ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ മുംബൈയിലെ 'ജൽസ' എന്ന വസതി ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള പദ്ധതി ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ രണ്ട് ഷാർപ്പ് ഷൂട്ടർമാരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ വികാസ് ഠാക്കൂർ എന്ന വിക്കി, തരൺ താരൻ സ്വദേശിയായ ദീപക് സിങ് എന്ന ദീപ് എന്നിവരാണ് പിടിയിലായത്.

To advertise here,

1984-ലെ സിഖ്‌വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അമിതാഭ് ബച്ചൻ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രസ്താവനയുടെ പേരിലാണ് അദ്ദേഹത്തെ ലക്ഷ്യമിട്ടതെന്നാണ് വിവരം. ഇതിന് പുറമെ ഡൽഹിയിലെ ഒരു വ്യവസായിയെ ആക്രമിക്കാനും ഇവർ പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.

പോലീസ് നടപടിക്ക് പിന്നാലെ അമിതാഭ് ബച്ചൻ എക്‌സിൽ പങ്കുവെച്ച പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 'ബച്ച് ഗയേ' (രക്ഷപ്പെട്ടു) എന്നുമാത്രമാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. പോസ്റ്റിന്റെ പശ്ചാത്തലം വ്യക്തമല്ല.

രഹസ്യവിവരത്തെ തുടർന്ന് ആദ്യം വികാസിനെയും തുടർന്ന് മുംബൈയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ദീപക്കിനെയും പോലീസ് പിടികൂടുകയായിരുന്നു. അമിതാഭ് ബച്ചനെ ആക്രമിക്കാനുള്ള ചുമതല ദീപക്കിനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗൂഢാലോചനയ്ക്ക് പിന്നിലെ കൃത്യമായ ലക്ഷ്യം, പ്രതികൾ തമ്മിലുള്ള ബന്ധം, ഇവർക്ക് നിർദേശങ്ങൾ ലഭിച്ച ഉറവിടം എന്നിവയെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

പിടിയിലായ വികാസ് ഠാക്കൂർ (25) പ്രായപൂർത്തിയാകുംമുൻപ് തന്നെ ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. 2019-ലെ പിടിച്ചുപറി കേസിൽ പ്രതിയാണ്. 2023-ൽ ഗുണ്ടാത്തലവൻ അൻമോൽ ബിഷ്ണോയിക്കായി അനധികൃതമായി ആയുധങ്ങൾ എത്തിച്ചുനൽകാൻ തുടങ്ങി. അൻമോലിന്റെ അറസ്റ്റിന് ശേഷം അനിൽ പണ്ഡിറ്റ്, രൺദീപ് മാലിക് എന്നിവർക്കായി പ്രവർത്തിച്ചു. സംഘത്തിലേക്ക് പുതിയ ആളുകളെ ചേർക്കുക, ആയുധങ്ങൾ എത്തിക്കുക, പണം തട്ടുന്നതിനായി വ്യവസായികളെ നിരീക്ഷിക്കുക എന്നിവയായിരുന്നു ഇയാളുടെ ചുമതലകൾ. പിന്നീട് ഏതെങ്കിലും സംഘങ്ങൾക്ക് പകരം കൂടുതൽ പണം നൽകുന്നവർക്കായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന രീതിയിലേക്ക് ഇയാൾ മാറി.

ട്രക്കുകളിൽ സഹായിയായും ഡ്രൈവറായും ജോലി ചെയ്തിരുന്നയാളാണ് ദീപക് സിങ്. ഒക്ടോബർ മൂന്നിന്, അമൃത്സറിൽ ഇൻസ്റ്റാഗ്രാം ഇൻഫ്‌ലുവൻസർ മാഡ് സന്ധുവിനെ കൊല്ലപ്പെട്ട കേസിലും ഇയാൾ പ്രതിയാണ്. കൂട്ടാളിയായ പൽവീന്ദർ എന്ന കാക്കയ്ക്കൊപ്പം ചേർന്നാണ് ദീപക് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അന്നുമുതൽ ഒളിവിലായിരുന്ന ഇയാൾ മുംബൈയിൽ കഴിഞ്ഞുവരികയായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ അമിതാഭ് ബച്ചന് ഇ- മെയിൽ വഴി മൂന്ന് തവണ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഒക്ടോബർ 23-നായിരുന്നു ആദ്യ ഭീഷണി. മേയർ റിതു താവ്ഡെയുടെ ഓഫീസിലും 'ജൽസ'യിലും ആക്രമണം നടത്തുമെന്നായിരുന്നു സന്ദേശം. നവംബർ ആറിന് ലഭിച്ച രണ്ടാമത്തെ ഇ- മെയിലിൽ ജൽസ, ബോംബെ ഹൈക്കോടതി, ബി.എസ്.ഇ എന്നിവിടങ്ങളിൽ ബോംബ് ആക്രമണം നടക്കുമെന്നായിരുന്നു ഭീഷണി. നവംബർ 27-ന് മഹാലക്ഷ്മി റേസ് കോഴ്‌സ് മേഖലയിൽ നടക്കുന്ന ഗായകൻ ദിൽജിത് ദൊസാഞ്ജിന്റെ സംഗീതനിശയിൽ ആക്രമണമുണ്ടാകുമെന്നും ഭീഷണിയുണ്ടായിരുന്നു. നവംബർ 12-ന് ലഭിച്ച മൂന്നാമത്തെ ഭീഷണിയിൽ ജൽസ, മുംബൈ വിമാനത്താവളം, മേയറുടെ ഓഫീസ്, വിവിധ ബാങ്കുകൾ എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.

മൂന്ന് സന്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. എങ്കിലും മുംബൈ പോലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജുഹുവിലെ 'ജൽസ'യ്ക്ക് പുറത്ത് കൂടുതൽ പോലീസുകാരെ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു.

നവംബർ ഒന്നിന് മുംബൈയിലെ വസതിക്ക് പുറത്ത് ആരാധകരെ കാണാനെത്തിയപ്പോൾ അമിതാഭ് ബച്ചൻ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിലായിരുന്നു നിന്നത്. എന്നാൽ, തുടർന്നുള്ള ഞായറാഴ്ചകളിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഒഴിവാക്കിയാണ് അദ്ദേഹം ആരാധകരെ കണ്ടത്. കഴിഞ്ഞ ദിവസം ആരാധകരെ കണ്ട ശേഷമാണ് അമിതാഭ് ബച്ചന്റെ സാമൂഹികമാധ്യമ പോസ്റ്റ്.