തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി സതിശൻ. വിജിലൻസ് എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടി അല്ല. സർക്കാർ അനാവശ്യ ധൃതിയോ വ്യക്തിപരമായ വിരോധമോ കാണിച്ചില്ല. സർക്കാർ നിയമോപദേശം തേടി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുംമുമ്പ് പരിശോധിക്കണമെന്നാണ് നിയമോപദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

സിഎംആർഎൽ-എക്സാലോജിക് കേസിൽ അന്വേഷണത്തിനായി സർക്കാർ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി പിണറായി വിജയനെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ റിപ്പോർട്ടിന്മേൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ, അന്വേഷണത്തിനായി കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ സംസ്ഥാന സർക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇ.ഡി റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടറായിരുന്നു തുടർനടപടികൾ സ്വീകരിക്കേണ്ടിയിരുന്നതെന്നും വിഷയത്തിൽ സർക്കാരിന്റെ നിലവിലുള്ള നടപടികൾ ഹൈക്കോടതി പൂർണമായും തള്ളിക്കളയുകയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇഡി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി വിജിലൻസ് ഡയറക്ടർക്ക് കൈമാറണമെന്നും വിജിലൻസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേസ് അന്വേഷിപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.