തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിനെതിരേ ഗുരുതര കണ്ടെത്തലുമായി കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. സർക്കാരിന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി. കടമെടുപ്പ് അനുമതിക്ക് കേന്ദ്രസർക്കാരിന് നൽകിയ രേഖകളിൽ 12,669.92 കോടിരൂപ കാണിച്ചില്ല. കേന്ദ്രത്തിന് സമർപ്പിച്ച രേഖകൾ പരിശോധിച്ചാണ് ഈ വ്യത്യാസം കണ്ടെത്തിയതെന്നും സി.എ.ജി. റിപ്പോർട്ടിലുണ്ട്.
2024-25 വർഷത്തിൽ സംസ്ഥാനത്തിന് 37,512 കോടിരൂപയുടെ കടമെടുപ്പ് പരിധി കേന്ദ്രം നിശ്ചയിച്ചിരുന്നു. കടമെടുപ്പിന് അനുമതിലഭിക്കാൻ കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ബജറ്റിനു പുറമേയുള്ള കടമെടുപ്പുകളുടെ കണക്ക് സംസ്ഥാനം കേന്ദ്രസർക്കാരിന് നൽകുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ എടുക്കാൻ ഉദ്ദേശിക്കുന്ന ഓഫ് ബജറ്റ് വായ്പകളായി സംസ്ഥാന സർക്കാർ 2500 കോടിരൂപമാത്രമേ കേന്ദ്രത്തെ അറിയിച്ചിട്ടുള്ളൂ. ഈ കാലയളവിൽ കിഫ്ബി 8089.92 കോടിരൂപ വായ്പയെടുത്തു. 983.09 കോടിരൂപയാണ് പെൻഷൻ കമ്പനി വായ്പയെടുത്തതായി കേന്ദ്രത്തിന് നൽകിയ കണക്കിലുള്ളത്. എന്നാൽ 5563.09 കോടിരൂപ കടമെടുത്തു.
കെ.എസ്.ഇ.ബി. ഫണ്ടിലും കൃത്രിമം
മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ (ജി.എസ്.ഡി.പി.) മൂന്നുശതമാനമാണ് പൊതുകടമായി സംസ്ഥാനങ്ങൾക്ക് എടുക്കാനാവുന്നത്. ഇതിനുപുറമേ, 0.50 ശതമാനം അധികവായ്പ എടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുമതിനൽകിയിരുന്നു. ഇതിനുള്ള അർഹതയ്ക്കായി കെ.എസ്.ഇ.ബി.യുടെ 90 ശതമാനം നഷ്ടം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു വ്യവസ്ഥ. നഷ്ടം ഏറ്റെടുക്കാൻ 494.29 കോടിരൂപയാണ് കെ.എസ്.ഇ.ബി.ക്ക് നൽകേണ്ടിരുന്നത്. 2024 ഡിസംബർ 26-ന് കെ.എസ്.ഇ.ബി.ക്ക് ഈ തുക സർക്കാർ നൽകി. അതിന്റെ രേഖകൾ സഹിതം അധികകടമെടുപ്പിന് അനുമതിതേടി കേരളം കേന്ദ്രത്തെ സമീപിച്ചു.
ഇതേത്തുടർന്ന് 2024-25 സാമ്പത്തികവർഷത്തിൽ 6149 കോടിയുടെ അധികവായ്പയെടുക്കാൻ 2025 മാർച്ച് 25-ന് കേന്ദ്രം അനുമതിനൽകി. കെ.എസ്.ഇ.ബി.ക്ക് നൽകിയ പണം മാർച്ച് 26-ന് സർക്കാർ തിരിച്ചെടുത്തു. ഇത് ക്രമരഹിതവും സാമ്പത്തിക ഔചിത്യത്തിന്റെ ഗുരുതരമായ ലംഘനവുമാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ തിരിച്ചെടുത്ത പണം ഇതുവരെ തിരിച്ചുനൽകിയിട്ടില്ലെന്ന് സി.ആൻഡ് എ.ജി.യെ കെ.എസ്.ഇ.ബി. അറിയിച്ചിട്ടുണ്ട്.
സർക്കാരിന്റെ വിശദീകരണം
പ്രത്യേക നിയമനിർമാണത്തിനു കീഴിൽ സ്ഥാപിതമായ സ്റ്റാറ്റ്യൂട്ടറി ബോഡി കോർപ്പറേറ്റ് ആണ് കിഫ്ബി. അതിനാൽ, കിഫ്ബിയുടെ കടമെടുക്കൽ സംസ്ഥാനത്തിന്റെ കടമെടുക്കലല്ലെന്നും സ്വതന്ത്ര വായ്പകളാണെന്നുമാണ് സർക്കാർ സി.ആൻഡ് എ.ജി.ക്ക് നൽകിയ മറുപടി. പെൻഷൻ കമ്പനിയുടെ 4580 കോടിരൂപയുടെ വായ്പകൾ നിലവിലുള്ള വായ്പകൾ പുതുക്കിയതാണ്. അവ പുതിയ വായ്പകളായി കണക്കാക്കിയില്ലെന്നും സർക്കാർ അറിയിച്ചു.
സി.എ.ജി.യുടെ നിരീക്ഷണം
കടമെടുപ്പ് അനുമതിക്കുവേണ്ടി സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതം, സെസ്, നികുതി, മറ്റുവരവുകൾ എന്നിവയിലൂടെ വായ്പയുടെ മുതലോ പലിശയോ രണ്ടുമോ എന്നിങ്ങനെ തിരിച്ചടയ്ക്കുന്ന കടമെടുപ്പ് വിവരങ്ങൾ കേന്ദ്രത്തെ അറിയിക്കണം. അതിനാൽ, സർക്കാരിന്റെ മറുപടി സ്വീകാര്യമല്ല. വായ്പയുടെ പുതുക്കലും തിരിച്ചടയ്ക്കലുമെല്ലാം സംസ്ഥാനസർക്കാർ വെളിപ്പെടുത്തേണ്ടതുണ്ട്.
Content Highlights: CAG report identifies 12,669.92 crore in undisclosed debts., State government accused of manipulating figures for central borrowing approval., KIIFB and pension company off-budget borrowings were hidden from the center., Irregularities found in KSEB fund transfers and subsequent withdrawal., Government claims statutory independence for KIIFB, rejected by CAG.
Published: 24 Jun 2026, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented