
തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ധവളപത്രത്തിന് മറുപടിയുമായി ബദൽ ധവളപത്രം ഇറക്കാൻ സി.പി.എം. തയ്യാറെടുക്കുന്നു. മുൻധനമന്ത്രിമാരായ കെ.എൻ. ബാലഗോപാലും തോമസ് ഐസക്കും നേതൃത്വംനൽകും. ഈയാഴ്ച പ്രസിദ്ധീകരിച്ചേക്കും.
കഴിഞ്ഞ പത്തുവർഷം എൽ.ഡി.എഫ്. സർക്കാർ സാമ്പത്തികപരിപാലനത്തിനും ജനക്ഷേമ നടപടികൾക്കും സ്വീകരിച്ച നയവും അതിനനുസരിച്ച് നടത്തിയ പ്രവർത്തനങ്ങളും വിശദീകരിക്കുന്ന രേഖയാണ് ഇതിനായി ഒരുങ്ങുന്നത്. ഇത് എൽ.ഡി.എഫിൽ ചർച്ചചെയ്ത് മുന്നണിയുടെ ബദൽ ധവളപത്രമായി പുറത്തിറക്കാനാണ് തീരുമാനം.
പത്തുവർഷംകൊണ്ട് സംസ്ഥാന വരുമാനത്തിലുണ്ടായ വർധന സർക്കാരിന്റെ ധവളപത്രം മറച്ചുവെച്ചതായാണ് പാർട്ടിയുടെ പ്രധാന ആരോപണം. ജനക്ഷേമപ്രവർത്തനങ്ങൾക്ക് പണം ചെലവിട്ടതിനെ സാമ്പത്തിക മാനേജ്‌മെന്റ് പിടിപ്പുകേടായും ചിത്രീകരിക്കുന്നു. ഇതുസംബന്ധിച്ച വസ്തുതകളും വിശദീകരണവും രേഖയിലുണ്ടാകും.
ആഭ്യന്തര ഉത്‌പാദനം വളരുന്നതോതിൽ കടം വളരുന്നില്ല. ഏതു സർക്കാരിന്റെ അവസാനകാലത്തും പൊതുകടം ഇരട്ടിയാകാറുണ്ട്. കോവിഡ് കാലത്ത് കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കൂടുതൽ കടം അനുവദിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷം കടം ഇരട്ടിയായില്ല. 62 ശതമാനം മാത്രമാണ് കടത്തിന്റെ വളർച്ച. ആഭ്യന്തര ഉത്‌പാദനത്തിന്റെ 33 ശതമാനത്തിൽ താഴെയാണ് കടം. കിഫ്ബി കടം കണക്കാക്കാതെയാണിത്.
ക്ഷേമപെൻഷൻ വിതരണം, പൊതുമേഖലാ സംരക്ഷണം എന്നിവയിലൊക്കെ മുൻ യു.ഡി.എഫ്. സർക്കാരുമായുള്ള താരതമ്യവും ഇതിലുണ്ടാവും. സർക്കാരിന്റെ ധവളപത്രത്തിൽ ഒട്ടേറെ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്നാണ് തോമസ് ഐസക്കും ബാലഗോപാലും ചൂണ്ടിക്കാട്ടുന്നത്. 2011-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും എൽ.ഡി.എഫ്. ബദൽ ധവളപത്രം അവതരിപ്പിച്ചിരുന്നു.
Content Highlights: LDF is drafting an alternative white paper to challenge UDF's financial claims. KN Balagopal and Thomas Isaac are leading the documentation effort. The report highlights that Kerala's debt growth is lower than claimed, at 62% over five years. Focuses on refuting allegations regarding welfare pensions and public sector management. Aims to present data on state revenue growth and fiscal management since 2011.
Published: 09 Jun 2026, 07:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented