
ന്യൂഡൽഹി: ബിഹാർ, അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും എസ്.ഐ.ആർ. ഉത്തരവുകൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഐകകണ്‌ഠ്യേനയാണ് അംഗീകരിച്ചതെന്ന് അറിയിച്ച് കമ്മിഷൻ വൃത്തങ്ങൾ. ഫോം 6-ൽ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി തൊട്ടടുത്ത ദിവസമാണ് ഈ അറിയിപ്പ്. പുതിയ വോട്ടർമാർ ഫോം 6-നൊപ്പം സമർപ്പിക്കേണ്ട ഒരു സത്യപ്രസ്താവന ഫോംകൂടി അംഗീകരിച്ച ഉത്തരവുകളിൽ ഉൾപ്പെടുന്നു. ഈ സത്യപ്രസ്താവന ഒരധിക ആവശ്യകത മാത്രമാണെന്നും നിലവിലുള്ള ഫോം 6-ൽ മാറ്റം വരുത്തുന്നില്ലെന്നുമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം.
എന്നാൽ, ഓൺലൈൻ ഫോം 6-ൽ ഈ പ്രത്യേക സത്യപ്രസ്താവന ഉൾപ്പെടുത്തിയതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും മുൻപ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായി 'ദി ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. 1960-ലെ ഇലക്ട്രോഴ്‌സ് രജിസ്‌ട്രേഷൻ ചട്ടങ്ങൾ നിശ്ചിത പ്രക്രിയയിലൂടെ ഭേദഗതി ചെയ്യാതെ നിയമപരമായ ഫോമുകൾ മാറ്റാൻ കഴിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എസ്.ഐ.ആർ. നടപ്പാക്കലിനിടെ ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾക്കെതിരേ മേയ് മാസത്തിൽ ജോഷി മുന്നറിയിപ്പ് നൽകുകയും, ചട്ടങ്ങൾ ഭേദഗതി ചെയ്യാതെയുള്ള ഈ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്നും ഉടൻ നീക്കം ചെയ്യണമെന്നും സന്ധു വ്യക്തമാക്കുകയും ചെയ്തിരുന്നു. മുൻ ചീഫ് ഇലക്ഷൻ കമ്മിഷണർ ഒ.പി. റാവത്തും മുൻ ഇലക്ഷൻ കമ്മിഷണർ അശോക് ലവാസയും സന്ധുവിന്റേയും ജോഷിയുടേയും എതിർപ്പുകളെ പിന്തുണച്ചിരുന്നു.
ഫോം 6-ൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും Annexure D എന്നപേരിൽ ഒരു പ്രത്യേക സത്യപ്രസ്താവനയാണ് ഫോമിനൊപ്പം അധികമായി ചേർത്തതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. അംഗീകൃത ഫോം ആറും എസ്.ഐ.ആറുമായി ബന്ധിപ്പിച്ച അധിക സത്യപ്രസ്താവനയും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടേയോ മുത്തശ്ശിമുത്തശ്ശന്മാരുടേയോ വിവരങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള നിർദേശം നിലവിലുള്ള ഫോം 6-നൊപ്പം നൽകേണ്ട അധിക സത്യപ്രസ്താവന മാത്രമാണെന്നാണ് കമ്മിഷൻ നൽകുന്ന വിശദീകരണം.
Published: 25 Sept 2026, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented