കൊടുവള്ളി: എക്‌സാലോജിക്ക് കേസുമായി ബന്ധപ്പെട്ട് ഹവാല ഇടപാടിലൂടെ ഗൾഫിലേക്ക് വൻതോതിൽ പണംകടത്താൻ ഇടനിലക്കാരനായി നിന്നെന്ന് ഇ.ഡി. ആരോപിക്കുന്ന കൊടുവള്ളി സ്വദേശി സുബൈർ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു തല്ലുകേസുകളിലെ പ്രതി. എന്നാൽ, സുബൈറിന്റെ പേരിൽ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് കേസുകളില്ലെന്നാണ് പോലീസ് പറയുന്നത്.

To advertise here,

സുബൈറും ഫൈജാസുമായി വാരിസ് നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ ഇ.ഡി. കണ്ടെത്തിയിരുന്നു. 'ഡി.എക്‌സ്.ബി. സുബൈർ കൊടുവള്ളി ഹവാ' എന്ന പേരിലായിരുന്നു ഫോണിൽ പേര് സേവ് ചെയ്തിരുന്നത്.

കൊടുവള്ളി കരുവൻപൊയിലിനടുത്താണ് സുബൈറിന്റെ വീട്. 2025 ഏപ്രിൽ 19-ന് മിഥിലാജ്, ഉവൈസ് തുടങ്ങിയവർക്കൊപ്പം കരുവൻപൊയിൽ മാതോലത്ത് കടവിലെ ഈസി ക്ലീൻ എന്ന സ്ഥാപനത്തിലെത്തി ജീവനക്കാരെ കൈയേറ്റം ചെയ്യുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്‌തെന്നാണ് ഒരു കേസ്.

ജൂലായ് 25-ന് കൊടുവള്ളി ചുണ്ടപ്പുറം സ്വദേശിയെ ഇരുമ്പുവടികൊണ്ട് മർദിച്ചെന്ന കേസുമുണ്ട്. രണ്ടുകേസിലും ഒന്നാംപ്രതി.

കരുവൻപൊയിൽ ചുള്ളിയാടുമുക്കിൽ ഇദ്ദേഹത്തിന്റെ വലിയൊരു വീട് വർഷങ്ങളായി നിർമാണത്തിലാണ്. നാട്ടിൽ കാര്യമായ ജോലിയിലോ, ബിസിനസിലോ ഏർപ്പെടാത്ത സുബൈർ പൊതുപ്രവർത്തകനായാണ് സ്വയം വിശേഷിപ്പിക്കുന്നത്.

വാരിസുമായി സൗഹൃദം, ഫൈജാസിനെ പരിചയമില്ല

ഹസ്സൻ വാരിസുമായി സൗഹൃദമുണ്ടെന്നും എന്നാൽ, താൻ ഹവാല ഇടപാടൊന്നും നടത്തിയിട്ടില്ലെന്നും സുബൈർ 'മാതൃഭൂമി'യോട് പ്രതികരിച്ചു.

''മൂന്നുകൊല്ലം മുൻപ് തറവാട് വീട് പണിയുമായി ബന്ധപ്പെട്ട് ടൈൽസും മാർബിളുമെടുക്കാൻ പന്തീരാങ്കാവിലെ ടൈൽസ് ഷോപ്പിൽ പോയപ്പോഴാണ് ഹസ്സൻ വാരിസിനെ പരിചയപ്പെട്ടത്. പിണറായി വിജയന്റെ മകൾ വീണയെ നേരിൽ കണ്ടിട്ടില്ല. ദുബായിലുള്ള വി.പി. ഫൈജാസ് എന്നയാളെയും പരിചയമില്ല. നേരത്തേ നാദാപുരം സ്വദേശിയുമായി ചേർന്ന് ദുബായിയിൽ ഒരു ഹോട്ടൽ നടത്തിയിരുന്നു. അത് കോവിഡ് കാലത്ത് പൂട്ടിപ്പോയി'' -സുബൈർ പറഞ്ഞു.