തിരുവനന്തപുരം: പത്തുവർഷം വികസനപ്രവർത്തനങ്ങളുടെ നട്ടെല്ലായി പ്രവർത്തിച്ച കിഫ്ബിയെ പെട്ടെന്നില്ലാതാക്കാനാവില്ലെങ്കിലും സർക്കാർനിയോഗിച്ച വിദഗ്ധസമിതി വിഭവസമാഹരണ മാതൃക പുനഃപരിശോധിക്കും. ബജറ്റിനു പുറത്തുള്ള വായ്പയ്ക്ക് കേന്ദ്രസർക്കാർ കടിഞ്ഞാണിട്ട പശ്ചാത്തലത്തിൽ, കിഫ്ബിക്കു പ്രസക്തിയുണ്ടോയെന്നും മറ്റെന്തെങ്കിലും ബദൽ ധനകാര്യ സംവിധാനത്തിനു സാധ്യതയുണ്ടോയെന്നും പരിശോധിച്ച് ശുപാർശ സമർപ്പിക്കാനാണ് സമിതിയെ നിയമിച്ചത്. മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥ സുധാപിള്ള അധ്യക്ഷയായ സമിതി മൂന്നുമാസത്തിനകം സർക്കാരിനു റിപ്പോർട്ട് നൽകും.

To advertise here,

കിഫ്ബിക്ക്‌ ഏകദേശം 21,000 കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ടെന്നാണ് ധവളപത്രത്തിലെ വെളിപ്പെടുത്തൽ. 35,000 കോടി രൂപ ചെലവുള്ള പദ്ധതികൾക്ക് ഇനിയും ഫണ്ട് കണ്ടെത്തേണ്ടതിനാൽ ഉടച്ചുവാർക്കൽ എളുപ്പമല്ല.

മുഖ്യമായും 11 പരിഗണനാ വിഷയങ്ങളാണ് സമിതിക്കു നൽകിയിട്ടുള്ളത്. കിഫ്ബിയുടെ ലക്ഷ്യവും പങ്കും നിർവഹിക്കപ്പെട്ടോയെന്നാണ് ആദ്യപരിശോധന. സർക്കാർ അംഗീകരിച്ച ചട്ടക്കൂടിൽനിന്നു വ്യതിചലിച്ച് പദ്ധതിനിർവഹണം നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും.

വിവിധ വായ്പാമാർഗങ്ങളിലൂടെ കിഫ്ബി നടത്തിയ വിഭവസമാഹരണവും അതു ധനസുസ്ഥിരതയുള്ള പദ്ധതികൾക്ക് പണം ലഭ്യമാക്കാനാണോയെന്നും വിലയിരുത്തും. മസാല ബോണ്ടും മറ്റ് വിപണി അധിഷ്ഠിത വായ്പാമാർഗങ്ങളും പരിശോധിച്ച് സർക്കാരിന് നഷ്ടമുണ്ടാക്കിയിട്ടുണ്ടോയെന്നു കണ്ടെത്തണം.

സംസ്ഥാനവരുമാനം കിഫ്ബിയിലേക്കു വഴിതിരിച്ചത് ഭരണഘടനാപരവും ധനകാര്യ-നിയമ ചട്ടങ്ങൾക്കനുസരിച്ചാണോയെന്നും പരിശോധിക്കും. വികസന പ്രവർത്തനങ്ങൾക്കു തന്നെയാണ് ഫണ്ടുകൾ ഉപയോഗിച്ചതെന്ന് ഉറപ്പാക്കലാണ് മറ്റൊരു ദൗത്യം. ജില്ലകൾക്കും വികസന മേഖലകൾക്കും തുല്യപങ്കാളിത്തം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും.