ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പുതുതായി പേരുചേർക്കുന്നതിനുള്ള ഫോം ആറിന്റെ ഓൺലൈൻ പതിപ്പിൽ സ്വമേധയാ വരുത്തിയ മാറ്റം തിരഞ്ഞെടുപ്പുകമ്മിഷന് വൻകുരുക്കാകുന്നു.
2022-ൽ ഫോമിൽ ഇതുപോലെ മാറ്റം വരുത്തിയിരുന്നു. തീർത്തും നിയമാനുസൃതമായി, വേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചായിരുന്നു ആ മാറ്റം. എന്നാൽ, ഇപ്പോൾ ഫോം ആറിൽ വരുത്തിയ മാറ്റം തിരഞ്ഞെടുപ്പു കമ്മിഷന്റെ വെറുമൊരു ഉത്തരവിലൂടെമാത്രമാണ്. ഇത് നിയമപരമായി നിലനിൽക്കില്ല.
അപേക്ഷകന്റെയോ/ അപേക്ഷകയുടെയോ, അല്ലെങ്കിൽ അവരുടെ രക്ഷിതാവിന്റെയോ മുത്തച്ഛൻ/മുത്തശ്ശിയുടെയോ പേര് മുൻപുനടന്ന എസ്.ഐ.ആറിൽ ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കിൽ ആ നിയമസഭാ മണ്ഡലം, ബൂത്ത് നമ്പർ, സീരിയൽ നമ്പർ എന്നീ വിശദാംശങ്ങളാണ് ഫോമിലെ മാറ്റത്തിലൂടെ കമ്മിഷൻ ആവശ്യപ്പെട്ടത്.
1960-ലെ തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ചട്ടങ്ങൾക്കുകീഴിലെ നിയമാനുസൃത ഫോമാണ് ഫോം ആറ്. ഈ ഫോമിൽ മാറ്റം വേണമെങ്കിൽ കേന്ദ്രസർക്കാരിലെ നിയമ-നീതിന്യായ മന്ത്രാലയം ഭേദഗതി വരുത്തി ഔദ്യോഗിക വിജ്ഞാപനമിറക്കണം. കഴിഞ്ഞവർഷം ബിഹാറിൽ എസ്.ഐ.ആർ. നടപ്പാക്കിയപ്പോൾമുതലാണ് ഫോമിൽ ഇപ്പോഴുള്ള മാറ്റംവരുത്തിയത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ എക്സിക്യുട്ടിവ് ഉത്തരവിലൂടെയാണ് ഈ മാറ്റം. ഇതിന്റെ നിയമസാധുതയെ ഇക്കഴിഞ്ഞ മേയിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബിർസിങ് സന്ധുവും ചോദ്യം ചെയ്തിരുന്നു. അതോടെ, കമ്മിഷൻ 2025 ജൂണിൽ തുടക്കമിട്ട് ഇപ്പോഴും തുടരുന്ന എസ്.ഐ.ആറിന്റെയാകെ നിയമപരമായ നിലനിൽപ്പുതന്നെ ചോദ്യമുനയിലായി. മാറ്റം വരുത്തിയിട്ടില്ലെന്നും അനുബന്ധ ഡിക്ലറേഷൻ വ്യവസ്ഥ ഉൾപ്പെടുത്തിയത് മാത്രമാണെന്നുമാണ് കമ്മിഷന്റെ വിശദീകരണം.
കുരുക്ക് വേറെയും
2022 ഓഗസ്റ്റ് ഒന്നിന് നിലവിൽ വന്ന ഫോം ആറ് എന്നത് പുതിയ വോട്ടർക്ക് പേരുചേർക്കാനുള്ളതാണ്. എന്നാൽ, കരടുപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരോട്, ഫോം ആറുവഴി പുതിയ അപേക്ഷ നൽകിയാൽ വോട്ടർപട്ടികയിൽ പുനഃപ്രവേശനമാകാമെന്ന് കമ്മിഷൻ പറയുന്നു. ഇതിനുമുൻപ് ഒരു വോട്ടർപട്ടികയിലും പേര് ഉൾപ്പെട്ടിട്ടില്ലെന്ന അപേക്ഷകന്റേതായ ഡിക്ലറേഷനുംകൂടി ഉൾപ്പെട്ടതാണ് ഫോം ആറ്. ഇങ്ങനെയൊരു ഫോം നൽകുന്നയാൾക്കെങ്ങനെ ഒരിക്കൽ ഒഴിവാക്കപ്പെട്ട പേര് പുനഃസ്ഥാപിച്ചുകിട്ടാൻ അതേ ഫോമിലൂടെ അപേക്ഷിക്കാനാകും?
ഓഫ് ലൈനിൽ ഒന്ന് ഓൺലൈനിൽ വേറെ
ഇപ്പോൾ, ഇ.സി.ഐ. നെറ്റ് ആപ്പ് വഴിയുള്ള ഓൺലൈൻ ഫോമിൽ ഉൾപ്പെടുത്തിയ എസ്.ഐ.ആർ. അനുബന്ധ ചോദ്യം നേരിട്ട് പൂരിപ്പിച്ചുനൽകാവുന്ന (ഓഫ് ലൈൻ) ഫോമിൽ വരുത്തിയിട്ടില്ല. ഓഫ് ലൈനായും ഓൺലൈനായും അപേക്ഷ സമർപ്പിക്കുന്നവർക്ക് അതിനാൽ വെവ്വേറെ നീതിയെന്നതും മറ്റൊരു പ്രശ്നം.
എല്ലാം ഏകകണ്ഠമെന്ന് കമ്മിഷൻ
ബിഹാർ ഉൾപ്പെടെ ഇതിനകം മൂന്ന് ഘട്ടങ്ങളിലായി നടത്തിയ എസ്.ഐ.ആറിന്റെയും അസമിലെ സ്‌പെഷ്യൽ റിവിഷന്റെയും ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും കമ്മിഷണർമാരും ഏകകണ്ഠമായി തീരുമാനിച്ചിറക്കിയതാണെന്ന് കമ്മിഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
അന്നേ ചൂണ്ടിക്കാട്ടി
ഫോം ആറിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വരുത്തിയ ഭേദഗതിയുടെ നിയമപ്രശ്നം നേരത്തേ ചൂണ്ടിക്കാട്ടി സി.പി.എം. രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് എം.പി. ഈ മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജൂലായ് 17-ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.
നിയമാനുസൃതമായ ഫോം ആറിൽ കമ്മിഷന്റെ നിർദേശപ്രകാരം മാറ്റം വരുത്താനാവില്ലെന്നും ഓൺലൈനായും ഓഫ്‌ലൈനായും ഫോം ആറ് സമർപ്പിക്കാൻ രണ്ടുതരം വ്യവസ്ഥകളെന്നത് തുല്യനീതിയുടെ നിഷേധമാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Election Commission faces legal trouble over unauthorized changes to Form 6 for voter registration., Changes were made via executive order instead of mandatory official notification by the Law Ministry., Discrepancies exist between online ECI Net app and offline submission formats., MP John Brittas wrote to the Election Commission demanding the withdrawal of the amendment.
Published: 26 Sept 2026, 04:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented