നാട്ടുകാർക്ക് നരകയാത്ര

To advertise here,

കാസർകോട് : കോട്ടേക്കണിയിൽ വികസനം 'വഴി നടക്കണമെങ്കിൽ' അനിശ്ചിതകാലം കാക്കണം. കാസർകോട് പുതിയ ബസ് സ്റ്റാൻഡിനെയും മധൂർ റോഡിനെയും ബന്ധിപ്പിക്കുന്ന കോട്ടക്കണി റോഡിന്റെ തലവരയാണ് പ്രദേശത്തിന്റെ അടിസ്ഥാന വികസന സ്വപ്‌നത്തിന്റെ വിലങ്ങുതടി. 700 മീറ്റർ മാത്രം നീളമുള്ള റോഡിന്റെ പകുതിയിലേറെ ദൂരം പൊട്ടിപ്പൊളിഞ്ഞും സ്ലാബുകൾ ഇളകിയും അപകടാവസ്ഥയിലാണ്.

ആശുപത്രിയും സ്‌കൂളും ബാങ്കുമടക്കം നിരവധി സ്ഥാപനങ്ങളും വീടുകളുമുള്ള പ്രദേശത്തെ പ്രധാന റോഡാണ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. റോഡിന്റെ തുടക്കംമുതൽ നടപ്പാതയിലെ സ്ലാബുകൾ പലയിടത്തും ഇളകിപ്പോയി. ഇതിനുപുറമെ കുടിവെള്ളവിതരണ പൈപ്പ് സ്ഥാപിക്കാൻ അഞ്ചുദിവസം മുൻപ് റോഡിൽ വീണ്ടും കുഴിയെടുത്തതാണ് ഇതുവഴിയുള്ള ഗതാഗതം കൂടുതൽ ബുദ്ധിമുട്ടിലാക്കിയത്.

പൈപ്പിടാനെടുത്ത കുഴികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡുണ്ടെങ്കിലും അപകടമില്ലാത്ത വിധം വശങ്ങൾ മറച്ചിട്ടില്ല. ഗതാഗതക്കുരുക്കൊഴിവാക്കാൻ രാത്രികാലത്താണ് നിലവിൽ പൈപ്പിടൽ ജോലികൾ ചെയ്യുന്നത്. എന്നാൽ അടുപ്പിച്ച് രാത്രി മഴ പെയ്തതോടെ ജോലി പകുതിയിൽ തങ്ങി. ഇതോടെ റോഡിൽ വീതികുറവുള്ള മിക്കയിടത്തും ഒരേസമയം ഒന്നിലേറെ വാഹനങ്ങൾ വന്നാൽ കടന്നുപോകാനും ഇടമില്ല.

ഭാരം കയറ്റിയ വാഹനങ്ങൾ കയറി സ്ലാബുകൾ തകർന്നുണ്ടായ മിക്ക കുഴികൾക്കും അഞ്ചടിയിലേറെ താഴ്ചയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇവയിലൊന്ന് ജയ് മാതാ നഴ്‌സറി സ്‌കൂളിന് മുന്നിലാണ്. മുൻപ് കുഴികളറിയാൻ നാട്ടുകാർ അടയാളംവെച്ചിരുന്ന മരക്കൊമ്പുകളും ഇപ്പോഴില്ല. ഒരു മഴ പെയ്താൽപോലും സഞ്ചാരം ബുദ്ധിമുട്ടിലാകുന്ന സ്ഥിതിയാണിവിടെ.

കാൽനടയാത്രക്കാർക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുള്ള കോട്ടേക്കണി റോഡ് കന്നുകാലികൾ സ്വൈരവിഹാരംനടത്തുന്ന ഇടംകൂടിയാണ്. ഗതാഗതക്കുരുക്കുണ്ടാക്കാൻ ഇവയും മുന്നിലാണ്.