പ്രതീകാത്മക ചിത്രം | Mathrubhumi archives
തിരുവനന്തപുരം: മലയാളം പഴയലിപിയിലേക്ക് ഭാഗികമായി മാറാനുള്ള വിദഗ്ധസമിതിയുടെ നിര്‍ദേശത്തിന് അംഗീകാരം. സമിതി നിര്‍ദേശിച്ച ഏകീകൃത ലിപിവിന്യാസവും ശൈലീപുസ്തകവും ഔദ്യോഗിക ഭാഷ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതി അംഗീകരിച്ചു.
1971-ലാണ് ഇതിനുമുമ്പ് ലിപി പരിഷ്കരിച്ചത്. പുതിയ ലിപി എന്നാണ് അത് അറിയപ്പെട്ടത്. അതുവരെ ഉ, ഊ, ഋ, ര്‍/റ് എന്നിവയുടെ ചിഹ്നങ്ങള്‍ അക്ഷരങ്ങളോടുചേര്‍ത്താണ് ഉപയോഗിച്ചിരുന്നത്. പുതിയ ലിപിയില്‍ ചിഹ്നങ്ങള്‍ വേര്‍പെടുത്തി ഉപയോഗിച്ചു.
ഇതില്‍ ഉ, ഊ എന്നിവയുടെ ചിഹ്നങ്ങള്‍മാത്രം വേര്‍പെടുത്തി ഉപയോഗിക്കാനും മറ്റുള്ളവ അച്ചടിക്കും എഴുത്തിനും പഴയ ലിപിയിലേതുപോലെ അക്ഷരങ്ങളോടുചേര്ത്ത് ഉപയോഗിക്കാനുമാണ് വിദഗ്ധസമിതി നിര്‍ദേശിച്ചത്. ഇതാണ് അംഗീകരിച്ചത്.
.jpg?$p=ddeca2b&&q=0.8)
മന്ത്രി സജി ചെറിയാന്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉന്നതതലസമിതിയിലെ അനൗദ്യോഗിക അംഗങ്ങളായ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്, സുനില്‍ പി. ഇളയിടം, പ്രൊഫ. എ.ജി. ഒലീന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പരിഷ്കരിച്ച ലിപി പാഠപുസ്തകങ്ങളില്‍ ഈ വര്‍ഷമുണ്ടാവില്ല
തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞതിനാല്‍ പരിഷ്കരിച്ച ലിപി അനുസരിച്ച് അവ തയ്യാറാക്കാനായിട്ടില്ല. പാഠപുസ്തകങ്ങളില്‍ മലയാളം അക്ഷരമാല ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധസമിതി നിര്‍ദേശിച്ചെങ്കിലും അച്ചടി കഴിഞ്ഞതിനാല്‍ അതും അടുത്തവര്‍ഷമേ പാലിക്കാനാവൂ.
ഏകീകൃത ലിപിയനുസരിച്ചുള്ള ഫോണ്ട് രൂപകല്പന ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഈ രംഗത്തെ സാങ്കേതികവിദഗ്ധരുടെ യോഗം വിളിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയുടെ തീരുമാനം ഉത്തരവായി ഇറങ്ങുമ്പോള്‍ തുടര്‍നടപടികള്‍ പ്രഖ്യാപിക്കും.
ചീഫ് സെക്രട്ടറി വി.പി. ജോയ് അധ്യക്ഷനായ ഭാഷാപണ്ഡിതരുടെ സമിതിയാണ് പരിഷ്കരണം നിര്‍ദേശിച്ചത്. പ്രൊഫ. വി. മധുസൂദനന് നായര്‍, ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. പി. സോമന്, ഡോ. വി.ആര്. പ്രബോധചന്ദ്രന്‍, ഡോ. അനില്‍ വള്ളത്തോള്‍, ചാക്കോ പൊരിയത്ത്, ഡോ. എന്‍.പി. ഉണ്ണി, ഡോ. എസ്. രാജശേഖരന്, ഡോ. എച്ച്. പൂര്‍ണിമ, എന്‍. ജയകൃഷ്ണന്, സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാവിദഗ്ധന്‍ ഡോ. ആര്. ശിവകുമാര്‍ എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.
Content Highlights: Malayalam language script
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..