തിരുവനന്തപുരം: താഴുവീണ ചെറുകിട കുടുംബശ്രീ സംരംഭങ്ങൾക്ക് സഹായവുമായി കുടുംബശ്രീ. കടബാധ്യതയും അസംസ്‌കൃത സാമഗ്രികളുടെ ലഭ്യതക്കുറവും വിപണി കണ്ടെത്താൻ കഴിയാതെയും നിന്നുപോയ സംരംഭങ്ങൾക്കാണ് പുനർജീവനേകുക. കുടുംബശ്രീയുടെ പുനർജ്വാല പദ്ധതിയിലൂടെയാണ് സൂക്ഷ്മസംരംഭങ്ങൾ സജീവമാക്കാനൊരുങ്ങുന്നത്.

To advertise here,

ജില്ലയിൽ രണ്ടായിരത്തിലേറെ സംരംഭങ്ങളാണ് വിവിധ പ്രതിസന്ധികൾ കാരണം നിലച്ചുപോയത്. സാമ്പത്തികബാധ്യതയും വിപണി കണ്ടെത്താനുള്ള ബുദ്ധിമുട്ടും കാരണമാണ് രണ്ടായിരത്തോളം സംരംഭങ്ങൾ നിലച്ചത്. ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം പ്രവർത്തിക്കുന്നവയുടെ സുസ്ഥിരത ഉറപ്പാക്കും. നിലവിൽ 12000 സംരംഭങ്ങളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പദ്ധതിയുടെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷനിലെ സൂക്ഷ്മസംരംഭ കൺസൾട്ടന്റുമാർ തദ്ദേശസ്ഥാപനങ്ങളിലെ സംരംഭകരെ നേരിൽക്കണ്ടാണ് വിവരശേഖരണം നടത്തുക. ഓരോ സംരംഭത്തിന്റെയും നിലവിലെ പ്രവർത്തനാവസ്ഥ, വരുമാനം, വിപണനരീതികൾ, സാമ്പത്തിക സുസ്ഥിരത, തൊഴിൽസൃഷ്ടി, വളർച്ചാസാധ്യത, സംരംഭകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ തുടങ്ങിയവയാണ് ചോദിച്ചറിയുക. വിപണിസാധ്യതാ പഠനവും നടത്തും.

പ്രാദേശികമായി ചെയ്യാൻ കഴിയുന്ന സംരംഭങ്ങൾ കണ്ടെത്തി വനിതകൾക്ക് പരിശീലനവും സാമ്പത്തികസഹായവും ഉൾപ്പെടെ നൽകുന്നതാണ് പദ്ധതി.

അമൃതം ന്യൂട്രിമിക്‌സ്, കഫേ കുടുംബശ്രീ, സാനിറ്ററി നാപ്കിൻ യൂണിറ്റുകൾ, അപ്പാരൽ പാർക്കുകൾ, ഇ-സേവാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കുന്നതിനും പ്രത്യേക പദ്ധതിയുണ്ട്. സംരംഭങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചാണ് സഹായങ്ങൾ ലഭ്യമാക്കുക. സാമ്പത്തികസഹായം, സാങ്കേതിക പിന്തുണ, ബ്രാൻഡിങ്, പാക്കേജിങ്, വിപണനസഹായം, പ്രൊഫഷണൽ സേവനങ്ങൾ എന്നീ സേവനങ്ങളാണ് നൽകുക.

കുടുംബശ്രീയുടെയും വിവിധ വകുപ്പുകളുടെയും സഹായധന പദ്ധതികൾ, സബ്‌സിഡികൾ, ബാങ്ക് വായ്പകൾ എന്നിവ ഏകോപിപ്പിച്ച് സംരംഭവികസനം സാധ്യമാക്കാനും പുനർജ്വാല ലക്ഷ്യമിടുന്നു.