തൃശ്ശൂർ: തോമസ് ഉണ്ണിയാടനെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ലെന്ന് വീണ്ടും ചോദിക്കാനാഗ്രഹിക്കുന്നതായി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.എൻ. പ്രതാപൻ. കേരള കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഉണ്ണിയാടൻ നിയമസഭാംഗമായതിന്റെ 25-ാം വാർഷികത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കുന്നവർ ചേർന്നൊരുക്കിയ സ്‌നേഹാദരം പരിപാടി തൃശ്ശൂർ സാഹിത്യ അക്കാദമി എം.ടി. ഹാളിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചായിരുന്നു പ്രതാപന്റെ പ്രസംഗം. കേരള കോൺഗ്രസിൽ പി.ജെ. ജോസഫ് കഴിഞ്ഞാൽ തൊട്ടുതാഴെയുള്ള, പാർട്ടി ഡെപ്യൂട്ടി ചെയർമാനായ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതു കാണാൻ തിരുവനന്തപുരം സെൻട്രൽസ്റ്റേഡിയത്തിലേക്കു പോകാനൊരുങ്ങിയിരുന്നതായിരുന്നു നമ്മളെല്ലാവരുമെന്ന് പ്രതാപൻ പറഞ്ഞു.

‘കാരണം അദ്ദേഹത്തെക്കാൾ വളരെ താഴെയുള്ളവർ മന്ത്രിമാരായി. എന്തുകഴിവുകുറവാണ് ഉണ്ണിയാടനുള്ളത്. ചിലപ്പോൾ ഉണ്ണിയാടന്റെ അപ്പൻ മന്ത്രിയായിട്ടുണ്ടാകില്ല, ചെയർമാനായിട്ടുണ്ടാകില്ല, പക്ഷേ, ഗവ. ചീഫ്‌വിപ്പ് സ്ഥാനത്തേക്ക്‌ മക്കളെയല്ല, ഉണ്ണിയാടനെയായിരുന്നു കൊണ്ടുവരേണ്ടതെന്നു പറയുന്നതിൽ ആർക്കും പരിഭവവും പരാതിയും തോന്നരുത്. വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്.’ മകൻ അപു ജോസഫിനെ ചീഫ്‌വിപ്പാക്കിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിനെ നേരിട്ട് പരാമർശിക്കാതെ പ്രതാപൻ പറഞ്ഞു.

ഈ സ്വീകരണം തൃശ്ശൂരുകൊണ്ട് നിർത്തരുതെന്നും മറ്റ് ജില്ലകളിലും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസിലെ സംസ്ഥാനനേതാക്കൾ പങ്കെടുത്തില്ലെങ്കിലും ഒട്ടേറെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.

മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, രാജൻ ജെ. പല്ലൻ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷൻ എം.പി. ജാക്‌സൻ, മുൻ ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുറഹ്‌മാൻകുട്ടി, കെ.പി.സി.സി. സെക്രട്ടറി ജോസ് വള്ളൂർ, മുൻ എം.എൽ.എ. എം.പി. വിൻസന്റ് തുടങ്ങിയവർ സംസാരിച്ചു.

ചായ വീണ് എസ്.ഐ.യ്ക്ക് പൊള്ളലേറ്റു

ഇരിങ്ങാലക്കുട: പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കേരള കോൺഗ്രസ് ഇരിങ്ങാലക്കുട എം.എൽ.എ. തോമസ് ഉണ്ണിയാടന് സുഹൃത്തുക്കൾ തൃശ്ശൂരിൽ സ്വീകരണം നൽകുന്ന അതേസമയത്ത് ഇരിങ്ങാലക്കുടയിൽ പാർട്ടിപ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഔദ്യോഗികവിഭാഗം സംഘടിപ്പിച്ച നിയോജകമണ്ഡലം നേതൃസമ്മേളനത്തിനിടയാണ് സംഭവം.

സമ്മേളനം തടയാനെത്തിയ ഉണ്ണിയാടൻ അനുകൂലികളായ യൂത്ത്ഫ്രണ്ട് പ്രവർത്തകരും ഔദ്യോഗികവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാലുപേർക്ക് പരിക്കേറ്റു. സംഘർഷം തടയാനെത്തിയ എസ്.ഐ.യുടെ കൈയിൽ ചായ വീണ് പൊള്ളലേറ്റു.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സൗത്ത് ബസാർ റോഡിലുള്ള വെള്ളാനിക്കാരൻ കോംപ്ലക്സിലായിരുന്നു നേതൃസമ്മേളനം നടന്നത്. നാലോടെ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസിന്റെ പ്രസംഗം അവസാനിച്ചയുടനെയാണ് തോമസ് ഉണ്ണിയാടൻ എം.എൽ.എ.യെയും നിയോജക മണ്ഡലം കമ്മിറ്റിയെയും അറിയിക്കാതെ യോഗം നടത്താനാകില്ലെന്നു ചൂണ്ടിക്കാട്ടി യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് രൻജോ ജോണിയുടെ നേത്വത്തിൽ പ്രവർത്തകർ ഹാളിലേക്കെത്തിയത്.

