തിരുവനന്തപുരം: മാനവീയം വീഥിയിലെ പരിപാടിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിൽ സാംസ്കാരിക പ്രവർത്തകരുടെ ഉപരോധം. നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാനവീയം വീഥിയുടെ രജതജൂബിലിയോടനുബന്ധിച്ച് ഗായിക പുഷ്പവതിയുടെ ഗാനപരിപാടിക്ക് അനുമതി നിഷേധിച്ചതാണ് പ്രതിഷേധത്തിന് കാരണം.

To advertise here,

സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പോലീസ് മർദിച്ചെന്ന് ദിയ സന ഉൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തകർ ആരോപിച്ചു. ദിയ സന, മാനവീയം രജതജൂബിലി ആഘോഷ കമ്മിറ്റി ചെയർപേഴ്സൺ ഡി. രഘൂത്തമൻ എന്നിവരുൾപ്പെടെ ആറുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ തങ്ങളെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് ദിയ സന മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. മാനവീയം വീഥിയിൽ പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ സെക്രട്ടറിയുമായി സംസാരിക്കാനാണ് തങ്ങൾ എത്തിയതെന്നും സെക്രട്ടറി അനുമതി ലഭിച്ചതായി കാണിക്കുന്ന രേഖ നൽകിയിരുന്നെങ്കിലും മേയർ ഇടപെട്ട് പരിപാടി തടയുകയായിരുന്നുവെന്നും ദിയ സന ആരോപിച്ചു.

'മേയറുടെ ധാർഷ്ട്യവും വ്യക്തിപരമായ നിലപാടുമാണ് മാനവീയം വീഥിയിലെ കലാപ്രകടനങ്ങൾക്ക് അനുമതി നിഷേധിച്ചതിന് പിന്നിൽ. മാനവീയം വീഥി അനാശാസ്യകേന്ദ്രവും എംഡിഎംഎ കേന്ദ്രവുമാണെന്ന തരത്തിൽ സംസാരിച്ച് സമൂഹത്തിൽ തെറ്റായ ധാരണകൾ സൃഷ്ടിക്കുകയാണ്. നൈറ്റ് ലൈഫിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മാനവീയം വീഥി കച്ചവടവത്കക്കരിക്കപ്പെടുകയാണ്. ഫുഡ് കോർട്ടുകൾക്കും മറ്റും പണം വാങ്ങി അനുമതി നൽകുന്നവർ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നില്ല.

പാട്ടുപാടി പ്രതിഷേധിക്കാനാണ് ഞങ്ങൾ എത്തിയത്. അവിടെ ഇരുന്ന് പ്രതിഷേധിക്കുന്നതിനൊപ്പം പുഷ്പവതിയുടെ പാട്ടാണ് ഞാൻ ആലപിച്ചത്. ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ല. എനിക്ക് സ്വതന്ത്രമായ രാഷ്ട്രീയ നിലപാടാണുള്ളത്. കോർപ്പറേഷൻ മാനവീയം വീഥിയെ രാഷ്ട്രീയവത്കരിക്കുകയാണ്.

രഘൂത്തമനെപ്പോലെയുള്ള കലാകാരന്മാരെ ഉൾപ്പെടെ പോലീസ് ബലംപ്രയോഗിച്ചാണ് പിടിച്ചുകൊണ്ടുപോയത്. പ്രതിഷേധക്കാരെ വലിച്ചിഴച്ച് ശാരീരികമായി ഉപദ്രവിച്ചാണ് പോലീസ് വാഹനത്തിൽ കയറ്റിയത്. പോലീസിന്റെ ഭാഗത്തുനിന്ന് ഉന്തും തള്ളുമുണ്ടായി. സമാധാനപരമായി പ്രതിഷേധിച്ച ഞങ്ങളോടാണ് ഈ നടപടി', ദിയ സന പറഞ്ഞു.