തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ശേഷമുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മുമ്പ് ഒന്നാം റാങ്കിലുണ്ടായിരുന്ന അരുൺ ജെ പ്രതാപ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരാതിക്കാരനായ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കിലെത്തി. മൂല്യനിർണ്ണയത്തിൽ അപാകത ചൂണ്ടിക്കാട്ടി ശ്യാം നടത്തിയ മൂന്നുവർഷത്തെ നിയമനടപടികൾക്കൊടുവിലാണ് അനുകൂല നീക്കം ഉണ്ടായത്.

To advertise here,

പി.എസ്.സി. ഇൻഫ്രാസ്ട്രക്ചർ ഇന്റസ്ട്രി വിഭാഗം തലവൻ തസ്തികയിലേക്കായിരുന്നു പരീക്ഷ നടന്നത്. പുനഃമൂല്യനിർണ്ണയത്തിനുശേഷം ഒന്നാം റാങ്കിലേക്കെത്തിയ ശ്യാമിന് 78.5 മാർക്കും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അരുണിന് 64.25 മാർക്കുമാണ് ലഭിച്ചത്. വിവാദത്തെ തുടർന്ന് വിട്ടുപോയ 58 മാർക്കിന്റെ ചോദ്യങ്ങൾ പുനർമൂല്യനിർണയം നടത്താൻ പി.എസ്.സി. നിർബന്ധിതരാകുകയായിരുന്നു.

വിവരാവകാശ നിയമപ്രകാരം ഉത്തരക്കടലാസിന്റെ പകർപ്പ് എടുത്തപ്പോൾ, പരീക്ഷയുടെ ആദ്യ പേപ്പറിലെ ഒൻപതുമുതൽ 18 വരെയുള്ള 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ (ആകെ 58 മാർക്ക്) മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി. മുൻപ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതും നിയമനം നടത്തിയതുമെന്ന് ബോധ്യമായിരുന്നു. ഈ ക്രമക്കേടിൽ പി.എസ്.സി. നടത്തിയത് പ്രത്യക്ഷമായ അഴിമതിയാണെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറിതലത്തിൽ ഉയർന്ന നിലയിലുള്ള തസ്തികയ്ക്ക് 2022-ലാണ് വിജ്ഞാപനം വന്നത്. 1,23,700-1,66,800 ആണ് ശമ്പളസ്കെയിൽ. 2023 ജൂലായിൽ പരീക്ഷ നടത്തി. വിവരണാത്മകരീതിയിൽ രണ്ട് പേപ്പറാണ് പരീക്ഷയ്ക്കുള്ളത്. 2025 ഫെബ്രുവരിയിൽ ചുരുക്കപ്പട്ടികയും അതിൽ ഉൾപ്പെട്ടവർക്ക് അഭിമുഖം നടത്തി ആ വർഷം മേയ് 31-ന് റാങ്ക്പട്ടികയും പ്രസിദ്ധീകരിച്ചു. ഒരൊഴിവാണുണ്ടായിരുന്നത്. അതിലേക്ക് 2025 ജൂൺ 23-ന് ഒന്നാംറാങ്കുകാരന് നിയമനശുപാർശയും അയച്ചു. മൂല്യനിർണയത്തിൽ പരാതിയുള്ളവർ ഉത്തരക്കടലാസിന്റെ പകർപ്പിന് അപ്പോൾത്തന്നെ അപേക്ഷ നൽകിയെങ്കിലും ഒരു വർഷത്തോളമെടുത്താണ് പി.എസ്.സി. അതുനൽകിയത്.