കൊല്ലം: ബി.ജെ.പി. തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദത്തിൽ, മുൻ ഡി.ജി.പി. ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള പാർട്ടി കമ്മിഷന്റെ അന്വേഷണം വഴിമുട്ടി. നിർണായക മൊഴി നൽകേണ്ടവർ ഹാജരാകാത്തതാണു കാരണം.
1.75 കോടിക്ക് പ്രചാരണസാമഗ്രികൾ വാങ്ങാൻ നൽകിയ കരാറിൽ, തിരഞ്ഞെടുപ്പുസമയത്ത് ഓഫീസ് ചുമതലയുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറിക്ക് കമ്മിഷനായി 31 ലക്ഷം രൂപ നൽകിയെന്നു പറയുന്ന കമ്പനി പ്രതിനിധിയാണ് പ്രധാനമായും മൊഴി നൽകാനുള്ളത്. ഈ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ബി.ജെ.പി. നേതാവും മൊഴി നൽകിയിട്ടില്ല. കമ്മിഷൻ വിളിപ്പിച്ചപ്പോൾ നാട്ടിലില്ല എന്നാണിവർ പറഞ്ഞത്. എന്നാൽ, ഇതിലൊരാൾ തിരുവനന്തപുരത്ത് വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രം പാർട്ടിനേതാക്കൾക്കിടയിൽ പ്രചരിച്ചു. ഇതോടെ മനഃപൂർവം ഇവർ മൊഴിനൽകാതിരിക്കുകയാണെന്ന് സംശയമുയർന്നിട്ടുണ്ട്. പ്രധാനികളുടെ മൊഴിയില്ലാതെയാണ് അന്വേഷണ കമ്മിഷൻ പ്രാഥമിക റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിനു കൈമാറിയത്.
കരാർ ഏറ്റെടുത്ത സ്ഥാപനത്തിന്റെ പ്രതിനിധിയിൽനിന്ന് സംസ്ഥാന സെക്രട്ടറി കമ്മിഷൻ വാങ്ങിയെന്ന്, ദേശീയ സംഘടനാ സെക്രട്ടറിക്കു പരാതി നൽകിയ തിരഞ്ഞെടുപ്പ് മാനേജിങ് കമ്മിറ്റിയംഗം മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെ വിളിപ്പിച്ചത്. ഈ സ്ഥാപനം, തലസ്ഥാനത്തെ ബി.ജെ.പി. നേതാവിന്റെ പേരിലാണെന്ന് പിന്നീടാണ് കണ്ടെത്തിയത്. പരാതിക്കാരൻ സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന വിവരവും പരാതിയിൽ പറഞ്ഞിരുന്നില്ല. രണ്ടുതവണ വിളിച്ചിട്ടും ഇവർ മൊഴി നൽകിയിട്ടില്ല. അന്വേഷണം വിപുലമായി നടന്നാൽ പരാതിക്കു പിന്നിലുള്ള ചില ബി.ജെ.പി. നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നതാണ് മൊഴി നൽകാത്തതിനു കാരണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.
ക്രമക്കേടുമായി ബന്ധമുള്ള സംസ്ഥാന ഓഫീസിലെ ചിലർക്ക് കേന്ദ്രനേതാക്കളുമായുള്ള ബന്ധം അന്വേഷണത്തിന്റെ വഴിമുടക്കിയെന്നും അവർ പറയുന്നു. അന്തിമ റിപ്പോർട്ട് എന്നു നൽകാനാകുമെന്ന് ഉറപ്പില്ലെന്ന് ജേക്കബ് തോമസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
Content Highlights: BJP election fund scam investigation led by Jacob Thomas has stalled., Key witnesses failed to appear before the inquiry commission., Controversy involves a 1.75 crore campaign material contract and alleged 31 lakh commission., Preliminary report submitted to central leadership without key testimonies.
Published: 22 Sept 2026, 04:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented