തിരുവനന്തപുരം: പ്രവാസിക്ഷേമത്തിന്റെ പേരിൽ ഇടതുസർക്കാരിന്റെ കാലത്ത് രണ്ടുവർഷത്തിലൊരിക്കലുണ്ടായിരുന്ന ലോകകേരള സഭ നടത്തില്ലെന്ന് യു.ഡി.എഫ്. സർക്കാർ. തുടരില്ലെന്ന രാഷ്ട്രീയതീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സഭയുടെ ഹെഡിൽ രണ്ടുകോടി രൂപ അനുവദിച്ചതുകാരണമാണ് സഭ നടത്തുമെന്നതരത്തിൽ പ്രചാരണമുണ്ടായത്. ഇതിലാണ് വ്യക്തതവരുത്തിയത്.

To advertise here,

ഇപ്പോഴും പ്രവർത്തിക്കുന്ന ലോകകേരളസഭാ സെക്രട്ടേറിയറ്റിന്റെ ഭരണപരമായ ചെലവുകൾക്ക് 50 ലക്ഷവും പ്രവാസിക്ഷേമപദ്ധതികളുടെ പ്രാരംഭപ്രവർത്തനത്തിന് ഒരുകോടിയും നോർക്കയുടെ നേതൃത്വത്തിൽ ബിസിനസ് ലീഡേഴ്‌സ് മീറ്റിന് 50 ലക്ഷവും ഉൾപ്പെടെയാണ് രണ്ടുകോടി അനുവദിച്ചത്. കേരളസഭാ സെക്രട്ടേറിയറ്റ് വൈകാതെ നിർത്തലാക്കും. ലോകകേരളസഭയുടെ പേരിൽ ധൂർത്ത് നടത്തുന്നുവെന്ന വിമർശനമാണ് പ്രതിപക്ഷത്തായിരുന്നപ്പോൾ യു.ഡി.എഫ്. ഉയർത്തിയിരുന്നത്.

അതേസമയം കുട്ടികൾ, യുവാക്കൾ, മുതിർന്നവർ തുടങ്ങി എല്ലാ മറുനാടൻമലയാളികൾക്കും പ്രതിഭതെളിയിക്കാനുള്ള വേദിയായ ആഗോള സാംസ്കാരികോത്സവത്തിന് ഒരുകോടി രൂപ പ്രത്യേകമായി പ്രവാസികാര്യകുപ്പ് അനുവദിച്ച് മറ്റൊരു ഉത്തരവിറക്കുകയും ചെയ്തു.