'കേരളത്തിന്റെ വൈദ്യുത നയം തിരുത്തിയെഴുതും. സോളർ ആയിരിക്കും അതിന്റെ പ്രധാന ഘടകം' സമീപകാല വൈദ്യുത പ്രതിസന്ധിക്കിടയിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പ്രഖ്യാപനമാണിത്. യുഡിഎഫ് സർക്കാർ അധികാരമേറ്റത് മുതൽ നേരിട്ടുക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വൈദ്യുതി. കാലാവസ്ഥാ വ്യതിയാനവും ഉപഭോഗത്തിലുണ്ടായ വർധനവും കണക്കിലെടുക്കുമ്പോൾ കേരളത്തിന്റെ ഭാവിയിലെ ഏറ്റവും വലിയ പ്രതിസന്ധി വൈദ്യുതിയായിരിക്കുമെന്ന തിരിച്ചറിവിലാണ് സർക്കാർ സൗരോർജ്ജ പദ്ധതികൾ വികസിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. ഒക്ടോബറിൽ ഇത് സംബന്ധിച്ചൊരു നയം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ രൂപംനൽകിയിട്ടില്ല. വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാലു ലക്ഷം വീടുകളിൽ സോളാറെത്തി
സംസ്ഥാനത്ത് ഇതുവരെ നാലുലക്ഷം വീടുകളിൽ പിഎം സൂര്യ ഘർ പദ്ധതി അനുസരിച്ചുള്ള സബ്‌സിഡിയോട് കൂടി സോളാർ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 5,25,207 അപേക്ഷകളാണ് എത്തിയത്. 4,02,954 വീടുകളിൽ സോളാർ സ്ഥാപിച്ചപ്പോൾ ഇതുവരെ 2,583.32 കോടി രൂപ സബ്‌സിഡിയായി വിതരണം ചെയ്തതെന്ന് കേന്ദ്ര സർക്കാർ പറയുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സോളാർ അപേക്ഷകൾ എത്തിയതും സ്ഥാപിച്ചതും എറണാകുളം ജില്ലയിലാണ്. നവംബർ ആറിലെ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിലെ 67,593 വീടുകളിൽ സോളാർ സ്ഥാപിച്ചിട്ടുണ്ട്. ഇത് പരിശോധനയ്ക്കുശേഷം അപ്രൂവൽ നൽകിയ വീടുകളുടെ കണക്കാണ്. പരിശോധന പൂർത്തിയാക്കാനുള്ള വീടുകൾകൂടി കണക്കാക്കുമ്പോൾ എണ്ണം കൂടും. 48,922 കണക്ഷനുകളുമായി തൃശ്ശൂർ ജില്ല രണ്ടാമതും 42,413 കണക്ഷനുകളോടെ തിരുവനന്തപുരം മൂന്നാമതുമാണ്. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറവ്. വയനാട്ടിൽ 2,476 ഉം ഇടുക്കിയിൽ 4,760 വീടുകളിലുമാണ് സോളാർ സ്ഥാപിച്ചിട്ടുള്ളത്.
സോളാറിൽ ലഭ്യമായ സബ്‌സിഡികൾ
കേരളത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന പിഎം സൂര്യ ഘർ പദ്ധതിയുടെ ഭാഗമായിട്ട് മാത്രമാണ് വീടുകളിൽ സ്ഥാപിക്കുന്ന സൗരോർജ യൂണിറ്റുകൾക്ക് സബ്‌സിഡി അനുവദിക്കുന്നത്. സംസ്ഥാനത്തിന്റേതായ സബ്‌സിഡി പദ്ധതി നിലവില്ല. പല സംസ്ഥാനങ്ങളിലും അവരുടെതായ സബ്‌സിഡികൾ നൽകുന്നുണ്ട്. കേരളത്തിൽ പുതിയ നയം വരുമ്പോൾ ഇത്തരമൊരു സബ്‌സിഡി ഉണ്ടാകുമോ എന്നത് കണ്ടറിയണം.
പിഎം സൂര്യ ഘർ പദ്ധതി സൗര എന്ന പേരിലാണ് കെഎസ്ഇബി നിലവിൽ പദ്ധതി നടപ്പാക്കുന്നത്. പരമാവധി 78000 രൂപയാണ് സബ്‌സിഡിയായി ലഭിക്കുക. മൂന്ന് കിലോവാട്ടിന് മുകളിലുള്ള യൂണിറ്റുകൾക്കാണ് പരമാവധി സബ്‌സിഡി തുക നൽകുക. ഒരു കിലോവാട്ടിന് 30000 രൂപയും രണ്ട് കിലോവാട്ടിന് 60000 രൂപയും സബ്‌സിഡിയായി ലഭിക്കും. 2027 മാർച്ച് 31 വരെയാണ് കേന്ദ്ര സർക്കാർ നിലവിൽ സബ്‌സിഡി അനുവദിച്ചിരിക്കുന്നത്. 2024 ഫെബ്രുവരിയിൽ ആരംഭിച്ച പിഎം സൂര്യഘർ പദ്ധതി വഴി 28,000 കോടി രൂപയിലധികം സബ്‌സിഡി ഇതിനോടകം അനുവദിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രി പ്രഹ്ലാദ് ജോഷി ഓഗസ്റ്റിൽ ലോക്‌സഭയിൽ പറഞ്ഞത്.
