ന്യൂഡൽഹി: എങ്ങനെ നിയമവിരുദ്ധമായി പ്രവർത്തിക്കാമെന്നതിന്റെ മാതൃകയായാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ പ്രവർത്തിച്ചതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയുടെ നിർദേശങ്ങൾ കാറ്റിൽപ്പറത്തി പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ആഭാസകരമായ നിയമം ഉണ്ടാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.

To advertise here,

തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിശ്ചയിക്കുന്ന സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, പ്രധാനമന്ത്രിയും പ്രധാനമന്ത്രി നിർദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന മൂന്നംഗ സമിതിക്ക് രൂപംനൽകിയതിലൂടെ എക്സിക്യൂട്ടീവിന് പൂർണ ഭൂരിപക്ഷം ഉറപ്പാക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ ജനാധിപത്യവിരുദ്ധമായി പെരുമാറുന്നുവെന്ന കാര്യം പുറത്തുകൊണ്ടുവന്ന ഇന്ത്യൻ എക്സ്പ്രസ് ലേഖിക ഹൃത്തിക ചോപ്രയെയും അതിന് സഹായിച്ചവരെയും എം.എ. ബേബി അഭിവാദ്യംചെയ്തു. ഇന്ത്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം പൂർണമായി നശിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇതെന്നും കാര്യങ്ങൾ അസഹനീയമായപ്പോൾ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സഹകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരെ അനുമോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ സമാധാനപൂർണവും ജനാധിപത്യപരവുമായ ബഹുജന സമരം വളർത്തിയെടുക്കേണ്ടതുണ്ടെന്നും അതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ(എം), സിപിഐ, സിപിഐ (എം.എൽ), ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നീ അഞ്ച് ഇടതുപക്ഷ പാർട്ടികളും ചേർന്ന് രൂപീകരിച്ച അഭിപ്രായമാണിതെന്നും ഇന്ത്യ ബ്ലോക്കും അതിന് പുറത്തുള്ള പ്രതിപക്ഷ പാർട്ടികളും യോജിച്ച് പ്രക്ഷോഭരംഗത്തേക്ക് വരണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.