ആലപ്പുഴ: ഹയർ സെക്കൻഡറി സ്കൂളുകളിൽ ഓരോ വർഷവും അധികബാച്ചുകൾ അനുവദിക്കാറുണ്ടെങ്കിലും അതിനനുസരിച്ച് അധ്യാപകരെ നിയമിക്കാൻ നടപടിയില്ല. മുന്നൂറോളം ബാച്ചുകളിലായി വിവിധ വിഷയങ്ങളിൽ അധ്യാപകരില്ല. 176 സർക്കാർ സ്കൂളുകളുടെ പ്രവർത്തനം ഇതു കാരണം പ്രതിസന്ധിയിലാണ്.

To advertise here,

എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ച ശേഷമാണ് മിക്കവാറും സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ളസ് വണിന് അധികബാച്ചുകൾ അനുവദിക്കുക. എയ്ഡഡ് സ്കൂളുകളിൽ പൊതുവേ ഉടൻ നിയമനം നടക്കാറുണ്ട്.

എന്നാൽ, സർക്കാർ സ്കൂളുകളിൽ ബാച്ചുകളിലെല്ലാം അധ്യാപകരുടെ സ്ഥിരനിയമനം നടക്കാറില്ല. പ്രിൻസിപ്പൽമാർ മുൻകൈയെടുത്ത് താത്കാലിക അധ്യാപക നിയമനം നടത്തിയാണ് പ്രശ്നം പരിഹരിക്കുക. ഇത്തരം അധ്യാപകരിൽ നല്ലൊരു കൂട്ടരും മറ്റുജോലി കിട്ടി പോകുന്നതോടെ അധ്യാപകക്ഷാമം തുടരും.

എല്ലാവർഷവും പ്ലസ് വൺ പ്രവേശനം പൂർത്തിയാകുമ്പോൾ തസ്തികനിർണയത്തിനുള്ള പരിശോധന നടത്താറുണ്ട്. എന്നാൽ, ഇതു മിക്കവാറും അവസാനിക്കുന്നത് അടുത്ത ജൂൺ ആകുമ്പോഴാണ്. അതിനാൽ തസ്തികനിർണയത്തിന്റെ ഫലം അതതുവർഷം കിട്ടാറില്ല. തസ്തികനിർണയം പൂർത്തിയാക്കിയ 76 സ്കൂളുകളിൽ ആറുവർഷമായി സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടുമില്ല.

ഏറ്റവും കൂടുതൽ പ്രതിസന്ധി പട്ടികജാതി-വർഗ വിഭാഗങ്ങൾ ആശ്രയിക്കുന്ന മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലാണ്. 14 മോ‍‍ഡൽ സ്കൂളുകളിലെ പുതിയ 14 ബാച്ചുകളിൽ ഇപ്പോൾ സ്ഥിരം അധ്യാപകരില്ല.

ഹയർ സെക്കൻഡറി അധ്യാപകരുടെ പി.എസ്.സി. റാങ്കുപട്ടിക 2023-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ പലതിന്റെയും കാലാവധി തീരാറായി. സർക്കാർ ഇക്കാര്യത്തിൽ പ്രത്യേക താത്പര്യമെടുക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ.

പുതിയ ബാച്ചുകൾ താത്കാലികമായാണ് അനുവദിക്കുന്നത്. അതു സ്ഥിരമാകുമ്പോൾ മാത്രമാണ് സ്ഥിരം നിയമനങ്ങളും നടക്കുക. തസ്തികനിർണയം പൂർത്തിയായ ഇടങ്ങളിൽ നിയമനം നടത്താൻ നടപടിയെടുത്തതായി ഹയർ സെക്കൻഡറി വകുപ്പ് അക്കാദമിക് വിഭാഗം അറിയിച്ചു.