നിലമ്പൂർ: കോളേജ് അധ്യാപകൻ ഉൾപ്പെടെയുള്ളവർ പ്രതികളായ എംഡിഎംഎ കേസിൽ അധ്യാപകൻ ഉൾപ്പെടെ നാലുപ്രതികൾക്കും നിലമ്പൂർ ഒന്നാം ക്ലാസ് ജ്യൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മമ്പാട് എം.ഇ.എസ്. കോളേജിലെ താത്കാലിക അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ, ബ്യൂട്ടിപാർലർ നടത്തുന്ന ടി.എൻ. റീന, മുൻ പോലീസ് ഉദ്യോഗസ്ഥന്റെ മകൻ വിവേക് വിജയൻ, സുബ്രഹ്‌മണ്യൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

To advertise here,

വ്യാഴാഴ്ചയാണ് നിലമ്പൂർ എസ്.ഐ. കെ.എം. അർഷിദ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുബ്രഹ്‌മണ്യനിൽനിന്ന് കഴിഞ്ഞ എട്ടിന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു. ബ്യൂട്ടി പാർലറിൽവെച്ച് എം.ഡി.എം.എ. ഉപയോഗിക്കുന്നതിനിടയിലാണ് റീനയും വിവേക് വിജയനും സുബ്രഹ്‌മണ്യനും പിടിയിലായത്.

ഇവരിൽനിന്നാണ് കോളേജ് അധ്യാപകനായ സുഹൈലാണ് റീന, സുബ്രഹ്‌മണ്യൻ എന്നിവർക്ക് എംഡിഎംഎ എത്തിച്ചുനൽകുന്നതെന്ന വിവരംലഭിച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തിൽ വിശദമായ അന്വേഷണത്തിൽ സുഹൃത്തുക്കൾക്കും വ്യാപകമായി വില്പന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചു.

മോങ്ങം അരിമ്പ്ര സ്വദേശിയായ ഇയാൾ മൂന്നുവർഷമായി മമ്പാട് എം.ഇ.എസ്. കോളേജിൽ അധ്യാപകനായി ജോലിചെയ്തുവരികയാണ്. സ്ഥിരം എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്ന് ഇയാൾ പോലീസിൽ മൊഴിനൽകിയിരുന്നു. പ്രതികൾക്ക് ജാമ്യംലഭിച്ചെങ്കിലും പോലീസ് തുടരന്വേഷണം ഊർജിതമാക്കി.

പരിശോധനയ്ക്കിടെ വീണ്ടും മയക്കുമരുന്ന് പിടികൂടി

എടവണ്ണ: കോളേജ് അധ്യാപകൻ ഉൾപ്പെടെയുള്ളവർ പ്രതികളായ എംഡിഎംഎ കേസിൽ പരിശോധനയ്ക്കിടെ വീണ്ടും മയക്കുമരുന്ന് പിടികൂടി. പ്രതികളിലൊരാളായ ഐന്തൂർ ഒറ്റപ്പോക്ക് സ്വദേശിനി ടി.എൻ. റീനയുടെ വീട്ടിലെ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ സമീപസ്ഥലത്തുകണ്ട കാറിൽനിന്ന് 20.30 ഗ്രാം കഞ്ചാവും 2.06 ലക്ഷം രൂപയും എടവണ്ണ പോലീസ് കണ്ടെടുത്തത്.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. റീനയുടെ വീട്ടിൽ പോലീസ് പരിശോധനയ്‌ക്കെത്തുന്ന വിവരമറിഞ്ഞ് രക്ഷപ്പെട്ടയാളുടെ കാർ സമീപത്തെ വീടിന്റെ മതിലിലിടിച്ച് അപകടം സംഭവിച്ചതായാണ് പോലീസിന് ലഭിച്ചവിവരം. ഈ സമയം പോലീസെത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നയാൾ രക്ഷപ്പെട്ടിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും മയക്കുമരുന്നും കണ്ടെത്തിയത്. വയനാട് സ്വദേശിയുടെ കാറാണിതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. റീനയുൾപ്പെടെ നിലവിലെ പ്രതികളുമായി ഇയാൾക്കുള്ള ബന്ധവും മറ്റു കാര്യങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. 500 രൂപയുടെ കെട്ടുകളാക്കിയാണ് കാറിൽ പണം സൂക്ഷിച്ചിരുന്നത്.

പാസ്സ് ബുക്ക്, ചെറിയ കവറുകൾ, ഇലക്ട്രോണിക് ത്രാസ് തുടങ്ങിയവയും പോലീസ് കണ്ടെടുത്തു. സ്റ്റേഷൻ ഇൻസ്‌പെക്ടർ വാസുദേവൻ ഓട്ടുപാറ, എ.എസ്.ഐ. ജാഫർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ്, രാജേഷ്, നിജേഷ്, സക്കീർ, ദിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.