ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ ഡൽഹിയിൽ അറസ്റ്റിലായ പ്രതിയെ മുംബൈ കോടതി വിട്ടയച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് ശനിയാഴ്ച മജിസ്ട്രേറ്റ് കോടതി പ്രതിയായ ആര്യൻ ദീപക് ജെയിനിനെ മോചിപ്പിച്ചത്.

To advertise here,

സോഷ്യൽ മീഡിയയിലൂടെ ഡൽഹി സ്വദേശി തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് കാണിച്ച് സൊനാക്ഷി സിൻഹ നൽകിയ പരാതിയിൽ വെള്ളിയാഴ്ചയാണ് ബാന്ദ്ര പോലീസ് കേസെടുത്തത്. തുടർന്ന് ശനിയാഴ്ച രാവിലെ 10.11-ഓടെ ഡൽഹിയിലെ ഷഹ്ദാരയിലുള്ള ജഗത്പുരി പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ആര്യൻ ദീപക് ജെയിനിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനുശേഷം

പ്രതിയെ മുംബൈയിലെത്തിച്ച് ബാന്ദ്ര കോടതിയിൽ ഹാജരാക്കുകയായിരുന്നു. എന്നാൽ, ഡൽഹിയിൽനിന്ന് മുംബൈയിലേക്ക് കൊണ്ടുവരുന്നതിൽ പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ മജിസ്ട്രേറ്റ് പ്രതിയെ വിട്ടയയ്ക്കാൻ ഉത്തരവിട്ടു.

ഡൽഹിയിലെ ഏറ്റവും അടുത്തുള്ള മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെയാണ് പ്രതിയെ നേരിട്ട് ബാന്ദ്ര കോടതിയുടെ പരിധിയിലേക്ക് കൊണ്ടുവന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

ചിത്രങ്ങൾ നിർമിക്കാൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണം കണ്ടെത്തുന്നതിനും തുടരന്വേഷണത്തിനുമായി പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു ബാന്ദ്ര പോലീസിന്റെ ആവശ്യം. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകരായ അമൻ ഷാഹി, പ്രശാന്ത് ത്രിവേദി, ആദിത്യ ജെയിൻ എന്നിവർ കസ്റ്റഡി അപേക്ഷയെ ശക്തമായി എതിർത്തു.

അറസ്റ്റിന് മുമ്പ് നോട്ടീസ് നൽകിയില്ലെന്നും കാരണങ്ങൾ അറിയിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു. ഡൽഹിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ പ്രതിയെ വിമാനമാർഗം മുംബൈയിലേക്ക് കൊണ്ടുവരികയായിരുന്നു. പരാതിക്കാരിയുടെ സ്വാധീനം കാരണമാണ് പോലീസ് അസാധാരണമായ തിടുക്കം കാണിച്ചതെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.