ഓൺ ഗ്രിഡും ഓഫ് ഗ്രിഡും
രണ്ട് രീതിയിലാണ് സോളാർ പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. ഓൺഗ്രിഡ് സിസ്റ്റവും ഓഫ് ഗ്രിഡ് സിസ്റ്റവും. ബാറ്ററികൾ ആവശ്യമില്ല എന്നതാണ് ഓൺഗ്രിഡിന്റെ സവിശേഷത. വൈദ്യുത ലൈനുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സിസ്റ്റമാണിത്. പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് ബാക്കി വരുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിലൂടെ നെറ്റ് മീറ്ററിങ് സംവിധാനം ഉണ്ടാകും. സോളാറിൽനിന്ന് വീട്ടിലേക്ക് വൈദ്യുതി കിട്ടാതിരിക്കുന്ന രാത്രികാലങ്ങളിലടക്കം കെഎസ്ഇബിയാണ് വൈദ്യുതി നൽകുക. അങ്ങോട്ട് നൽകിയ വൈദ്യുതിയുടെ കണക്കുകൾ കൂട്ടിക്കിഴിച്ചാകും പിന്നീട് വൈദ്യുത ബിൽ ലഭ്യമാകുക. വൈദ്യുതി ചെലവ് വലിയ രീതിയിൽ കുറയ്ക്കാൻ സാധിക്കുന്നതിനൊപ്പം ബാറ്ററിയില്ലാത്തത് കൊണ്ട് ഇൻസ്റ്റാളേഷൻ ചാർജും താരതമ്യേന കുറയും. രാത്രികാലങ്ങളിലും മഴക്കാലത്തും കെഎസ്ഇബിയുടെ വൈദ്യുതി ലൈനിൽ കറന്റ് ഉള്ളപ്പോൾ മാത്രമാകും ഓൺ ഗ്രിഡ് സിസ്റ്റം പ്രവർത്തിക്കുക എന്നതാണ് പ്രധാന പോരായ്മ.
ഓൺഗ്രിഡിന് വിഭിന്നമാണ് ഓഫ്ഗ്രിഡ്. കെഎസ്ഇബി വൈദ്യുതി ലൈനുമായി യാതൊരു ബന്ധവുമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംവിധാനമാണിത്. പകൽ സമയത്ത് സോളാർ പാനലുകൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിൽ ഉപയോഗിക്കുന്നതിനൊപ്പം ബാറ്ററികൾ ചാർജ് ചെയ്യുകയും ചെയ്യുന്നു. രാത്രിയിലും സോളാർ ഉത്പാദനം ഇല്ലാത്തപ്പോഴും ബാറ്ററികളിൽ സംഭരിച്ചു വെച്ചിരിക്കുന്ന വൈദ്യുതിയാണ് ഓഫ്ഗ്രിഡ് സംവിധാനത്തിൽ ഉപയോഗിക്കുന്നത്. പവർകട്ടുകൾ ബാധിക്കില്ലെന്നത് പ്രധാന സവിശേഷതയാണ്. എന്നാൽ ബാറ്ററികൾ ആവശ്യമുള്ളതിനാൽ ഈ സിസ്റ്റത്തിന് ചെലവ് കൂടും. ആറോ ഏഴോ വർഷം കൂടുമ്പോൾ ബാറ്ററി മാറ്റിസ്ഥാപിക്കേണ്ടിയും വരും. അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾ ചെലവ് കുറഞ്ഞ ഓൺഗ്രിഡ് സംവിധാനമാണ് സ്ഥാപിക്കുന്നത്.
കേരളത്തിന്റെ ഭാവി
വൈദ്യുത പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ഭാവി സോളാറിലായിരിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇത് സംബന്ധിച്ച നയം സർക്കാർ രൂപവത്കരിക്കാനാണ് പദ്ധതിയിടുന്നത്. സോളാർ അടക്കമുള്ള പദ്ധതികൾക്ക് തടസ്സം നിൽക്കുന്നത് കെഎസ്ഇബിയിലെ ചില ഉന്നതരാണെന്നും പുറത്ത് നിന്ന് കോടികളുടെ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ചില കളികൾ ഇതിന് പിന്നിലുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. കേരളത്തിന്റെ പശ്ചാത്തലത്തിൽ സോളാർ എനർജിക്കുള്ള സാധ്യത വളരെ കൂടുതലാണെന്നും അത് ഈ സർക്കാർ ഉപയോഗപ്പെടുത്തുക തന്നെ ചെയ്യുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
Content Highlights: Kerala is revamping its electricity policy with a strong focus on solar energy to tackle power crises., Over 4 lakh homes in Kerala have installed solar panels under the PM Surya Ghar scheme with Rs 2,583.32 crore in subsidies., Ernakulam leads the state in solar installations, followed by Thrissur and Thiruvananthapuram., Subsidies up to Rs 78,000 are available through the central scheme until March 31, 2027., On-grid solar systems are more popular in Kerala due to lower installation costs compared to off-grid systems.
Published: 16 Nov 2026, 03:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented