തിരുവനന്തപുരം: കൂടുതൽ വൈദ്യുതി എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഉയർന്നവിലയിൽത്തട്ടി അനിശ്ചിതത്വത്തിൽ. ജനുവരിമുതൽ മഹാരാഷ്ട്രയിലെ മഹാജെൻഗോയിൽനിന്ന് 270 മെഗാവാട്ട് 5.20 രൂപയ്ക്ക് ദീർഘകാലത്തേക്കു കിട്ടാനുള്ള കരാർ ഉണ്ടായേക്കും.

To advertise here,

ഈമാസം വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ കൂടുതൽ വൈദ്യുതികിട്ടാനുള്ള സാധ്യത വിരളമാണ്. അതിനാൽ ചില ദിവസങ്ങളിലൊഴികെ വൈദ്യുതിനിയന്ത്രണം തുടരും. മുംബൈയിൽ ന്യൂക്ലിയർ പവർ കോർപ്പറേഷനുമായി കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. എം.ജി. രാജമാണിക്യം ചർച്ചനടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അവിടെനിന്ന് കിട്ടാൻ സാധ്യതയുള്ള വൈദ്യുതിക്ക് ഉയർന്നവില നൽകേണ്ടിവരും. 10 രൂപയ്ക്ക് മുകളിലാണ് യൂണിറ്റിന് വില. ആ വിലയ്ക്ക്‌ വൈദ്യുതി വാങ്ങണമെങ്കിൽ സർക്കാർ പച്ചക്കൊടികാട്ടണം. റെഗുലേറ്ററി കമ്മിഷന്റെ അനുമതിയും വേണം. എത്രരൂപയാണ് കോർപ്പറേഷൻ ആവശ്യപ്പെടുന്നതെന്ന് സർക്കാരോ കെ.എസ്.ഇ.ബി.യോ വെളിപ്പെടുത്തിയിട്ടില്ല. മുൻപ് 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നിർദേശം വിമർശനമുണ്ടാക്കിയിരുന്നു.

മഹാജെൻഗോയുമായി കെ.എസ്.ഇ.ബി. ഡയറക്ടർമാരാണ് ചർച്ചനടത്തിയത്. നാസികിൽ ഡിസംബറിൽ പ്രവർത്തനസജ്ജമാകുന്ന നിലയത്തിൽനിന്നാണ് വൈദ്യുതി നൽകാൻ മഹാജെൻഗോ തയ്യാറായത്. ദിവസം മുഴുവൻ കിട്ടുന്നവിധത്തിലാണിത്. വൈദ്യുതി മിച്ചമായ പകലും ഈ വില നൽകേണ്ടിവരുന്നതിനെക്കുറിച്ച് കെ.എസ്.ഇ.ബി.ക്ക് കൂടുതൽ ആലോചിക്കേണ്ടിവരും.

വ്യാഴാഴ്ച തത്സമയവിപണിയിൽനിന്ന് കൂടുതൽ വൈദ്യുതി കിട്ടിയിരുന്നു. അതിനാൽ നിയന്ത്രണം ഒഴിവാക്കാനായി. വെള്ളിയാഴ്ച രാത്രി എട്ടുവരേക്ക്‌ 100 മെഗാവാട്ട് മാത്രമാണ് അധികമായിക്കിട്ടിയത്. അതിനാൽ നിയന്ത്രണം വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചത്.

ഉപഭോഗം 10 കോടിയിലേക്ക്‌

വ്യാഴാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 9.99 കോടിയായി ഉയർന്നു. ഇതുവരെയുള്ള സെപ്റ്റംബർ മാസങ്ങളിൽ ഏറ്റവും കൂടിയ ഉപഭോഗമാണ്. ഈ സെപ്റ്റംബറിൽത്തന്നെ 9.6 കോടി എത്തിയിരുന്നു. കഴിഞ്ഞവർഷം ഇതേസമയം 8.55 കോടി യൂണിറ്റ് മാത്രമായിരുന്നു വേണ്ടിവന്നത്.