കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ സി.പി.എം. തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന്റെ ചോദ്യംചെയ്യൽ അവസാനിച്ചു. കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഇ.ഡിക്കു പുറമേ ആദായ നികുതി വകുപ്പും എം.എം. വർഗീസിനെ ചോദ്യംചെയ്തു. ഫോൺ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.

To advertise here,

തൃശ്ശൂർ എം.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിലെ സി.പി.എം. അക്കൗണ്ടിൽനിന്ന് എം.എം. വർഗീസ് ഒരു കോടി രൂപ പിൻവലിച്ചുവെന്നാണ് കണ്ടെത്തൽ. ഇതടക്കം അക്കൗണ്ടിലെ ആറുകോടി രൂപയുടെ ആദായനകുതി അടച്ചിട്ടില്ലെനാണ് വകുപ്പ് പറയുന്നത്.

എം.എം. വർഗീസും തൃശ്ശൂർ നഗരസഭാ കൗൺസിലർ പി.കെ. ഷാജനും രാവിലെ പത്തുമണിയോടെയാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്. ഏഴുമണിയോടെ ചോദ്യംചെയ്യൽ പൂർത്തിയാക്കി ഷാജനെ ഇ.ഡി. വിട്ടയച്ചു. എന്നാൽ, എം.എം. വർഗീസിന്റെ ചോദ്യംചെയ്യൽ നീണ്ടുപോയി. ഇതിനിടെയാണ് ആദായനികുതി വകുപ്പിന്റെ ഉദ്യോഗസ്ഥരും ഇ.ഡി. ഓഫീസിലേക്കെത്തിയത്.

സി.പി.എമ്മിന്റെ രഹസ്യ അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എം.എം. വർഗീസിൽനിന്ന് തേടിയത്. ഇതിന് പിന്നാലെയാണ്‌ ആദായനികുതി വകുപ്പ് തൃശ്ശൂരിൽ അപ്രതീക്ഷിത റെയ്ഡ് നടത്തിയത്. ചോദ്യംചെയ്യൽ നടക്കുമ്പോൾ സമാന്തരമായിട്ടായിരുന്നു റെയ്ഡ്. ഈ പരിശോധനയിലാണ് എം.എം. വർഗീസ് ഒരുകോടി രൂപ പിൻവലിച്ചതായി കണ്ടെത്തിയത്. അതേസമയം, സി.പി.എമ്മിന് രഹസ്യ അക്കൗണ്ടുകളില്ലെന്ന് ചോദ്യംചെയ്യലിന് ശേഷം പുറത്തിറങ്ങിയ എം.എം. വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.