തിരുവനന്തപുരം: വിദ്യാർഥികൾക്ക് കൗതുകമായി ഹയർ സെക്കൻഡറി ഒന്നാം വർഷ മോഡൽ പരീക്ഷയിലെ ചോദ്യം. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലീഷ് പരീക്ഷയിലെ ജീവിതരേഖ തയ്യാറാക്കാനുള്ള ചോദ്യമായിരുന്നു വിദ്യാർഥികൾക്ക് കൗതുകവും ആവേശവും സൃഷ്ടിച്ചത്.

To advertise here,

പ്രമുഖ ഇംഗ്ലീഷ് എഴുത്തുകാരുടെയോ ശാസ്ത്രജ്ഞരുടെയോ പേരുകൾ ഇടംപിടിക്കാറുള്ള ചോദ്യപേപ്പറിൽ ഇത്തവണ നടൻ മോഹൻലാലിന്റെ ജീവിതരേഖ തയ്യാറാക്കാനായിരുന്നു വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. ചോദ്യത്തിനൊപ്പം മോഹൻലാലിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ചില സൂചനകളും നൽകിയിരുന്നു. 

1978-ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി തുടങ്ങിയ താരം അഞ്ച് ദേശീയ പുരസ്കാരങ്ങൾ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കി. ഇതൊക്കെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവിതരേഖ തയ്യാറാക്കാനായിരുന്നു ചോദ്യത്തിൽ ആവശ്യപ്പെട്ടത്. ജനനംമുതൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് വരെയുള്ള നേട്ടങ്ങളും ചോദ്യസൂചികയിലുണ്ടായിരുന്നു.

മണിച്ചിത്രത്താഴ്, തന്മാത്ര, ഒടിയൻ, നേര് തുടങ്ങി മോഹൻലാലിന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങളുടെ പട്ടികയും വരാനിരിക്കുന്ന ചിത്രങ്ങളുടെ സൂചനയും ചോദ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. പരീക്ഷാച്ചൂടിനിടെ പ്രിയതാരത്തെക്കുറിച്ചുള്ള ചോദ്യം വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്നതായിരുന്നു.

എന്നാൽ, ചോദ്യത്തിലെ ചില വസ്തുതാപരമായ പിഴവുകൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. 1978-ൽ തിരനോട്ടം എന്ന സിനിമയിലൂടെയാണ് മോഹൻലാൽ അഭിനയരംഗത്ത് എത്തിയത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 1980-ലാണ് റിലീസ് ചെയ്തത് എന്നാണ് വിമർശകർ തിരുത്തുന്നത്. ജോലി സംബന്ധിച്ച സൂചനയിലുള്ള 'സോ കോൾഡ് സൂപ്പർ സ്റ്റാർ' എന്ന പ്രയോഗത്തെയും ചിലർ വിമർശിക്കുന്നുണ്ട്.