
തിരുവനന്തപുരം: ഇന്ത്യയിൽ സ്റ്റാർലിങ്കിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് സ്‌പെയ്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക് നടത്തിയ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ടെലികോം മേഖല സുതാര്യതയില്ലായ്മയും, അഴിമതിയും നിറഞ്ഞതായിരുന്നു എന്നത് സത്യമാണെന്നും താങ്കളുടെ ഇപ്പോഴത്തെ ആരാധകനായ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പിന്തുണയിലും, അനുഗ്രഹത്തിലും ഇഷ്ടക്കാരുടെ താൽപര്യങ്ങൾക്കനുസരിച്ചായിരുന്നു ഈ മേഖല പലപ്പോഴും പ്രവർത്തിച്ചിരുന്നതെന്നും രാജീവ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വിമർശിക്കുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സാങ്കേതികവിദ്യാ മേഖലയെ (ടെലികോം, ഇന്റർനെറ്റ് എന്നിവയുൾപ്പെടെ) നയിക്കുന്നത് മൂന്ന് തത്വങ്ങളാണെന്നും അതുകൊണ്ട്, ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ ഇന്ത്യയല്ലെന്നും രാജീവ് പറയുന്നു.
രാജീവിന്റെ പ്രതികരണത്തിൽനിന്ന്
പ്രിയപ്പെട്ട ഇലോൺ മസ്‌ക്,
താങ്കളുടെ പോസ്റ്റുകൾ വലിയ തോതിലുള്ള പ്രതികരണങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, കുറച്ചുകാലം മുമ്പ് താങ്കൾ നടത്തിയ ''ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹാക്ക് ചെയ്യാൻ കഴിയും'' എന്ന പോസ്റ്റിന് മറുപടി നൽകേണ്ടിവന്നതുപോലെ, ഇതിനും ഒരു മറുപടി നൽകേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.
ടെലികോം മേഖലയെക്കുറിച്ച് കുറച്ചെങ്കിലും അറിവുള്ള ഒരാളെന്ന നിലയിൽ, ഒരു സംരംഭകനായും പിന്നീട് നയരൂപീകരണത്തിന്റെ ഭാഗമായും ഇന്ത്യയുടെ വയർലെസ് മേഖല കെട്ടിപ്പടുക്കുന്നതിൽ മാന്യമായ പങ്കുവഹിച്ച വ്യക്തിയെന്ന നിലയിലും എന്റെ ചില ചിന്തകൾ പങ്കുവെക്കട്ടെ.
പതിറ്റാണ്ടുകളായി ഇന്ത്യയുടെ ടെലികോം മേഖല സുതാര്യതയില്ലായ്മയും, അഴിമതിയും നിറഞ്ഞതായിരുന്നു എന്നത് സത്യമാണ്. താങ്കളുടെ ഇപ്പോഴത്തെ ആരാധകനായ (പേര് മറച്ചുവെക്കുന്നില്ല Rahul Gandhi) രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പിന്തുണയിലും, അനുഗ്രഹത്തിലും ഇഷ്ടക്കാരുടെ താൽപര്യങ്ങൾക്കനുസരിച്ചായിരുന്നു ഈ മേഖല പലപ്പോഴും പ്രവർത്തിച്ചിരുന്നത്.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിുടെ നേതൃത്വത്തിൽ സാങ്കേതികവിദ്യാ മേഖലയെ (ടെലികോം, ഇന്റർനെറ്റ് എന്നിവയുൾപ്പെടെ) നയിക്കുന്നത് മൂന്ന് തത്വങ്ങളാണ്.
തുറന്ന മത്സരവും, സുരക്ഷിതവും-വിശ്വസനീയമായതും, ഉത്തരവാദിത്തമുള്ളതും.
-തുറന്ന മത്സരം (Open): കുത്തകയ്ക്കും, ദ്വയകുത്തകയ്ക്കും ഇടമില്ലാത്ത സാഹചര്യം. സ്വതന്ത്രവും, നീതിപൂർവവുമായ മത്സരം.
-സുരക്ഷിതവും വിശ്വസനീയവും (#SafeAndTrusted): അടിസ്ഥാന സൗകര്യങ്ങളും, നെറ്റ്വർക്കുകളും, പ്ലാറ്റ്ഫോമുകളും സുരക്ഷിതവും, വിശ്വസനീയവുമായിരിക്കണം.
-ഉത്തരവാദിത്തം (Accountable): സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിൽ ഓരോ പങ്കാളിയും നിയമപരമായി ഉത്തരവാദിത്തമുള്ളവരായിരിക്കണം.
ഈ ചട്ടക്കൂട് രൂപപ്പെടുത്തിയ കാലത്ത് ഞാൻ ആദ്യം പാർലമെന്റ് അംഗമായും പിന്നീട് പ്രധാനമന്ത്രിയുടെ ടീമിന്റെ ഭാഗമായും പ്രവർത്തിച്ചിരുന്നു. വർഷങ്ങളായി നിലനിന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലെ സുതാര്യതയില്ലായ്മയ്ക്കും അഴിമതിക്കുമെതിരെ പോരാടിയ അനുഭവം എനിക്കുണ്ട്. ആ അനുഭവങ്ങളാണ് ഇവ രൂപപ്പെടുന്നതിൽ സ്വാധീനം ചെലുത്തിയത്.
