കൽപ്പറ്റ: റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പോലീസിന് പിന്നാലെ എക്സൈസ് സംഘവും പരിശോധന നടത്തുന്നു. പരിശോധനയിൽ വീട്ടിൽ നിന്ന് 43 ലിറ്റർ വിദേശമദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇതിനൊപ്പം വീടിനുള്ളിൽ ഏഴ് ലിറ്റർ വൈനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. 

To advertise here,

മദ്യശേഖരം കണ്ടെത്തിയതോടെ, ഇതിന്റെ നിയമപരമായ തുടർനടപടികൾ കൈക്കൊള്ളുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ എക്സൈസ് വിഭാഗത്തെ വിവരമറിയിച്ച് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

കേരളത്തിലെ നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്നതിനേക്കാൾ വളരെ ഉയർന്ന അളവിലുള്ള മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിന്റെ പരിധി മൂന്നര ലിറ്ററുമാണ്. ബിയർ, കള്ള്, മറ്റ് വിദേശമദ്യങ്ങൾ എന്നിവയുൾപ്പെടെ പലവിധ മദ്യങ്ങൾ പരമാവധി 15 ലിറ്റർ വരെ കൈവശം വെക്കാൻ നിയമപരമായ അനുമതിയുണ്ടെങ്കിലും, അതിനേക്കാൾ ഉയർന്ന അളവിലുള്ള മദ്യമാണ് ഈ വീട്ടിൽ നിന്നും പിടിച്ചെടുത്തിരിക്കുന്നത്.

കണ്ടെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് സംഘം പരിശോധിച്ച് വരികയാണ്. കൃത്യമായ ലൈസൻസോ താൽക്കാലിക അനുമതിയോ ഇല്ലാതെ വീട്ടിൽ ഇത്തരം വലിയ അളവിൽ മദ്യം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്. പിടിച്ചെടുത്ത മദ്യശേഖരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ വീടിനുള്ളിൽ വെച്ച് തന്നെയുള്ള നിയമനടപടികളും മഹസർ തയ്യാറാക്കലും തുടരുകയാണ്.

ഫുട്‌ബോൾ സ്‌പോൺസർ തട്ടിപ്പുകേസിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുള്ളത്. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് സർക്കാരിനെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്തുവെന്നാണ് കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നത്.