കൊച്ചി: ലോക ശ്ര​ദ്ധയിലേക്ക് വീണ്ടും കടമക്കുടിയെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി മാതൃഭൂമി പ്രദ്ധീകരിച്ച വാർത്ത മന്ത്രി പി മുഹമ്മദ് റിയാസിന് സമർപ്പിച്ചു. കടമക്കുടിയുടെ വികസന സാധ്യതകൾ പറഞ്ഞ് മാതൃഭൂമി 'വൗ കൊച്ചി'പേജിൽ പ്രസിദ്ധീകരിച്ച 'കാണാം കടമക്കുടി' എന്ന വാർത്തയാണ് മന്ത്രിക്ക് സമർപ്പിച്ചത്. 

To advertise here,

എറണാകുളം ​ഗസ്റ്റ്ഹൗസിൽ എത്തിയ മന്ത്രിക്ക് മാതൃഭൂമി വൈസ് പ്രസിഡൻറ് പബ്ലിക് റിലേഷൻസ് പി.വി. മിനി, കൊച്ചി യൂണിറ്റ് മാനേജർ ഐശ്വര്യ ദാസ്, സീനിയർ ന്യൂസ് എഡിറ്റർ എസ് പ്രകാശ് എന്നിവർ ചേർന്നാണ് വാർത്ത പേജ് കൈമാറിയത്. 

പെരിയാറിന്റേയും വേമ്പനാട്ടുകായലിന്റേയും ഇടയിലായി ചിന്നിച്ചിതറി കിടക്കുന്ന പതിമൂന്ന് ദ്വീപുകളുടെ സമുച്ചയമാണ് കടമക്കുടി. കൊച്ചിയുടെ തിരക്കുകളിൽ നിന്നും മാറി വിശാലമായ പൊക്കാളി പാടങ്ങളും കണ്ടൽക്കാടുകളും പച്ചപ്പും വിരുന്നുവരുന്ന ദേശാടനപ്പക്ഷികളും മത്സ്യ സമ്പത്തുമെല്ലാം നിറഞ്ഞ ഇടമാണ് ഇത്. കായൽ ഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനും അല്പം സല്ലപിക്കാനുമെല്ലാം പ്രകൃതി ഒരുക്കിയ അത്ഭുതങ്ങളിൽ ഒന്നാണ് കടമക്കുടി. 

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കടമക്കുടിയിലേക്ക് ഡിസംബറിൽ വരുമെന്ന് മഹീന്ദ്ര​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. പിന്നാലെ അദ്ദേഹത്തെ മന്ത്രി മുഹമ്മദ് റിയാസ് സ്വാ​ഗതം ചെയ്യുകയും ചെയ്തിരുന്നു. 

നിരവധി പേരാണ് ദിവസവും കടമക്കുടി ആസ്വദിക്കാനായി എത്തുന്നതെങ്കിലും ഇപ്പോഴും മതിയായ സൗകര്യങ്ങളൊരുക്കാനോ ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ മെച്ചപ്പെടുത്താനോ സാധിച്ചിട്ടില്ല. കടമക്കുടിയുടെ ടൂറിസം സാധ്യതകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാ​ഗമായാണ് കാണാം കടമക്കുടി എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത മന്ത്രിക്ക് കൈമാറിയത്.