അതുകൊണ്ട്, ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ ഇന്ത്യയല്ല.
ഞാൻ ഇപ്പോൾ സർക്കാരിന്റെ ഭാഗമല്ല. തീർച്ചയായും സർക്കാരിനുവേണ്ടി സംസാരിക്കുന്നുമില്ല. എന്നാൽ, മൂന്ന് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലൈസൻസ് ഉടമകളും, സുരക്ഷാ അനുമതി ഉറപ്പാക്കുന്ന കാര്യത്തിൽ ഏതാണ്ട് ഒരേ ഘട്ടത്തിലാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്.
ആദ്യം സുരക്ഷയും, വിശ്വാസ്യതയും പരിശോധിച്ച് ഉറപ്പാക്കുക, അതിനുശേഷം സ്‌പെക്ട്രം അനുവദിക്കുക. ഇതാണ് സമീപനം.
സാറ്റലൈറ്റ് ഐ പി സേവനങ്ങൾക്ക് സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പ്രത്യാഘാതങ്ങളുണ്ട്. ഭീകരവാദവും, അയൽരാജ്യങ്ങളിലെ ശത്രുതാപരമായശക്തികളുടെ പിന്തുണയോടെയുള്ള കലാപങ്ങളും വർഷങ്ങളായി നേരിടുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇത് കൂടുതൽ ഗൗരവമുള്ള വിഷയമാണ്.
26/11 ഭീകരാക്രമണം മുതൽ അടുത്തകാലത്ത് പഹൽഗാമിൽ നടന്ന ഭീകരാക്രമണം വരെയുള്ള സംഭവങ്ങളിൽ, ഭീകരർ ആശയവിനിമയത്തിനായി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. സാറ്റലൈറ്റ് വോയ്സ് ഓവർ ഐപി, എൻക്രിപ്ഷൻ എന്നിവ സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നു.
ഈ വെല്ലുവിളികളെ മറികടക്കാൻ കഴിയില്ലെന്നല്ല. എന്നാൽ സുരക്ഷയും, വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് പുതിയ ശേഷികളും സംവിധാനങ്ങളും വികസിപ്പിക്കേണ്ടതുണ്ട്.
ഞാൻ Starlink ഉപയോഗിച്ചിട്ടുണ്ട്. അതൊരു അതിശയകരമായ സാങ്കേതികവിദ്യയാണെന്നാണ് എന്റെ അഭിപ്രായം. മൊബിലിറ്റി മേഖലയിലെ നവീകരണത്തിന്റെ പുതിയൊരു യുഗത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത് എന്നതിൽ സംശയമില്ല.
എന്നാൽ, ഓരോ പുതിയ സാങ്കേതികവിദ്യയും തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു രാജ്യം സ്വന്തം താൽപര്യങ്ങൾക്കും, ആവശ്യങ്ങൾക്കും മുൻഗണന നൽകണം. ഇന്ത്യ ഇപ്പോൾ ചെയ്യുന്നതും അതുതന്നെയാണ്. ക്ഷമ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ അത് ഒരു ആവശ്യകത തന്നെയാണ്..
നിയമങ്ങളും നിബന്ധനകളും പാലിച്ചിട്ടും വാണിജ്യസേവനം ആരംഭിക്കാനുള്ള ലൈസൻസ് ലഭിച്ചിട്ടില്ലെന്നാണ് മസ്‌ക് ആരോപണം. '165-ലേറെ രാജ്യങ്ങളിൽ സ്റ്റാർലിങ്കിന് ലൈസൻസുണ്ട്. ഇന്ത്യയിലെ എല്ലാ നിയമങ്ങളും സർക്കാരിന്റെ ആവശ്യകതകളും പാലിച്ച് അഞ്ചുവർഷം പ്രവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും ലൈസൻസ് ലഭിക്കാത്തത്' എന്നായിരുന്നു മസ്‌കിന്റെ ചോദ്യം. തുടർന്ന് 'അംബാനിയാണോ ഇന്ത്യയുടെ യഥാർഥ ബോസ്?' എന്ന പരിഹാസവും അദ്ദേഹം എക്‌സിലൂടെ തൊടുത്തു. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവേശനം ചില 'കുത്തകക്കാർ' തടയുകയാണെന്ന ആരോപണം ഉന്നയിച്ചതിനുപിന്നാലെയായിരുന്നു ഇത്.
Content Highlights: Rajeev Chandrasekhar responds to Elon Musk's criticism over Starlink's delayed entry into India., India's telecom sector prioritizes open competition, security, and accountability under PM Modi., National security concerns, including satellite communication risks linked to terrorism, necessitate strict regulatory checks., Musk questioned India's licensing process and suggested corporate monopolies were blocking Starlink.
Published: 09 Oct 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented