽ അവശേഷിച്ച ശക്തി മുഴുവനായെടുത്ത് കിടന്നിടത്തുതന്നെ മണ്ണ് മാന്തി നോക്കി. പറ്റുന്നത്ര ശബ്ദത്തിൽ ഒച്ചവെച്ച് ഒന്നര മണിക്കൂറിലധികമാണ് മൂവരും മണ്ണിനടിയിൽ കിടന്നത്.
ഓടിയെത്തിയ നാട്ടുകാരോട് മണ്ണിനടിയിൽ പൂണ്ടുകിടക്കുന്ന അപ്പച്ചനെ രക്ഷിക്കാൻ മക്കൾ കരഞ്ഞപേക്ഷിച്ചു. എന്നാൽ, അപ്പോഴേക്കും ജോസഫ് മരണത്തിന് കീഴടങ്ങിയിരുന്നു. ജിംസി എന്ന മകൾ കൂടിയുണ്ട് ജോസഫിന്. ഭാര്യ: പരേതയായ സാലമ്മ. മരുമകൻ: സണ്ണി നിരപ്പേൽ.
മൃതദേഹം തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് പെരിങ്ങുളം തിരുഹൃദയപ്പള്ളിയിൽ സംസ്‌കരിച്ചു.
Content Highlights: An 80-year-old man, Joseph (Appachan), died in a landslide at Peringulam, Kottayam., Heavy Sunday rains triggered a mudslide that completely buried his house., His sons Dennis and Jimmy miraculously survived being trapped under the mud for over an hour., The funeral was held at Peringulam Sacred Heart Church.
Published: 22 Sept 2026, 04:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented