കൊല്ലം: ഒഴിവു വരുന്ന തസ്തികകൾ, പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യേണ്ട തസ്തികയിൽ ആളില്ലാതിരുന്നാൽ എന്തു ചെയ്യും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഹയർ സെക്കൻഡറി വിഭാഗം ഇത്തരമൊരു പ്രതിസന്ധിയിലാണ്.
ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യേണ്ട എച്ച്.എസ്.എസ്. വിഭാഗം സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തിക ഒരു മാസത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ 475 അധ്യാപക (ജൂനിയർ) തസ്തികകളിൽ ആളില്ലാതായി. പ്ലസ് വൺ ക്ലാസുകൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അധ്യാപകരുടെ കുറവ് അധ്യയനത്തെ ബാധിക്കും. ഒട്ടേറെ അധ്യാപകർ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമാകാനിടയുണ്ട്.
മേയ് 23-ന് 475 ജൂനിയർ അധ്യാപകർക്ക് സീനിയറായി സ്ഥാനക്കയറ്റം ലഭിച്ചു. ഇതുവഴിയുണ്ടായ ജൂനിയർ ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യാത്തത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തിരുന്നയാളെ, ഭരണമാറ്റമുണ്ടായതിനു പിന്നാലെ മേയ് 29-ന് തിരിച്ചയച്ചു. പകരം ആരെയും നിയമിച്ചതുമില്ല. പി.എസ്.സി. നിയമനം പ്രതീക്ഷിച്ചുകഴിയുന്ന റാങ്ക് ജേതാക്കൾ ഡയറക്ടറേറ്റിൽ കയറിയിറങ്ങുകയാണിപ്പോൾ. പുതിയയാളെ ഉടൻ നിയോഗിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പകരം ചുമതല നൽകിയ ഉദ്യോഗസ്ഥനെക്കൊണ്ട് ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാമെന്നാണ് ഇപ്പോഴത്തെ മറുപടി. അദ്ദേഹവും അവധിയിലാണ്. സെക്‌ഷൻ ക്ലാർക്കാകട്ടെ സെൻസസ് ഡ്യൂട്ടിയിലും.
മലയാളം, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങി കന്നഡവരെ 18 വിഷയങ്ങളിലായാണ് 475 ഒഴിവുകളുള്ളത്. കെമിസ്ട്രിക്കാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ-54 എണ്ണം. ഒരു ഒഴിവു മാത്രമുള്ള കന്നടയ്ക്കാണ് ഏറ്റവും കുറവ്. ഒഴിവ് റിപ്പോർട്ട് ചെയ്ത് 20-30 ദിവസത്തിനുള്ളിൽ പി.എസ്.സി. അഡ്വൈസ് മെമ്മോ അയയ്ക്കണമെന്നാണ് ചട്ടം. പിന്നീട് 90 ദിവസത്തിനുള്ളിൽ പൊതുവിദ്യാഭ്യാസവകുപ്പാണ് നിയമന ഉത്തരവ് നൽകേണ്ടത്. ഈ നടപടിക്രമങ്ങൾക്ക് പരമാവധി സമയമായ യഥാക്രമം 30 ദിവസവും 90 ദിവസവുമെടുത്താൽ ഹയർ സെക്കൻഡറി സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കും.
Content Highlights: 475 Junior Teacher vacancies across 18 subjects remain unreported to PSC., Administrative vacancy in the Directorate of General Education causing the delay., Delay impacts upcoming Plus One classes and current rank holders., Census duty and administrative staff shortages exacerbating the crisis., Legal timeline for PSC advice and appointment is at risk of being breached.
Published: 02 Jul 2026, 08:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented