തിരുവനന്തപുരം: കോൺഗ്രസിനും കോൺഗ്രസ് നേതാക്കൾക്കുമെതിരായ അധിക്ഷേപങ്ങളുമായി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ കസേരയിൽ ഇരിക്കുന്നത് കെ.സി. വേണുഗോപാലിനെപ്പോലെയുള്ള റൗഡികളാണെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. കോൺഗ്രസിന് ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽവെച്ചേറ്റവും മോശം ഓർഗനൈസിങ് സെക്രട്ടറിയാണ് അദ്ദേഹം. ഗുണ്ടയെപ്പോലെ പെരുമാറുന്ന ഒരാളെ എങ്ങനെയാണ് 21-ാം നൂറ്റാണ്ടിലെ വല്ലഭ്ഭായ് പട്ടേലെന്ന് വിളിക്കാൻ കഴിയുകയെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു.
ഞാൻ അദ്ദേഹത്തെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ഓസ്‌കാർ ഫെർണാണ്ടസിനെയും അഹമ്മദ് പട്ടേലിനെയും പോലുള്ള, മര്യാദയുടെ പ്രതീകങ്ങളായ ഓർഗനൈസിങ് സെക്രട്ടറിമാരെ ഞാൻ കണ്ടിട്ടുണ്ട്. 2019-ലെ തിരഞ്ഞെടുപ്പിൽ മയിലാടുതുറൈ സീറ്റ് സ്റ്റാലിന് വിട്ടുകൊടുത്തതിന് ശേഷം, വിമാനത്തിൽവെച്ച് രാഹുൽ ഗാന്ധി കെ.സി. വേണുഗോപാലിനെക്കൊണ്ട് എന്നെ ഫോൺ ചെയ്യിച്ചിരുന്നു. ഡിഎംകെ.യുമായി ഒരു രഹസ്യ ധാരണയുണ്ടെന്നും പകരം ഒരു രാജ്യസഭാ സീറ്റ് നമുക്ക് ലഭിക്കുമെന്നും അറിയിക്കാനായിരുന്നു അത്. ഞാനായിരിക്കും ആ സ്ഥാനാർഥിയെന്ന് രാഹുൽ പറയാൻ ഏൽപ്പിച്ചതായും വേണുഗോപാൽ എന്നോട് പറഞ്ഞു. ആ വാഗ്ദാനം പാലിക്കപ്പെടുമോ എന്നു ചോദിക്കാനാണ് ഞാൻ അദ്ദേഹത്തെ കാണാൻ പോയത്. എന്നാൽ, അദ്ദേഹം എന്നെ അവിടെനിന്ന് ഇറക്കിവിട്ടു. സർദാർ പട്ടേലിന്റെ സ്ഥാനത്ത് ഇത്തരമൊരു അപരിഷ്‌കൃതനായ മനുഷ്യനെ സങ്കൽപ്പിക്കാൻ സാധിക്കുമോ എന്നും മണിശങ്കർ അയ്യർ ചോദിച്ചു.
അതിനിടെ അടുത്ത തവണയും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാവുമെന്നും മണിശങ്കർ അയ്യർ പറഞ്ഞു. രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തീരാജ് സ്വപ്‌നം പൂർണമായും നടപ്പിലാക്കിയത് കേരളമാണ്. ഈ നേട്ടത്തിൽ പിണറായിയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ഒരു ചടങ്ങിലാണ് മണിശങ്കർ അയ്യർ അദ്ദേഹത്തെ പ്രശംസകൊണ്ട് മൂടിയത്.
മുഖ്യമന്ത്രിയെ ഗാന്ധി എന്നു വിളിക്കാതിരുന്നത് ഭാഗ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അയ്യർക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. അദ്ദേഹത്തിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് ഹൈക്കമാൻഡ് തന്നെ വ്യക്തമാക്കിയതാണ്. പാർട്ടിയിലുണ്ടായിരുന്നപ്പോൾ സകല ആനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം പാർട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയ വ്യക്തിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
Published: 16 Feb 2026, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented