തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നടത്തിയ 'ഹിൽ ഹൈവേ റൺ' പരിപാടിക്കായി കിഫ്ബിയിൽ നിന്ന് ചെലവഴിച്ചത് 91,35,000 രൂപ. ബോളിവുഡ് താരവും മോഡലും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ പങ്കെടുത്ത പരിപാടിക്കാണ് ഈ തുക ചെലവിട്ടത്. അതേസമയം മിലിന്ദ് സോമന് പ്രതിഫലമായി ഒരു രൂപ പോലും നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖ പറയുന്നു. ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ ദൂരത്തിലാണ് 'ഹിൽ ഹൈവേ റൺ' എന്ന കൂട്ടയോട്ട പരിപാടി നടത്തിയത്.

To advertise here,

ഫെബ്രുവരി 22-നായിരുന്നു ഹിൽ ഹൈവേ റൺ സംഘടിപ്പിച്ചത്. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഹിൽ ഹൈവേ റണ്ണിൽ പങ്കെടുത്തിരുന്നു. ചപ്പാത്ത് വരെയുള്ള ദീർഘദൂര ഓട്ടത്തിന് ശേഷം ഇടുക്കി കവല വരെ മിലിന്ദ് സോമൻ തുറന്ന ജീപ്പിൽ സഞ്ചരിച്ചു. ഈ വാഹനം ഓടിച്ചത് റോഷി അഗസ്റ്റിനായിരുന്നു. ജില്ലാ കളക്ടർ, മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, കായികതാരങ്ങൾ, സ്‌കൂൾ വിദ്യാർഥികൾ, കോളേജ് വിദ്യാർഥികൾ, സ്‌പോർട്‌സ് കൗൺസിലുമായി ബന്ധപ്പെട്ടവർ തുടങ്ങിയവരാണ് പരിപാടിയിൽ പങ്കെടുത്തത്.

നിലവിൽ 32,187.47 കോടി രൂപ കടബാധ്യതയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് എന്ന കിഫ്ബിക്ക് ഉള്ളത്.