തിരുവനന്തപുരം: കെഎസ്ഇബിയോട് ചോദ്യങ്ങളുമായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ വിഇഎച്ച് ഗ്ലോബൽ എന്ന കമ്പനിയിൽനിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയ സംഭവത്തിലാണ് നടപടി. ടെൻഡറില്ലാതെ എങ്ങനെ കരാറിൽ ഏർപ്പെട്ടു എന്നതുൾപ്പെടെ 15 ചോദ്യങ്ങളാണ് റെഗുലേറ്ററി കമ്മിഷൻ ഉന്നയിച്ചിട്ടുള്ളത്.

To advertise here,

എം.ജി. രാജമാണിക്യം കെഎസ്ഇബി ചെയർമാനായിരുന്ന കാലത്താണ് നാലുരൂപാ നിരക്കുള്ള കാറ്റാടി വൈദ്യുതി 11 രൂപയ്ക്ക് വാങ്ങിയത്. മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതവകുപ്പുമന്ത്രി സണ്ണി ജോസഫും അറിഞ്ഞാണ് വൈദ്യുതി വാങ്ങൽ നടന്നതെന്ന് തെളിയിക്കുന്ന രേഖകൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

ഒക്ടോബർ മാസത്തിലാണ് സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടത്. ആ സമയത്ത് ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ക്രമീകരണം ഒരുക്കിയിരുന്നു. പിന്നാലെ ഒക്ടോബർ അവസാനത്തോടെ ജിഎൻഎ വിവാദം തലപൊക്കി. എന്നാൽ, അതിനും മുൻപേ സെപ്റ്റംബർ മാസത്തിൽ വിഇഎച്ച് ഗ്ലോബൽ എന്ന ഉത്പാദകരിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ ഉണ്ടാക്കിയിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ടെൻഡറില്ലാത്ത കരാറായിരുന്നു ഇത്.

കാറ്റാടിയിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക്, റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചിരിക്കുന്ന നിരക്ക് താരതമ്യേന കുറവാണ്. നാലര രൂപ, മൂന്നര രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇതിൽ കൂടാറില്ല. അങ്ങനെയിരിക്കേയാണ് 11 രൂപാ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയത്. പീക്ക് സമയത്തുപോലും പത്തുരൂപയിൽ കൂടുതൽ നിരക്കിൽ വൈദ്യുതി വാങ്ങരുതെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ കർശന നിർദേശമുണ്ട്.

വിഇഎച്ചിൽനിന്ന് വൈദ്യുതി വാങ്ങിയ സമയത്ത് കെഎസ്ഇബിയുടെ ചെയർമാനും ഊർജസെക്രട്ടറിയും രാജമാണിക്യം തന്നെയായിരുന്നു. അങ്ങനെ കെഎസ്ഇബിയുടെ ചെയർമാനായ രാജമാണിക്യം, ഊർജ സെക്രട്ടറിയായ രാജമാണിക്യത്തിന് കത്ത് അയക്കുകയും ചെയ്തു. 21-09-2026-ലാണ് മുഖ്യമന്ത്രി വി.ഡി. സതീശന് മുന്നിലേക്ക് ഫയൽ എത്തുന്നത്. അദ്ദേഹം അത് ചീഫ് സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് അയച്ചു. അതേദിവസം തന്നെ ചീഫ് സെക്രട്ടറി അത് രാജമാണിക്യത്തിന് അയച്ചു. മന്ത്രി സണ്ണി ജോസഫ് 19-09-2026-ലാണ് ഈ ഫയൽ ചീഫ് സെക്രട്ടറിക്ക് അയച്ചിട്ടുള്ളത്.