അവരെ തള്ളി പുറത്തിറക്കാൻ ശ്രമിച്ചതോടെ സംഘർഷം ആരംഭിച്ചു. കേരള കോൺഗ്രസ് പ്രവർത്തകരുടെ ദേഹത്തും ചായ വീണ് ചെറിയ രീതിയിൽ പൊള്ളലേറ്റു. യോഗത്തിന്റെ ഫ്ളക്സ്ബോർഡുകളും യൂത്ത് ഫ്രണ്ട് പ്രവർത്തകർ നശിപ്പിച്ചു. ആരുടെയൊക്കെയോ ഗൂഢാലോചനയുടെ ഭാഗമായാണ് യോഗം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായതെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ് ആരോപിച്ചു.

തോമസ് ഉണ്ണിയാടന്‍റെ പേരു പറഞ്ഞാണ് യോഗം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായത്. ഉണ്ണിയാടന്‍റെ അറിവുണ്ടായിരുന്നോയെന്ന് അറിയില്ല. ഉണ്ണിയാടൻ ശത്രുക്കളുടെ കൈയിലെ കല്ലായി മാറരുതെന്നും സി.വി. കുരിയാക്കോസ് പറഞ്ഞു.

ഉണ്ണിയാടന്‍റെ സ്വീകരണവേദിയിൽ നിറഞ്ഞ് കോൺഗ്രസ് നേതാക്കൾ

കേരള കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഉണ്ണിയാടൻ നിയമസഭാംഗമായതിന്റെ 25-ാം വാർഷികത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കുന്നവർ ചേർന്നൊരുക്കിയ സ്‌നേഹാദരം പരിപാടിയിൽ നിറഞ്ഞുനിന്നത് കോൺഗ്രസ് നേതാക്കൾ.

‘തോമസ് ഉണ്ണിയാടനെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ലെന്ന് വീണ്ടും ചോദിക്കാനാഗ്രഹിക്കുന്നതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത അഖിലേന്ത്യ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി ടി.എൻ. പ്രതാപൻ പറഞ്ഞു. ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചായിരുന്നു പ്രതാപന്റെ പ്രസംഗം.

ഗവ. ചീഫ്‌വിപ്പ് സ്ഥാനത്തേയ്ക്ക് മക്കളെയല്ല, ഉണ്ണിയാടനെയായിരുന്നു കൊണ്ടുവരേണ്ടത്. മകൻ അപു ജോസഫിനെ ചീഫ് വിപ്പാക്കിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിനെ നേരിട്ട് പരാമർശിക്കാതെ പ്രതാപൻ പറഞ്ഞു. കേരള കോൺഗ്രസിലെ സംസ്ഥാന നേതാക്കൾ പങ്കെടുത്തില്ലെങ്കിലും ഒട്ടേറെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു.

‘തൃശ്ശൂർ ജില്ലയിൽ സി.പി.എം. തോറ്റത് ഇരിങ്ങാലക്കുടയിൽ മാത്രമാണ്. അപ്പോൾ എല്ലാവരും പറഞ്ഞു സർക്കാരിൽ നിർണായക സ്ഥാനം ഉണ്ണിയാടന് ഉണ്ടാകുമെന്ന്. നിങ്ങൾ എന്നോട് ചോദിച്ചു ഉണ്ണിയാടന് വേദനയുണ്ടോ എന്ന്. മനസാക്ഷിയെ വഞ്ചിക്കാതെ ഞാൻ പറയട്ടെ, യെസ്, എനിക്ക് വേദനയുണ്ടായി- ഉണ്ണിയാടൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

ഇരിങ്ങാലക്കുടയിലെ പ്രശ്നങ്ങൾ അന്വേഷിക്കുമെന്ന്‌ പി.ജെ. ജോസഫ്‌

കോട്ടയം: ഇരിങ്ങാലക്കുടയിൽ തോമസ്‌ ഉണ്ണിയാടനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർട്ടി അന്വേഷിക്കുമെന്ന്‌ കേരള കോൺഗ്രസ്‌ ചെയർമാൻ പി.ജെ. ജോസഫ്‌ കോട്ടയത്ത്‌ പറഞ്ഞു. പ്രാദേശികപ്രശ്നമാണെന്നും, നിയോജകമണ്ഡലത്തിെല തർക്കമാണെന്നാണ്‌ മനസ്സിലാക്കുന്നതെന്നും മന്ത്രി മോൻസ്‌ ജോസഫ്‌ പറഞ്ഞു. അതിലപ്പുറം ഗൗരവമില്ല. ചെയർമാൻ പറഞ്ഞതാണ്‌ പാർട്ടിനിലപാട്‌ -മോൻസ്‌ പറഞ്ഞു.

ഇരിങ്ങാലക്കുടയിൽ പാർട്ടിയുടെ പേരിൽ ഗുണ്ടകൾ പരിപാടി സംഘടിപ്പിച്ചു-ഉണ്ണിയാടൻ

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ പാർട്ടിയുടെ പേരിൽ ചില ഗുണ്ടകൾ സംഘടിപ്പിച്ച പരിപാടിയെ പാർട്ടിപ്രവർത്തകർ ചോദ്യംചെയ്തതാണെന്നും ഗുണ്ടകൾ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്നും തോമസ് ഉണ്ണിയാടൻ എം.എൽ.എ. മാതൃഭൂമിയോട് പറഞ്ഞു. “പാർട്ടിയുെട പ്രധാന പ്രവർത്തകരെല്ലാം തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ എനിക്കുള്ള സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു. പുറത്തുള്ളവർ പാർട്ടി പേരും കൊടിയും ദുരുപയോഗം ചെയ്യുകയായിരുന്നു. അതാണ് പ്രവർത്തകർ ചോദ്യംചെയ്തത്.’’- അദ്ദേഹം വ്യക്തമാക്കി.