കൊച്ചി: ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം വേദനാജനകമായ കാര്യമാണെന്ന് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഭരണഘടനയ്‌ക്കെതിരായ പ്രവൃത്തിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍മതത്തെ വിദേശമതമായാണ് ഇപ്പോഴും ഇന്ത്യയില്‍ കാണുന്നത്. രണ്ടായിരംകാലം പഴക്കമുള്ള ഇന്ത്യയുടെ തന്നെ മതമാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

മറ്റുപല ക്രൈസ്തവ രാജ്യങ്ങളും ക്രിസ്തുവിനേക്കുറിച്ച് കേള്‍ക്കുന്നതിന് മുന്‍പേ ഇന്ത്യയില്‍ ക്രിസ്തുമതമുണ്ട്. രാഷ്ട്രനിര്‍മിതിക്ക് സംഭാവന നല്‍കിയിട്ടുള്ള സമുദായമാണ്. ഇന്ത്യയില്‍ പല ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഭയത്തിലാണ് ജീവിക്കുന്നത്. അതിന്റെ കാരണം ഇതുപോലുള്ള സംഭവങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗ്രയിലെ ആശുപത്രിയിലെ ജോലിക്കായാണ് പെണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ കൊണ്ടുപോയത്. മൂന്നു പെണ്‍കുട്ടികളും ക്രിസ്ത്യാനികളും പ്രായപൂര്‍ത്തിയായവരുമാണ്. പെണ്‍കുട്ടികള്‍ വരാന്‍ തയ്യാറായപ്പോള്‍ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകള്‍ ഛത്തീസ്ഗഢിലെത്തിയത്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി. മനുഷ്യക്കടത്തെന്ന കുറ്റമാണ് ആദ്യം കന്യാസ്ത്രീകള്‍ക്ക് മേല്‍ ചുമത്തിയത്. പിന്നീട് രണ്ടാമത്തെ എഫ്‌ഐആറില്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്ന കുറ്റവും ചുമത്തിയെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. 

ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണം. മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ഭാരതം ആരു ഭരിച്ചാലും മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാടാണ്. അത് സംരക്ഷിക്കപ്പെടണം. ചില ഫ്രിഞ്ച് ഗ്രൂപ്പുകള്‍-തീവ്ര സംഘടനകള്‍ ഒക്കെയാണ് ചെയ്തതെന്ന ആരോപണമുണ്ട്. അത് ഇല്ലാതാക്കാന്‍ എല്ലാവരും ബന്ധപ്പെടണം. കേരളത്തില്‍നിന്നുള്ള എംപിമാരോട്, ബിജെപി എംപിയോട് അടക്കം സംസാരിക്കുകയും വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ആരോടും വിരോധമില്ല, മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ചിലര്‍ പറഞ്ഞു, സിസ്റ്റര്‍മാര്‍ വേഷം മാറണമെന്ന്. സിസ്റ്റര്‍മാര്‍ കാരുണ്യപ്രവൃത്തികളുടെ പ്രതീകമാണ്. അതൊക്കെ മാറണമെന്ന് പറയുന്നത് മതസ്വാതന്ത്ര്യത്തിന് എതിരായ പ്രവര്‍ത്തനമാണ്. കന്യാസ്ത്രീകൾ എത്രയുംവേഗം മോചിപ്പിക്കപ്പെടണം. ഇനി ഇത്തരം വിഷയങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു. 

ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി.